വെളിയത്ത് കുടിവെള്ള പദ്ധതി അട്ടിമറിച്ച് വൻതോതിൽ പാറ ഖനനത്തിനൊരുങ്ങി മാഫിയ; ജനങ്ങൾ പ്രതിഷേധത്തിൽ 




17 ലക്ഷം രൂപ മുടക്കി ഒരു നാടിന് മുഴുവൻ കുടിവെള്ളമെത്തിക്കാൻ തുടങ്ങിയ പദ്ധതി 80 ശതമാനം പണികളും പൂർത്തിയായി നിൽകുമ്പോൾ പാറ ഖനനത്തിനായി അട്ടിമറിക്കപ്പെടുന്നു. അതും സ്റ്റാറ്റിസ്റ്റിക്കൽ സർവേ പ്രകാരം ഭൂഗർഭ ജലത്തിന്റെ ലഭ്യത ഏറ്റവും കുറവ് രേഖപ്പെടുത്തിയ പഞ്ചായത്തികളിലൊന്നായ വെളിയം പഞ്ചായത്തിൽ. പാറക്വാറിയോട് ചേർന്ന കുളത്തിൽ നിന്നും വെള്ളമെടുത്ത് വേണം ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ. എന്നാൽ ഖനനം നടക്കുന്നതോടെ പദ്ധതി പാഴാകും.


പടിഞ്ഞാറ്റിൻകര ചൂരക്കോട് ദളിത് കോളനിയിലെ ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിയാണ് ഇപ്പോൾ ത്രിശങ്കുവിലായിരിക്കുന്നത്. നിരവധി കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുമായിരുന്ന ഒരു പദ്ധതിയാണ് ക്വാറി മാഫിയയുടെ ഇടപെടൽ മൂലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടിയുള്ള ഖനനമെന്ന് പ്രചരിപ്പിച്ചാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 


പ്രദേശത്തെ ജല ദൗർലഭ്യത്തിന്റെ രൂക്ഷത കാരണം നാട്ടുകാർ തന്നെ ഇടപെട്ടാണ് കുടിവെള്ള പദ്ധതിക്ക് മുൻകൈ എടുത്തത്. ഇക്കാരണത്താൽ നാട്ടുകാരിൽ തന്നെ ചിലർ പദ്ധതിക്ക് വേണ്ട പമ്പ് ഹൗസും മറ്റും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സ്ഥലം സൗജന്യമായി നൽക്കുകയായിരുന്നു. പദ്ധതിയുടെ 80 ശതമാനത്തോളം പണി പൂർത്തിയായ സമയത്താണ് ചിലർ തടസ്സ വാദങ്ങളുമായി എത്തുന്നത്. കോൺട്രാക്ടറെ പദ്ധതിയിൽ നിന്നും പിന്മാറാൻ പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഇതോടെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.


പ്രക്ഷോഭം ശക്തമായതോടെ പുതിയ കോൺട്രാക്ടർ വരികയും പദ്ധതി വീണ്ടും പുനരാരംഭിക്കുകയും ചെയ്‌തു. 5000 ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ടാങ്ക് പാറയുടെ സമീപത്തുള്ള റവന്യൂ ഭൂമിയിൽ വെക്കാൻ അധികൃതർ അനുവദിച്ചിരുന്നു. ഈ അവസരത്തിലാണ് പ്രദേശത്ത് പദ്ധതി മുടക്കുക കൂടി ലക്ഷ്യമിട്ട് ഏതാനും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ഒത്താശയോടെ പാറ ഖനനവുമായി മുന്നോട്ട് വരുന്നത്. ടാങ്ക് സ്ഥാപിച്ച് കഴിഞ്ഞാൽ പാറ ഖനനം നടത്താൻ കഴിയില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് ക്വാറി ഉടമകൾ തടസവുമായി നിൽക്കുന്നത്. 


ഇതിനിടെ, ചൂരക്കോട് പാറവിള താഴതിൽ വീട്ടിൽ കുഞ്ഞിരാമന്റെ ഭൂമി കയ്യേറി ഖനനം നടത്താനുള്ള നീക്കം ഉണ്ടായി. റവന്യൂ - ജിയോളജി വകുപ്പുകളുടെ ഒത്താശയോടെയാണ് പതിനഞ്ച് സെന്റോളം ഭൂമി കയ്യേറാനുള്ള ശ്രമം നടന്നത്. എട്ട് വർഷം മുൻപ് ഇപ്പോഴത്തെ പോലെ തന്നെ ക്വാറി മാഫിയയുടെ നേതൃത്വത്തിൽ സ്ഥലം കയ്യേറിയിരുന്നു എങ്കിലും ഹൈക്കോടതി ഉത്തരവിട്ട് സ്ഥലം കുഞ്ഞിരാമന് നൽകിയിരുന്നു. വിധിയെ തുടർന്ന് വെളിയം വില്ലേജ് അധികൃതർ സ്ഥലം കുഞ്ഞിരാമന്റെ പേരിൽ അളന്ന് തിട്ടപ്പെടുത്തി നൽകിയിരുന്നു. ഈ സ്ഥലമാണ് ഇപ്പോൾ വീണ്ടും ക്വാറി മാഫിയ കൈയേറിയത്. ഇവിടെ ഖനനം തുടങ്ങിയാൽ അത് കുടിവെള്ള പദ്ധതിയെ സാരമായി ബാധിക്കും. 


ദിവസങ്ങൾക്ക് മുൻപ് ക്വാറി ഉടമകൾ ഖനനാനുമതി ലഭിക്കുന്നതിന് വേണ്ടി മൈനിങ് ആൻഡ് ജിയോളജി വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദോഗസ്ഥരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തുകയും തങ്ങൾക്ക് അനുകൂലമായ നിലപാട് എടുപ്പിക്കുകയും ചെയ്തിരുന്നു. സ്ഥലം സന്ദർശിക്കുന്നതിനിടെ ഇവരെ നാട്ടുകാർ തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് ഉദ്യോഗസ്ഥർ ക്വാറി ഉടമകൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. 


നിലവിൽ ഓരോ ദിവസവും വിവിധ കാരണങ്ങൾ പറഞ്ഞ് കുടിവെള്ള പദ്ധതിയുടെ പണി നീട്ടിവെക്കുന്ന സാഹചര്യമാണ്. ഇതുകൊണ്ട് തന്നെ പ്രദേശത്ത് ടാങ്ക് സ്ഥാപിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്ങിനെയെങ്കിലും പദ്ധതി ജനങ്ങൾ ഉപേക്ഷിക്കുന്ന അവസ്ഥ സൃഷ്ടിക്കാനാണ് മാഫിയയുടെ നീക്കം. ഇതിനായി വ്യാജ പരാതികളൂം ഗുണ്ടകളുടെ ഭീഷണിയും ഉണ്ട്. പദ്ധതി പൂർത്തിയാക്കി കഴിഞ്ഞാൽ പിന്നെ ഖനനത്തിന് അനുമതി ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ട് എങ്ങിനെയും പദ്ധതി മുടക്കാനാണ് ഇവരുടെ നീക്കം. അതേസമയം, ഭീഷണികളെ വകവെക്കാതെ പദ്ധതിക്കായി ഇറങ്ങാനാണ് ജനങ്ങളുടെ തീരുമാനം. ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ഇവർ പ്രക്ഷോഭം ആരംഭിച്ച് കഴിഞ്ഞു.


ഖനനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ താഴെയായി ഇത്തിക്കര ആറിന്റെ ശാഖ ഒഴുന്നുണ്ട്. പാറ പൊട്ടിച്ച് മാറ്റിയാൽ അടുത്ത മഴയിലോ പ്രളയത്തിലോ തങ്ങളുടെ ഗ്രാമം തന്നെ വെള്ളത്തിലാകുമെന്ന ഭീതിയിലാണ് നാട്ടുകാർ ഇപ്പോൾ കഴിയുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment