ടൗട്ടേ ചുഴലിക്കാറ്റ് നാളെയെത്തും; തീവ്ര ന്യൂനമർദ്ദമായി മാറി




2021ലെ അറബിക്കടലിൽ രൂപം കൊണ്ട ആദ്യ ന്യൂന മർദ്ധം കേരള തീരത്ത് കാറ്റും മഴയും സജ്ജീവമാക്കിയിരിക്കുന്നു. Tauktae  (മ്യാൻമാർ നൽകിയ പേര്. അർത്ഥം പല്ലി)മെയ് 13ന് തെക്കു കിഴക്കൻ അറേബ്യൻ കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നു കൊണ്ട് ശക്തമായി മാറിയ ശേഷം നാളെ കൊണ്ട് ചുഴലികാറ്റായി തെക്കു കിഴക്കൻ, കിഴക്കൻ മധ്യ അറബിക്കടലിലൂടെ 18 ആം തീയതി ഗുജറാത്ത്, പാകിസ്ഥാൻ തീരത്തു കൂടി കടന്നു പോകും. കാറ്റിൻ്റെ വേഗത 15 മുതൽ 25 Knots ( 27.8 to 46.3 km/hr) വരെയാകാം. മർദ്ദം1004 HPA (Hecto Pascal) ഉണ്ടാകും.


റെഡ്, ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ,നദീ തീരങ്ങൾ, ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ന്യൂന മർദ രൂപീകരണഘട്ടത്തിൽ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത യുള്ളതിനാൽ തീരദേശ വാസികൾ പ്രത്യേക ജാഗ്രത പാലിക്കണം എന്ന് സർക്കാർ അറിയിപ്പ്. 


മെയ് 14, 15 തീയതികളിൽ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 14-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മെയ് 15-കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.


അറബിക്കടലിൽ 2019 ൽ വായു, ഹിക്ക, ക്യാര്‍, മഹാ എന്നീ ചുഴലിക്കാറ്റുകൾ ഉണ്ടായി. അറബിക്കടലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ചുഴലികാറ്റുകൾ ആവർത്തിക്കുമോ ?


ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് ആവശ്യമായ ഘടകങ്ങളിൽ പ്രധാനം ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ സമുദ്ര ജലമാണ്. അതുകൊണ്ടാണ് ഉഷ്ണ മേഖലാ പ്രദേശ ങ്ങളിലെ സമുദ്രോ പരിതലത്തില്‍ നിന്ന് കുറഞ്ഞത് 50 മീറ്ററെങ്കിലും താഴെയും 27 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനില്‍ക്കുന്നിടത്തും മാത്രം ഉഷ്ണമേഖലാ ചുഴലി രൂപപ്പെടുന്നത്. 


രണ്ടാമത്തെ ഘടകം കാറ്റാണ്. കാറ്റ് സമുദ്രത്തിന്റെ ഉപരിതലത്തിലൂടെ കടന്നു പോകുമ്പോള്‍ (ചൂട് കാറ്റ്) വെള്ളം ബാഷ്പീകരിക്കപ്പെടുകയും (നീരാവി ആയി മാറുകയും) ഉയര്‍ന്നു പൊങ്ങുകയും ചെയ്യുന്നു. ഉയരുമ്പോള്‍ നീരാവി തണുക്കുകയും വലിയ ജല തുള്ളികളായി മാറി ‘ക്യൂമിലോ നിംബസ്’ (കൂമ്പാര മേഘം) എന്നു വിളിക്കുന്ന മഴ മേഘങ്ങള്‍ രൂപപ്പെടും. സമുദ്രത്തില്‍ നിന്നുള്ള നീരാവി ഘനീഭവിച്ച് മേഘങ്ങളാകുമ്പോള്‍ അതിന്റെ താപം വായുവിലേക്ക് വിടുന്നു. ഈ ചൂടായ വായു ഉയര്‍ന്നു നിലവില്‍ രൂപപ്പെട്ട മേഘങ്ങളിലേക്ക് തന്നെ വലിച്ചെടുക്കപ്പെടുന്നു. ബാഷ്പീകരണവും ഘനീഭവിക്കലും ആവർത്തിക്കുന്നു. അങ്ങനെ നിലവിലുള്ള മേഘനിര കൂടു തല്‍ വലുതാവുകയും ഉയരുകയും ചെയ്യപ്പെടുന്നു. ഈ പ്രക്രിയ തുടരുമ്പോള്‍ കാറ്റ് ഒരു കേന്ദ്രത്തിനു ചുറ്റും കറങ്ങുന്ന രീതിയിൽ രൂപാന്തരപ്പെടുന്നു. ഈ കറങ്ങുന്ന കാറ്റിന്റെ വേഗത അനുസരിച്ചാണ് ചുഴലിക്കാറ്റുകളുടെ തീവ്രത നിശ്ചയിച്ചു വിവിധ വിഭങ്ങളായി തരം തിരിക്കുന്നത്.


ആഗോളതാപനം മൂലം അറബിക്കടലിൻ്റെ അന്തരീക്ഷ താപനിലയില്‍ വ്യത്യാസം സംഭവിച്ചിട്ടുണ്ട് അന്തരീക്ഷത്തിലും സമുദ്രത്തിലും രൂപപ്പെടുന്ന നിരവധി പ്രതിഭാസങ്ങള്‍ അന്തരീക്ഷവസ്ഥയിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തും. ഇന്ത്യന്‍ സമുദ്രത്തില്‍ രൂപപ്പെട്ടിട്ടുള്ള ദ്വിദ്രുവ താപനില വ്യത്യാസം (ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ എന്ന പ്രതിഭാസം) മാഡന്‍ ജൂലിയന്‍ ആന്ദോളനവും വര്‍ധിച്ച ന്യുനമര്‍ദ മേഖലകള്‍ രൂപ പ്പെടുന്നതിനു വലിയ രീതിയില്‍ സ്വാധീനം ചെലുത്തി.


ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (IOD)
മധ്യ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേയും മധ്യ കിഴക്കന്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിലെയും താപനിലയിലുള്ള വ്യത്യാസത്തെയാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈ പോള്‍ അഥവാ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വിദ്രുവ താപനില വ്യത്യാസം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്. 


മാഡന്‍ ജൂലിയന്‍ ആന്തോളനം(M-JO)
മേഘങ്ങള്‍, മഴ, കാറ്റ്, മര്‍ദം എന്നിവ കിഴക്കോട്ട് നീങ്ങുമ്പോൾ ഉണ്ടാകുന്ന പ്രവർത്ത നമാണ് മാഡന്‍ ജൂലിയന്‍ ആന്ദോളനം (MJO). ഇത് ഉഷ്ണമേഖലാ പ്രദേശങ്ങളിലുടെ നീങ്ങുകയും ശരാശരി 30 മുതല്‍ 60 ദിവസത്തിനുള്ളില്‍ പ്രാരംഭസ്ഥാനത്തേക്ക് മടങ്ങുകയും ചെയ്യുന്നു. ഒരു സീസണിനുള്ളില്‍ ഒന്നിലധികം മാഡന്‍ ജൂലിയന്‍ ആന്ദോളനം പ്രതിഭാസങ്ങള്‍ ഉണ്ടാകാം അതിനാല്‍ ഈ പ്രതിഭാസത്തെ ഋതുക്കള്‍ക്കകത്തുള്ള ഉഷ്ണമേഖലാ കാലാവസ്ഥാ വ്യതിയാനം എന്നാണ് വിളിക്കുക. 


പൊതുവേ അറബിക്കടലിൽ ചുഴലികാറ്റുകൾ അപൂർവ്വമായിരുന്നു.എന്നാൽ ഓഖിക്കു (2017) ശേഷം ന്യൂനമർദ്ദങ്ങൾ അധികമായി രൂപപ്പെടുകയാണ്. ലോകത്തെ ഏറ്റവുമധികം ഊഷ്മാവ് വർദ്ധിച്ചത് അറബിക്കടലിൻ്റെ അന്തരീക്ഷത്തിലായിരുന്നു എന്നത് ചുഴലി കാറ്റുകൾ വർധിക്കുവാൻ പ്രധാന കാരണമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment