തോട്ടപ്പള്ളി ഖനന വിഷയത്തിൽ മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം ജനാധിപത്യവിരുദ്ധം




ആലപ്പുഴ: തോട്ടപ്പള്ളിയിൽ നടന്നു വരുന്ന കരിമണൽ ഖനന വിരുധ സമരത്തെ ആക്ഷേപിച്ചു കൊണ്ടുള്ള വ്യവസായ വകുപ്പു മന്ത്രി ഇ പി ജയരാജന്റെ പ്രതികരണം ജനാധിപത്യ വിരുധവും പ്രകൃതി സുരക്ഷയെ വെല്ലുവിളിക്കുന്നതുമാണ്.


കേരളത്തിന്റെ 40% വിസ്തൃതി ഉൾക്കൊള്ളുന്ന എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ, പത്തനംതിട്ട, എന്നീ ജില്ലകളിലെ മുഴുവന്‍ മഴ വെള്ളവും തൃശൂര്‍-കൊല്ലം ജില്ലയുടെ കുറേ ഭാഗങ്ങള്‍ അടങ്ങുന്ന പ്രദേശത്ത് പെയ്തിറങ്ങുന്ന വെള്ളവും ഒഴുകിയെത്തുന്നത് വേമ്പനാട്ട് കായലിലാണ്.1341 ലെ മഹാപ്രളയത്തിലൂടെ രൂപപ്പെട്ട വേമ്പനാടിൻ്റെ സൃഷ്ടിയാണ് അവയുടെ തിട്ടകളായി മാറിയിട്ടുള്ള ഭൂ പ്രദേശങ്ങൾ.വേമ്പനാടിന്റെ വൃഷ്ടിപ്രദേശം 15770 ചതുരശ്ര കിലോമീറ്ററാണെന്ന് കണക്കുകള്‍ പറയുന്നു.ചെറുതും വലുതുമായ 10 നദികളാണ് വേമ്പനാട് കായലില്‍ അവസാനിക്കുന്നത്‌. കഴിഞ്ഞ നൂറ്റാണ്ടു കൊണ്ട് കായലിന്‍റെ വിസ്തൃതി37% കുറഞ്ഞിട്ടുണ്ട്.ഇവയില്‍ പെരിയാര്‍, പമ്പ, അച്ചന്‍കോവില്‍, മീനച്ചില്‍,മണിമല,മൂവാറ്റുപുഴ എന്നിവയാണ് പ്രധാന നദികൾ. 


തണ്ണീര്‍മുക്കം ബണ്ട് വേമ്പനാടിനെ രണ്ടായി തിരിക്കുന്നു. കുട്ടനാട് പ്രദേശത്തേക്കാണ് പെരിയാര്‍ ഒഴികെ വലിയ നദികള്‍ ഒഴുകിയെത്തുന്നത്.വേമ്പനാട്ട് കായലിലെത്തുന്ന വെള്ളം കടലിലേക്ക് ഒഴുകിപ്പോകാന്‍ 5 അവസരങ്ങളുണ്ട്. കൊടുങ്ങല്ലൂരി നടുത്തുള്ള മുനമ്പം, വൈപ്പിനും ഫോര്‍ട്ട് കൊച്ചിക്കുമിടയിലെ കപ്പല്‍ചാല്‍(കമ്മാലക്കടവ്),ആലപ്പുഴയിലെ അന്ധകാരനഴി,തോട്ടപ്പള്ളി സ്പില്‍വേ,കായംകുള ത്തിനടുത്തുള്ള വലിയഴീക്കല്‍ എന്നിവയാണവ.ആലപ്പുഴ നഗരത്തിലെ കനാലുകള്‍ കടലിലേക്ക് തുറസുള്ളവയല്ല.

വലിയ അഞ്ച് നദികള്‍ എത്തുന്ന കുട്ടനാട് പ്രദേശത്ത് നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ തോട്ടപ്പിള്ളി സ്പില്‍വേ പ്രധാനമായും സഹായിക്കുന്നത്. അന്ധകാരനഴിയിലേക്കും വലിയഴീക്കലേക്കുമുള്ള തോടുകള്‍ വ്യാപകമായി കയ്യേറ്റത്തിന് ഇരയായിരിക്കുന്നു. കുട്ടനാട്ടിലെ പ്രളയജലം ഒഴുകി പോകാത്തതിന് ഇതു കാരണമാകുന്നു.തോട്ടപ്പിള്ളിയെ മാത്രം ആശ്രയിച്ച് കുട്ടനാട്ടിലെ പ്രളയ ജലത്തെ നിയന്ത്രിക്കാനാകില്ല.അതിനാല്‍ തണ്ണീര്‍ മുക്കം ബണ്ടിലെ മണ്‍ചി.ബണ്ടിന് കുറച്ചുകൂടി തുറസ് ലഭിച്ചാല്‍ വേമ്പനാട് രണ്ടായി നില്‍ക്കുന്നത് അവസാനിക്കും. 


പിണറായി സര്‍ക്കാരിന്‍റെ നാലാം ബജറ്റില്‍ ആയിരംകോടി രൂപയുടെ കുട്ടനാട് പാക്കേജ് (രണ്ടു വര്‍ഷം മുന്‍പ് )തന്നെ പ്രഖ്യാപിച്ചിരുന്നു.
പാക്കേജിന്‍റെ ഭാഗമായി


1. കായലും ജലാശയങ്ങളും ശുചീകരണം.
2.പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യല്‍.
3.എക്കല്‍ അടഞ്ഞ് കായല്‍ തട്ടിന്‍റെ ഉയരം കൂടിയതിനാൽ കായലിലെ ചളി നീക്കും. പുറം ബണ്ടിന്‍റെ അറ്റകുറ്റപ്പണിക്കായി 47 കോടി രൂപ.
4.കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ  കുട്ടനാട് കുടിവെള്ള പദ്ധതി.
5.തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കാൻ തീരുമാനം.
6.ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനപ്പെടാതിരിക്കാന്‍ തോടുകള്‍ ഒറ്റത്തവണ വൃത്തിയാക്കുൽ.
7.കനാല്‍ പ്രദേശത്ത് ഉറവിട മാലിന്യസംസ്കരണം വ്യാപിപ്പിക്കൽ.
8.മൊബൈല്‍ സെപ്റ്റേജ് യൂണിറ്റുകള്‍ വ്യാപകമായി നടപ്പാക്കും.ഇതിന് 25% മൂലധന സബ്സിഡി സര്‍ക്കാര്‍ നല്‍കും.
9.കായലിലെ മത്സ്യസന്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും.
10. കുട്ടനാട്ടില്‍ പുതിയ താറാവ് ബ്ലീഡിംഗ് ഫാം.
11.പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി.
12.കുട്ടനാടിലെ പൊതുസ്ഥാപനങ്ങളെല്ലാം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാവും പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കൽ.
13.ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി.


കുട്ടനാട് പരിസ്ഥിതികമായി നേരിടുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കി പരിഹരിക്കുവാൻ  ഉതകുന്നതാണ് മുകളില്‍ പറഞ്ഞ വസ്തുതകള്‍. പ്രദേശത്തിൻ്റെ പ്രാധാന്യത്തെ മറന്നുകൊണ്ടുള്ള സമീപനങ്ങള്‍ ലോകാത്ഭുതമായി കരുതുന്ന നാടിനെ വല്ലാതെ തകര്‍ത്തു കൊണ്ടിരിക്കുന്നു. തണ്ണീര്‍ മുക്കം ബണ്ടും തോട്ടപള്ളി സ്പില്‍ വേയും ഉദ്ദേശിച്ച ഫലങ്ങള്‍ നല്‍കാത്തതിന് നിരവധി കാരണങ്ങള്‍ ഉണ്ട്.തോട്ടപ്പള്ളിയും അനുബന്ധ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിപോകാതിരിക്കുവാന്‍ വേണ്ട ശാസ്ത്രീയ സമീപനങ്ങള്‍ ഉണ്ടാകണം.എന്നാല്‍ അതിനെ മറയാക്കി കാറ്റാടി മരങ്ങള്‍ മുറിച്ചു മാറ്റിയതും കരിമണല്‍ ഖനനം ലക്‌ഷ്യം വെച്ചുള്ള പ്രവര്‍ത്തനവും തീരവാസികള്‍ക്കും ജില്ലക്കാകെയും ദുരിതം ഉണ്ടാക്കും.ചവറ മുതല്‍ ആലപ്പാട്, ചേര്‍ത്തല വരെയുള്ള തീരങ്ങള്‍ സംരക്ഷിക്കുവാനുള്ള സമരത്തെ മോശമായി അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്ന നമ്മുടെ വ്യവസായ മന്ത്രിയുടെ നിലപാട് നാട്ടുകാരുടെ ജനാധിപത്യ അവകാശത്തെ പുച്ഛിക്കലാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment