ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയെ സ്ഫോടന വസ്തുക്കളുമായി പിടികൂടിയ സംഭവം ഞെട്ടിക്കുന്നത്




അനുമതിയില്ലാത്ത മലയാറ്റൂര്‍ ഇല്ലിത്തോടിലെ പാറമടയില്‍ അസമയത്ത് സ്ഫോടനം നടന്നിട്ട് ആഴ്ച്ചകൾ കഴിഞ്ഞിട്ടുണ്ട്. മലബാറിൽ സമാന സ്വഭാവത്തിലുള്ള മറ്റൊരു സംഭവം കോഴിക്കോട്, കുറ്റ്യാടിയിൽ ഉണ്ടായി. പേരാമ്പ്രയിലും ആയഞ്ചേരി പഞ്ചായത്തിലുമായി പ്രവർത്തിക്കുന്ന പാറ ഖനനം നടത്തി വന്ന എം കെ ബാബുവിനെ 5 ചാക്ക് സ്ഫോടന വസ്തുക്കളുമായി അറസ്റ്റു ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണ്.


ചെറുകിട ക്വാറി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ വ്യക്തി സ്വയം ഓടിച്ചു വന്ന KL O7/ BV 4545 നമ്പർ  ഇന്നോവ വാഹനത്തിൽ കടത്തിയ സ്ഫോടന വസ്തുക്കൾക്ക് മനുഷ്യ ജീവനും വസ്തുവകകൾക്കും വൻ നാശ നഷ്ട്ടമുണ്ടാക്കാൻ കഴിയും എന്ന് കേരള പോലീസ് FlRൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റ്യാടി സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 


എം കെ ബാബു നടത്തി വന്ന ബാവുപ്പാറയിൽ പ്രവർത്തിച്ച അനധികൃത ക്വാറി ഹൈക്കോടതി ഇടപെട്ട് പൂട്ടിച്ചിരുന്നു. ഈ ക്വാറിയിലേക്ക് ഇത്തരത്തിൽ അനധികൃതമായി സ്ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതും സ്വകാര്യ വാഹനങ്ങളിൽ കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച് നിരവധി പരാതികൾ ബാവുപ്പാറ കിഴക്കേ മല സംരക്ഷണ കർമ്മ സമിതി അധികാരികൾക്ക് സമർപ്പിച്ചിരുന്നു. പരാതികളെ ശരി വെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.

 


മലയാറ്റൂരിൽ പാറമടകൾ പ്രവർത്തിച്ചത് വന ഭൂമിയിലാണ്. ഇല്ലിത്തോട് കൂട്ടു കൃഷി ഫാമിന് വനം വകുപ്പ് നൽകിയ ഭൂമിയിൽ ബാക്കി വന്ന ഭൂമി വനം വകുപ്പിന് തിരിച്ചു നൽകുകയായിരുന്നു. ആ ഭൂമി കയ്യേറിയാണ് രാഷ്ട്രീയ സ്വാധീനമുള്ള ചിലർ അനധി കൃതമായി പാറ പൊട്ടിച്ചു വന്നത്. ഈ സംഭവത്തിൻ്റെ തനിയാവർത്തനങ്ങൾ തന്നെയാണ് തിരുവനന്തപുരം മുതൽ കാസർഗോഡു വരെ നടക്കുന്നത്. 2014ലെ നിയമസഭാ സമിതി ചൂണ്ടികാട്ടിയ ഖനന രംഗത്തെ മാഫിയാ പ്രവർത്തനം സ്ഫോടന വസ്തുക്കളുടെ അനധികൃത കൈകാര്യം ചെയ്യലിന് അവസരമൊരുക്കുമെന്ന് സൂചിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷവും അനധികൃത ഖനനങ്ങൾ കൊണ്ട് കേരളം പൊറുതി മുട്ടി വരുന്നു.


12000 ഖനന ശ്രമങ്ങളിൽ നിയമാനുസൃതമായി നടക്കുന്നത് 724 ഇടങ്ങളിൽ മാത്രമാണ്. ചുരുക്കത്തിൽ 11250 ലധികം പാറമടകളിൽ നിയമങ്ങളെ വെല്ലുവിളിച്ചു നടത്തുന്ന സ്ഫോടനങ്ങളും അതിനായി കൈകാര്യം ചെയ്യുന്ന അപകടകരമായ കരി മരുന്നുകളും സംസ്ഥാനത്തിന് വൻ ഭീഷണിയാണ്. അതിലെ കണ്ണികളിൽ ഒരാളായി പോലീസ് അറസ്റ്റു ചെയ്ത എം കെ ബാബുവിനെ പരിഗണിക്കേണ്ടി വരും. നിയമങ്ങളെ കാറ്റിൽ പറത്തി ഖനന പ്രവർത്തനം നടത്തുവാൻ സംസ്ഥാനത്ത് സംഘടിതമായി പ്രവർത്തിക്കുന്ന സംവിധാനത്തിൻ്റെ നേതാവിനെയാണ് കുറ്റ്യാടി പോലീസ് അറസ്റ്റു ചെയ്തത് എന്നത് ഗൗരവതരമാണ്. 


സംസ്ഥാനത്ത് അനധികൃതമായും അധികൃതമായും പ്രവർത്തിക്കുന്ന ക്വാറികളിലെ സ്ഫോടനത്തെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment