തമിഴ്നാട്ടിലെ വേദാന്തയുടെ ഓക്സിജൻ പ്ലാന്റ് തുറന്നേക്കും 




ന്യൂഡല്‍ഹി: പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മദ്രാസ് ഹൈക്കോടതി പൂട്ടിച്ച തമിഴ്നാട്ടിലെ വേദാന്ത ഓക്സിജന്‍ പ്ളാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയേക്കും. രാജ്യത്തെ ഓക്സിജന്‍ ക്ഷാമം കണക്കിലെടുത്ത് പ്ളാന്റ് തുറക്കാന്‍ അനുമതി നല്‍കണമെന്ന വേദാന്തയുടെ അഭ്യര്‍ത്ഥനയെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. 


പ്ളാന്റ് തുറക്കണമെന്ന വേദാന്തയുടെ അപേക്ഷ മുൻപ് രണ്ടു തവണ സുപ്രീംകോടതി തള്ളിയിരുന്നു. രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാണെന്നും പ്ളാന്റ് തുറക്കാന്‍ അനുവദിച്ചാല്‍ മെഡിക്കല്‍ ഓക്സിജന്‍ മാത്രമെ നിര്‍മ്മിക്കൂ എന്നും വേദാന്ത ഉറപ്പ് നല്‍കിയതായി കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കോടതി അനുമതി നല്‍കിയാല്‍ ആറു ദിവസത്തിനുള്ളില്‍ പ്ളാന്റില്‍ ഓക്സിജന്‍ നിര്‍മ്മാണം തുടങ്ങാനാകുമെന്ന് വേദാന്തയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ബോധിപ്പിച്ചു. 


അതേസമയം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച വേദാന്തയില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന നിലപാടാണ് തമിഴ്നാട് സര്‍ക്കാരിന്റേത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഈ നിലപാടിനെ അനുകൂലിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോംബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment