ജൈവവൈവിധ്യത്തെ തകർക്കാൻ ക്വാറി മാഫിയ ; ഏനാദിമംഗലത്തെ പാറമടകൾക്കെതിരെ പ്രതിഷേധം ശക്തം




പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ പ്രകൃതി രമണീയമായ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചായലോടും സമീപ പ്രദേശങ്ങളിലും ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ ജനകീയ സമിതി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ മിനി മൂന്നാർ എന്നറിയപ്പെടുന്ന മൂടൽമഞ്ഞു കൊണ്ടും ജൈവസമ്പത്തുകൊണ്ടും അപൂർവ്വയിനം പക്ഷിമൃഗാദികളാലും 500ൽപ്പരം അപൂർവ്വ ഇനം ആയുർവ്വേദ പച്ചമരുന്നുകൾ കൊണ്ടും സമ്പുഷ്ടമായ ചായലോട് ഗിരിനിരകളിലാണ് ക്വാറി തുടങ്ങാൻ നീക്കം നടക്കുന്നത്. ദേശീയപക്ഷിയായ മയിലുകളുടെ വിഹാര കേന്ദ്രമാണ് ചായലോട്. കിൻഫ്രാ വ്യവസായ പാർക്കിലും സമീപ പ്രദേശങ്ങളിലും ക്വാറി തുടങ്ങുന്നതിനുള്ള ക്വാറി മാഫിയ നീക്കത്തിനെതിരെയാണ് നാട്ടുകാർ ജനകീയ സമിതി രൂപീകകരിച്ച് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ ജിയോളജിസ്റ്റ് ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഏനാദിമംഗലത്ത് 4 ൽപ്പരം ക്വാറികൾക്ക് മൈനിംഗ് പ്ലാൻ അപ്രൂവൽ ചെയ്തു നൽകിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും ആരോപിച്ചു.


ദേശിയ പക്ഷിയായ മയിലുകളുടെ ആവാസവ്യവസ്ഥ സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ആയാൽപ്പോലും സംരക്ഷിക്കണമെന്ന വനം വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ജില്ലാ പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി ചെയർമാനും അംഗങ്ങളും നടത്തിയിരിക്കുന്നതെന്ന് ജനകീയ സമിതി കൺവീനർ പി.കെ.തോമസ് ഗ്രീൻ റിപ്പോർട്ടറോടു പറഞ്ഞു. സംരക്ഷിക്കപെടേണ്ട ജീവികളായ കരിങ്കുരങ്ങ്, വേഴാമ്പൽ, മലയണ്ണാൻ തുടങ്ങിയ ജീവികളാലും ഏനാദിമംഗലത്തിന്റെ കുടിവെള്ള സംഭരണിയായി പ്രവർത്തിക്കുന്ന ചായലോട്ടിൽ യാതൊരുവിധ പരിസ്ഥിതി പഠനവും നടത്താതെ റീ സർവ്വേയിൽ തർക്കങ്ങൾ നിലനിൽക്കുമ്പോൾ കൃത്രിമ രേഖകൾ ചമച്ച് ലക്ഷങ്ങൾ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥർ ക്വാറികൾക്ക് പ്രദേശത്ത് നിരാക്ഷേപപത്രങ്ങൾ നൽകിയിരിക്കുന്നത്. 


മൗണ്ട് സിയോൺ മെഡിക്കൽ കോളേജിനും ഇന്ത്യൻ പെന്തകോസ്തൽ പള്ളിയ്ക്കും സെന്റ് ജോർജ്ജ് ആശ്രമം ഹൈസ്കൂളിനും യു പി സ്കൂളിനും സമീപത്തായി സർവ്വേ നമ്പർ 140/3-1,340/1-84-1 എന്നീ ഭൂമികളിൽക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ മലങ്കര ഓർത്തഡോക്സ് സഭയുടെ കടമ്പനാട്-അടൂർ മെത്രാസന ഇടവകയുടെ മെത്രാപ്പോലീത്ത ഡോ: സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയും ഇന്ത്യൻ പെന്തകോസ്തൽ ദൈവസഭ ഭാരവാഹികളും സ്കൂൾ അധികൃതരും പി.ടി.എ യും നാട്ടുകാരും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ടന്നും പരാതികൾ അവഗണിച്ച്ക്വാറികൾക്ക് അനുമതി നൽകിയാൽ കളക്ട്രേറ്റ് മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ  സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന്   ജനകീയ സമിതി കൺവീനർ പി.കെ.തോമസും സെക്രട്ടറി കെ ജി രാജനും അറിയിച്ചു

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment