വെളിയത്ത് വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം: പാറ മാഫിയക്ക് കൂട്ടുനിന്ന് ഉദ്യോഗസ്ഥർ




വെളിയത്ത് പാറ ഖനനത്തിനായി 80 ശതമാനം പണികളും പൂർത്തിയായ  വാട്ടർ ടാങ്ക് പാറ മാഫിയക്ക് വേണ്ടി മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശ്രമം. ഇതേതുടർന്ന് പ്രദേശത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ വക്കേറ്റമുണ്ടായി. ഉദോഗസ്ഥർക്കൊപ്പം പാറ ഖനന മാഫിയയുടെ നേതൃത്വത്തിൽ ഒരു സംഘം ഗുണ്ടകളും എത്തിയിരുന്നു. ഇവരും നാട്ടുകാർക്കെതിരെ കയ്യേറ്റത്തിന് ശ്രമം നടത്തി.


ഇന്ന് രാവിലെ 10.30 ഓടെയാണ് സംഘം വാട്ടർ ടാങ്ക് മാറ്റിസ്ഥാപിക്കുന്നതിനായി സ്ഥലത്തെത്തിയത്. നിലവിൽ ടാങ്ക് വെക്കുന്നത് പ്രദേശത്തെ ഏറ്റവും ഉയർന്ന പാറയിലാണ്. എന്നാൽ അത് അവിടെ തന്നെ സ്ഥാപിച്ചാൽ പാറപൊട്ടിക്കുന്നതിന് അനുമതി ലഭിക്കാതെ വരും. ഇക്കാരണത്താലാണ് ടാങ്ക് താഴ്ന്ന പ്രദേശത്തെക്ക് മാറ്റാൻ ശ്രമം നടത്തിയത്. എന്നാൽ ഇതിനെതിരെ രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും സംഘടിച്ചു. 


ഇതോടെ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിൽ മാഫിയ സംഘം ഇടപെടുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എല്ലാവരെയും പോലീസ് പിരിച്ചു വിടുകയായിരുന്നു. അതേസമയം, നാളെ വീണ്ടും പോലീസ് പ്രൊട്ടെക്ഷനിൽ വീണ്ടും എത്തി ടാങ്ക് സ്ഥാപിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ പാറ മാഫിയാ സംഘത്തിന് ഉറപ്പ് നൽകിയാണ് പിരിഞ്ഞ് പോയത്. 


എന്നാൽ ടാങ്ക് മാറ്റി സ്ഥാപിക്കാനും പാറ ഖനനത്തിനും അനുവദിക്കില്ലെന്ന് നാട്ടുകാർ അറിയിച്ചു. വാട്ടർ അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്കും പാറ മാഫിയക്കും മറ്റു ഉദ്യോഗസ്ഥ ലോബിക്കുമെതിരെ മുഖ്യമന്ത്രിക്ക് തെളിവുകൾ സഹിതം പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാരും പഞ്ചായത്തും. ഇതുമായി ബന്ധപ്പെട്ട് ടാങ്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ കളക്ടർ നൽകിയ ഉത്തരവ് ഉദ്യോഗസ്ഥരും ഏതാനും രാഷ്ട്രീയ നേതാക്കളും ഇടപെട്ട് പാറ മാഫിയക്ക് വേണ്ടി പൂഴ്ത്തത്തി വെച്ചിരിക്കുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment