സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം 




കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.


കൊവിഡ് പ്രതിസന്ധി, ഡീസൽ വിലക്കയറ്റം എന്നിവയിൽ മത്സ്യത്തൊഴിലാളികൾ നട്ടം തിരിയുമ്പോഴാണ് ട്രോളിംഗ് നിരോധനം കൂടി എത്തുന്നത്. ഇളവുകൾ നേരത്തെ ലഭിച്ചെങ്കിലും ഇതര സംസ്ഥാനത്തൊഴിലാളികൾ നാട്ടിൽ പോയി മടങ്ങിയെത്താഞ്ഞതിനാൽ പല ബോട്ടുകളും കരയ്ക്ക് തന്നെയാണ്. ബോട്ടിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ മാത്രമല്ല, മറ്റ് അനുബന്ധ ജോലികൾ ചെയ്യുന്നവർക്കും ഇനി വറുതിയുടെ കാലമാണ്. രണ്ട് മാസത്തോളം പണിയില്ലാതാകുമ്പോൾ കൂടുതൽ കടം വാങ്ങേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക. എന്നാൽ പരമ്പരാഗത വള്ളങ്ങളിൽ പോയി മീൻ പിടിക്കുന്നവർക്ക് വിലക്കില്ല.


ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. പണമില്ലാത്തതിനാൽ പണികൾ  ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷ ഉടമകൾക്കില്ല. നിരോധന ശേഷമെങ്കിലും സര്‍ക്കാർ ഇന്ധന സബ്സിഡി നൽകിയില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബോട്ടുടമകളുടെ പക്ഷം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment