തൊണ്ടാര്‍, കടമാന്‍ തോട് ജലസേചന പദ്ധതികള്‍ നാടിനും കൃഷിക്കും ഗുണം ചെയ്യില്ല




വയനാട്ടില്‍ പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന തൊണ്ടാര്‍, കടമാന്‍ തോട് ജലസേചന പദ്ധതികള്‍ ജനങ്ങള്‍ക്കോ കൃഷിക്കോ ഗുണം ചെയ്യുകില്ല എന്ന് വയനാടിനെ സ്നേഹിക്കുന്നവര്‍ അഭിപ്രായപ്പെടുകയാണ്. ആദിവാസികളെ കുടിയൊഴിപ്പിച്ചും കൃഷി ഭൂമികള്‍ വെള്ളത്തിനടിയിലാക്കിയും നടപ്പാക്കുന്ന പദ്ധതികള്‍ വന്‍ പരിസ്ഥിതി നാശം ഉണ്ടാക്കും എന്നതാണ് വസ്തുത.


കാവേരി നദിയില്‍ നിന്ന് കേരളത്തിനനുവദിച്ച 21 TMC  വെള്ളം പ്രയോജനപ്പെടുത്താനെന്ന പേരില്‍ ജില്ലയിലെ തൊണ്ടാര്‍, കടമാന്‍ തോട് കേന്ദ്രീകരിച്ച് വന്‍കിട ഡാമുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാനന്തവാടി താലൂക്കിലെ എടവക പഞ്ചായത്തിലെ തൊണ്ടാര്‍ പദ്ധതിക്കെതിരെ ജനങ്ങള്‍ സമര മുഖത്തിറങ്ങിക്കഴിഞ്ഞു. ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ഫല സമൃദ്ധമായ കൃഷിയിടങ്ങള്‍ നശിപ്പിച്ചും പരിസ്ഥിതി നാശം ഉണ്ടാക്കിയും ജല സേചന വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന ഇരു പദ്ധതികളും ഉപേക്ഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ഒൻപത് ജലസേചന പദ്ധതികളായിരുന്നു ജില്ലയില്‍ പ്രഖ്യാപിക്കപ്പെട്ടത്. കാരാപ്പുഴ, ബാണാസുര സാഗര്‍, കടമാന്‍ തോട്, ചുണ്ടാലിപ്പുഴ, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടു പുഴ പദ്ധതികളായിരുന്നു ഇവ. ഇതില്‍ കാരാപ്പുഴ,ബാണാസുര സാഗര്‍ പദ്ധതികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മൂന്നര പതിറ്റാണ്ട് മുൻപു നിര്‍മ്മാണം തുടങ്ങിയ രണ്ടും പൂര്‍ത്തിയാക്കാനായിട്ടില്ല.


മലയിടിച്ചില്‍ മൂലമോ വെള്ളപ്പൊക്കം മൂലമോ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും മുക്തമായ പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി പ്രദേശങ്ങളില്‍ വന്‍ പ്രളയമുണ്ടാക്കാന്‍ മാത്രം ഉതകുന്ന കടമാന്‍ തോട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കാല്‍ നൂറ്റാണ്ടിലും കൂടുതല്‍ വേണ്ടി വരും. ഈ മേഖലയിലെ വരള്‍ച്ച അവസാനിപ്പിക്കാന്‍ കാരാപ്പുഴയിലെയും ബാണാസുര സാഗറിലെയും വെള്ളം വന്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഇവിടേക്ക് എത്തിക്കുകയാണ് ചെയ്യേണ്ടത്.


വയനാട്ടില്‍ നിലവില്‍ രണ്ട് കൂറ്റന്‍ അണക്കെട്ടുകളാണ് കാരാപ്പുഴയും ബാണാസുര സാഗറും. ഇവ രണ്ടും ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ - പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ വയനാടിന് താങ്ങാവുന്നതിലും ഏറെയാണ്. സംഭരണ ശേഷിയുടെ 30% വെള്ളം കര്‍ഷികാവശ്യത്തിന് നല്‍കാമെന്ന ഉറപ്പിലാണ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനില്‍ നിന്നും ബാണാസുര സാഗര്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി വാങ്ങിയത്. ഇന്നുവരെ ഒരു തുള്ളി വെള്ളം നല്‍കിയിട്ടില്ല. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി പടിഞ്ഞാറത്തറ, വെള്ളമുണ്ട, പനമരം, കോട്ടത്തറ തുടങ്ങിയ പഞ്ചായത്തുകളിലുണ്ടാകുന്ന മിന്നല്‍ പ്രളയവും ദുരിതവും വരുത്തി വയ്ക്കുന്നത് ഈ പദ്ധതിയാണ്. 1978ല്‍ 11 കോടി അടങ്കലില്‍ തുടങ്ങിയ ജലസേചന പദ്ധതി 500 കോടിയിലേറെ ചെലവഴിച്ചിട്ടും വെള്ളം കൃഷിക്ക് നല്‍കാതെ ടൂറിസത്തിനു മാത്രം ഉപയോഗിക്കുന്നു. നെല്ലറച്ചാലില്‍ ആദിവാസി കര്‍ഷകര്‍ നഞ്ചയും പുഞ്ചയും കൃഷി ചെയ്തിരുന്ന ഏക്കര്‍ കണക്കിന് വയല്‍ പദ്ധതി വെള്ളത്തിനടിയിലാക്കി. 10,000 ഏക്കറില്‍ ജലസേചനമെന്ന വാഗ്ദാനം നടപ്പിലായില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് വേണ്ടാത്ത തൊണ്ടാര്‍ - കടമാന്‍തോട് പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യമുയരുന്നത്.


സംസ്ഥാനത്ത് ഏറ്റവും അധികം പാരിസ്ഥിതികമായി തിരിച്ചടി നേരിട്ട ജില്ലയാണ് വയനാട്. ഇടുക്കിയുടെയും അവസ്ഥ അതു തന്നെ. ഭൂ ഘടനയിലെ വലിയ മാറ്റവും വയലുകള്‍ നികന്നതും കൃഷിയുടെ സ്വഭാവങ്ങള്‍ അട്ടിമറിക്കപെട്ടതും ജില്ലയെ തകര്‍ത്തു വരുന്നു. അനധികൃത നിര്‍മ്മാണങ്ങള്‍, കൈയ്യേറ്റങ്ങള്‍ ഒക്കെ കാലാവസ്ഥയെ മാറ്റി എടുത്തു. കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കി എടുക്കുവാനായി ആദ്യമായി ശ്രമങ്ങള്‍ തുടങ്ങി എന്നു പറയുന്ന വയനാട്ടില്‍ പുതിയ രണ്ട് ഡാമുകളുടെ നിര്‍മ്മാണം മനുഷ്യര്‍ക്കും പ്രകൃതിക്കും ഒരുപോലെ ഭീഷണിയാണ്.  


ചിത്രത്തിന് കടപ്പാട്: മനോരമ ഓൺലൈൻ

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment