പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്ന് കുന്നിടിച്ച് തണ്ണീർത്തടം നികത്തുന്നു




വിതുരയിൽ പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്ന് കുന്നിടിച്ച് തണ്ണീർത്തടം നികത്തുന്നു. വിതുര പച്ചവീട് പ്രദേശത്താണ് രണ്ടു ദിവസമായി കുന്നിടിക്കലും വയൽ നികത്തലും നടക്കുന്നത്. വനത്തോട് ചേർന്ന പ്രദേശവും വന്യജീവികളുടെ സാന്നിധ്യമുള്ള പ്രദേശവുമാണിത്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സ് കൂടിയാണ് നികത്തിക്കൊണ്ടിരിക്കുന്ന തണ്ണീർത്തടം. വർഷങ്ങൾക്ക് മുൻപ് ഇഷ്ടികച്ചൂള നടന്നിരുന്ന പ്രദേശം പിന്നീട് കൃഷി നടക്കാതെ കിടക്കുകയായിരുന്നെങ്കിലും വലിയ തോതിൽ ജലം സംഭരിച്ച് വെക്കുന്ന ഒരു തണ്ണീർത്തടമാണിത്. 

 

ഇതിന് സമീപത്ത് കൂടി ഒരു തോടും ഒഴുകുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ള ലഭ്യതയെ നിലംനികത്തൽ ബാധിക്കുമെന്ന് ആശങ്ക ഉയരുന്നുണ്ട്.  പ്രളയസമയത്ത് മലയോര മേഖലയിൽ ഉടനീളം ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. വലിയ മഴ പെയ്യാത്തത് കൊണ്ട് മാത്രമാണ് തിരുവനന്തപുരത്ത് ദുരന്തങ്ങൾ കുറഞ്ഞിരുന്നത്. പ്രളയത്തിന് ശേഷവും യാതൊരു നിയന്ത്രണവുമില്ലാതെ കുന്നിടിക്കലും പാറ പൊട്ടിക്കലും തുടരുകയാണ്. പ്രളയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ട് പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ മണ്ണിടിക്കുന്നതിനും കുന്നുകൾ പൊട്ടിച്ച് മാറ്റുന്നതിനും വയൽ നികത്തുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണെമെന്ന് ആവശ്യം ഉയരുന്നെങ്കിലും അധികൃതർ ഇത് കേട്ടതായി പോലും ഭാവിക്കാതെ മാഫിയകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയാണെന്ന ആരോപണം വ്യാപകമാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment