വടക്കാഞ്ചേരി സ്ഫോടനം നടന്നത് മുൻപ് വൻ അനധികൃത സ്‌ഫോടക വസ്തുക്കൾ പിടികൂടിയ ക്വാറിയിൽ 




തിങ്കളാഴ്ച രാത്രി 7.40 ന് തൃശൂരിൽ ഉണ്ടായ ക്വാറിയിലെ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.  ഭൂമി കുലുങ്ങുന്നത് പോലെ തോന്നിയതോടെ പലരും വീടിനു പുറത്തേക്ക് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയെന്നു പരസ്പരം വീടുകളിൽ വിളിച്ചു പറഞ്ഞു. ആറ്റൂർ വാഴക്കോട് കരിങ്കൽ ക്വാറിയിൽ സ്ഫോടനം സംഭവിച്ചതാണെന്ന് പിന്നീടാണ് ഇവർ അറിഞ്ഞത്. 15 കിലോമീറ്റർ ചുറ്റളവിൽ വരെയാണ് സ്ഫോടനത്തെ തുടർന്നുള്ള ഭൂമികുലുക്കം ഉണ്ടായത്. മുള്ളൂർക്കര, പാഞ്ഞാൾ പഞ്ചായത്തിലെ പ്രദേശങ്ങളിൽ മുഴുവൻ വീടുകളിൽ കുലുക്കമറിഞ്ഞു.


വൻ ശബദത്തോടെയും ഭൂമി കുലുക്കത്തോടെയുമായിരുന്നു സ്ഫോടനം. അതിന്റെ ആഘാതമാണു വീടുകളിലുണ്ടായത്. വടക്കാഞ്ചേരി വാഴക്കോട് – ചേലക്കര റോഡിൽ നിന്ന് 250 മീറ്റർ ഉള്ളിലായാണ് ഈ പാറമട പ്രവർത്തിക്കുന്നത്. തൊട്ടുചേർന്നു വീടുകൾ കുറവാണെങ്കിലും വാഴക്കോട് ചേലക്കര റോഡിലും പരിസരത്തുമായി ധാരാളം വീടുകളുണ്ട്. ഇവിടെയൊക്കെയാണ് നാശനഷ്ടമുണ്ടായത്. പാറമടയിലെ സ്ഫോടനം ഒരാളുടെ ജീവനെടുക്കുകയും അഞ്ചാറു പേർക്കു പരിക്കേൽപ്പിക്കുകയും ചെയ്തു. 


മുൻപ് ഈ ക്വാറിക്കെതിരെ വ്യാപകമായി പരാതി ഉണ്ടായിരുന്നു. അനുമതിയില്ലാത്ത കാലത്തും പ്രവർത്തിക്കുന്നുവെന്ന പരാതി നിലനിന്ന ഈ പാറമടയ്ക്കെതിരെ പരിസരവാസികൾ പലരും പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ല.  3 വർഷം മുൻപു സബ് കലക്ടറും സംഘവും വൻ സ്ഫോടകവസ്തു ശേഖരം ഇവിടെ നിന്ന് പിടികൂടിയിരുന്നു. 


434 ജലറ്റിൻ സ്റ്റിക്കുകൾ, 548 ഡിറ്റണേറ്ററുകൾ, പാറപൊട്ടിക്കാനുള്ള 3 ജാക്കി ഹാമറുകൾ, 2 ട്രാക്ടറുകൾ, 6 ടിപ്പർ ലോറികൾ എന്നിവയാണ് അന്നത്തെ സബ് കലക്ടർ രേണുരാജും സംഘവും പിടികൂടിയത്. അന്നു ക്വാറിക്കു ലൈസൻസ് ഉണ്ടായിരുന്നില്ല. കിണറ്റിലെ പാറതുരക്കാനുള്ള ലൈസൻസ് ഉപയോഗിച്ചു പാറമട നടത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അനധികൃത ഖനനം, സ്ഫോടകവസ്തു കൈവശംവയ്ക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ഉപയോഗിച്ചാണ് അന്നു കേസെടുത്തതും ക്വാറി പൂട്ടിച്ചതും.


എന്നാൽ, വൻ സമ്മർദം ഉയർന്നതോടെ റെയ്ഡ് നടപടികൾ തുടരാൻ കഴിയാത്ത അവസ്ഥ വന്നു. കസ്റ്റഡിയിലെടുത്ത ലോറികൾ പിഴയീടാക്കി വിട്ടയച്ചതല്ലാതെ മറ്റു നടപടികളുണ്ടായില്ല. റെയ്ഡിന്റെ പിറ്റേന്നു തന്നെ ക്വാറി പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. അന്നു റെയ്ഡിനു നേതൃത്വം നൽകിയ സബ് കലക്ടർ ഉൾപ്പെടെ ഭീഷണിയുടെ നിഴലിലായിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment