വിജിലൻസ് റെയ്‌ഡ്‌ ജനങ്ങളെ പറ്റിക്കാനുള്ള സർക്കാർ തന്ത്രം മാത്രം




നിയമ ലംഘനങ്ങൾ കൊണ്ടു കുപ്രസിദ്ധി നേടി എടുത്ത പാറ ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അവസാനം നടന്ന വിജിലൻസ് റെയിഡ് ഒട്ടും വിജയകരമായിരുന്നില്ല എന്ന് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. Operation Stone wall എന്ന പേരിൽ വ്യാഴാഴ്ച്ച സംസ്ഥാന വിജിലൻസ് നടത്തിയ പരിശോധനയിൽ 306 വാഹനങ്ങൾ പരിശോധിച്ചു എന്ന് വാർത്തയുണ്ടായിരുന്നു. 133 വാഹനങ്ങൾ പാസ്സില്ലാതെ പാറകൾ കടത്തി. 157 ലോറികളിൽ അധിക ഭാരമുണ്ടായിരുന്നതായും 27 ഖനന ഇടങ്ങൾ നിയമങ്ങൾ ലംഘിച്ചു എന്നും റിപ്പോർട്ട് ചെയ്തു. ഈ വസ്തുതകളിൽ നിന്നും 306 വാഹനങ്ങളിൽ 290 ഉം നിയമത്തെ വെല്ലുവിളിക്കുകയായിരുന്നു എന്നു കാണാം. ഇതിനർത്ഥം 94.7% പാറ കടത്തുന്ന വാഹനങ്ങൾക്കും നിയമം ബാധകമായിരുന്നില്ല എന്നാണ്. തൊന്നൂറ്റി നാലര ശതമാനം നിയമ ലംഘനങ്ങൾ നടക്കുന്ന രംഗത്ത് 67 ഉദ്യോഗസ്ഥ സ്കോഡുകൾ പരിശോധിച്ചതാകട്ടെ 306 ലോറികൾ, 27 പാറമടകൾ. ഒരു ടീം 5 പരിശോധനകൾ മാത്രം നടത്തി, 11ലക്ഷം പിഴ ചുമത്തി എന്നു വാർത്തകൾ പറയുന്നു. നാട്ടിൽ നടക്കുന്ന പാറ ഖന രംഗത്തെ കൊള്ളയോടുള്ള സർക്കാരിൻ്റെ മൃതു സമീപനം വ്യക്തമാക്കപ്പെടുന്നു. 56000 ലോറികൾ ദിനം പ്രതി ഒരു പ്രാവശ്യമെങ്കിലും ഖനന ഉൽപ്പന്നങ്ങൾ കടത്തി കൊണ്ടു പോകുന്നു എന്നാണെങ്കിൽ, 306 ലോറികളിൽ 94.7% വാഹനത്തിലും നിയമ ലംഘനം നടന്നു എന്ന് വിജിലൻസ് പരിശോധനയിൽ ബോധ്യപ്പെട്ടിരിക്കെ, അര ലക്ഷം ലോറികളെ മുൻ നിർത്തി ഖനന രംഗത്തു നടക്കുന്ന മാഫിയ പ്രവർത്തനം ഗൗരവതരമായ വിഷയമാകേണ്ടതുണ്ട്. പക്ഷേ ?

 


രാഷട്രീയ പാർട്ടികൾ ജനങ്ങൾക്കു നൽകുന്ന ഉറപ്പിന് ഒട്ടും വില നൽകുവാൻ തയ്യാറല്ല എന്ന് ഇടതു പക്ഷ സർക്കാരിൻ്റെ പരിസ്ഥിതി നിലപാട് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാനത്തെ ഖനനങ്ങൾ സർക്കാർ നിയന്ത്രണത്തിലെത്തിക്കുമെന്നു പറഞ്ഞവരുടെ ഭരണം അവസാന ഘട്ടത്തിലെത്തുമ്പോൾ, മുതലാളിമാരെ പരമാവധിയും ഏകപക്ഷീയമായും സഹായിക്കുവാനുള്ള ശ്രമത്തിലാണ്.


കേരളത്തിൻ്റെ മല നിരകളുടെ സുരക്ഷയെ പറ്റി ദേശീയ ഹരിത ട്രൈബ്യൂണലിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച 200 മീറ്റർ ദൂര പരിധി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നു. ഹരിത ട്രൈബ്യൂണൽ എന്ന മൂന്നംഗ ബഞ്ചിന് നാടിനോടുള്ള ഉത്തരവാദിത്തം പോലും കേരള സർക്കാരിനില്ല എന്ന് വീണ്ടും വ്യക്തമാക്കപ്പെട്ടു. ഖനനത്തിലെ അപകടത്തെ പറ്റി വാചാലമായി സംസാരിച്ചവർ, ആഘാത പഠനത്തിനു ശേഷം പൊതു മേഖലയിൽ മാത്രം ഖനനം എന്ന നിലപാടിനെ തെരുവിൽ ഉപേക്ഷിച്ചത്1000 മുതലാളിമാർക്കു വേണ്ടിയാണ്. 3.34 കോടി ജനങ്ങൾക്ക് എതിരായി1000 ആളുകളുടെ താൽപ്പര്യങ്ങൾ എന്ന സമീപനം, ഇടതുപക്ഷ രാഷ്ട്രീയത്തിനോ വലതുപക്ഷ രാഷ്ട്രീയത്തിനോ കേട്ടു കേൾവിയില്ലാത്തതാണ്.ഖനന രംഗത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടായി മുതലാളിമാരുടെ ആഗ്രഹങ്ങൾക്കു മാത്രമാണ് ഇടം നേടാൻ കഴിഞ്ഞത്. സംസ്ഥാന വിജിലൻസ്സിൻ്റെ അവസാനത്തെ റെയ്ഡും അതിനുള്ള മറ്റൊരു തെളിവായിരുന്നു.


അധിക ഖനനവും നികുതി വെട്ടിപ്പുകളും നിയന്ത്രിക്കുവാൻ 2018 ഏപ്രിൽ മുതൽ നടപ്പിലാക്കിയ സംവിധാനമാണ് Kerala Online Mining Permit Awarding Services (KOMPASS). ഖനന തറയിൽ നിന്ന് പാറകൾ കൊണ്ടു പോകുന്ന വാഹനത്തെ പറ്റി, അതിലെ അളവ്, പോകുന്ന പാത, സ്ഥലം, സമയം തുടങ്ങിയവ മുൻ കൂട്ടി തീരുമാനിക്കുവാനുള്ള ഇലക്ട്രാേണിക്ക് സംവിധാനത്തെ പാറ മുതലാളിമാർക്കു വേണ്ടി പാേലീസ്, മോട്ടോർ വകുപ്പ്, ജിയോളജി വകുപ്പുകൾ അട്ടിമറിക്കുന്ന തെങ്ങനെ എന്നു പരിശോധിക്കേണ്ടതാണ്. National Informatics Center വികസിപ്പിച്ചെടുത്ത ആധുനിക സാങ്കേതിക വിദ്യയെ നോക്കു കുത്തിയാക്കുവാൻ കേരള സർക്കാർ ആവുന്നത്ര സഹായിച്ചു വിജയിപ്പിക്കുമ്പോൾ, നാട്ടിൽ തകർന്നു പോയത് മറ്റൊരു പ്രതീക്ഷയായിരുന്നു. ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ പൊതു സേവനത്തെ സുതാര്യമാക്കാം എന്ന പ്രതീക്ഷ. 

 


KOMPASS എന്ന ഖനനവുമായി ബന്ധപ്പെട്ട Surveillance സംവിധാനം വ്യക്തമാക്കുന്നത്, കേരളത്തിൽ 715 ക്വാറികൾ,1163 ക്രഷറുകൾ, 1193 ഡിപ്പാേകൾ പ്രവർത്തിക്കുന്നു എന്നാണ്. E-movement കൾ 1607. ഖനിജങ്ങൾ കടത്തുവാൻ അനുവാദം കിട്ടിയ വാഹനങ്ങൾ 56012. ആകെ E-pass കൾ 1.145 കോടി. ഓരോ ദിവസവും അനുവദിച്ചിട്ടുള്ള പാസുകൾ (ഒക്ടോബർ 11 ന് 5168). ഓരോ ജില്ലയിലെയും ഖനന, ക്രഷർ യൂണിറ്റുകളെ GPS System ഉപയോഗിച്ച് ആർക്കും എണ്ണി തിട്ടപ്പെടുത്താം. സർക്കാർ നിബന്ധനകൾ, ശിക്ഷാവിധി ഒക്കെ ഏവർക്കും ഇവിടെ നിന്നു മനസ്സിലാക്കാം. ഇത്രയും സുതാര്യമായ സംവിധാനത്തിൽ നിന്നു കൊണ്ട് തന്നെ ഖനന മാഫിയകൾ നടത്തുന്ന കൊള്ള യഥേഷ്ടം തുടരുകയാണ്. 

മുകളിലെ ആധുനിക സർക്കാർ സംവിധാനത്തിലെ വാഹനത്തിൻ്റെ കണക്കുകളും സർക്കാരിൻ്റെ തന്നെ നിഗമനമനുസരിച്ചുള്ള (കഴിഞ്ഞ വർഷം പൊട്ടിച്ചെടുത്ത പാറയുടെ അളവ് 353.1ലക്ഷം ടൺ. ആസൂത്രണ ബോർഡ് റിപ്പോർട്ട് 2019) ഖനനവും താരതമ്യം ചെയ്താൽ സാമാന്യ യുക്തിയുള്ള ആർക്കും പകൽ കൊള്ളകൾ വ്യക്തമാണ്.ശിവ ശങ്കരൻ/വെങ്കിട രാമൻ മോഡൽ IAS കാർക്കും മന്ത്രിമാർക്കും ഉപദേശകർക്കും ഇവ ബോധ്യപ്പെടുകയില്ല എന്നു മാത്രം.


353.1 ലക്ഷം ടൺ പാറ കഴിഞ്ഞ വർഷം പൊട്ടിച്ചെടുത്തു എന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ പറയുന്നതംഗീകരിച്ചാൽ, 56000 ലോറികൾ വർഷത്തിൽ ശരാശരി ഓടുന്നത് 42 തവണ മാത്രം എന്നു പറയണം. മാസത്തിൽ പരമാവധി 4 തവണ.യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്തെന്ന് നാട്ടുകാർ മനസ്സിലാക്കുന്നുണ്ട്. 56000 ലധികം ലോറികൾ പ്രതി ദിനം 2 ട്രിപ്പ് പാറകൾ വെച്ച് 250 ദിവസം പാറകടത്തിയാൽ തന്നെ കേരളത്തിൽ 3750 ലക്ഷം ടൺ പാറ പൊട്ടിച്ചെടുക്കുന്നു എന്നു കരുതണം. ഇത്തരം ഹിമാലയൻ നിയമ ലംഘനങ്ങൾ വെള്ളരിക്കാപട്ടണം കണക്കെ നാട്ടിൽ നടക്കുമ്പോൾ, സംസ്ഥാന വിജിലൻസ് റെയിഡിലൂടെ 11 ലക്ഷം രൂപ ശിക്ഷ വിധിക്കും വിധം മാത്രമുള്ള കുറ്റങ്ങൾ കണ്ടെത്തി എന്ന വാർത്ത വലിയ തമാശകളിൽ ഒന്നു മാത്രമാണ്.


തുടരും

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment