വിജിലൻസ് റെയ്ഡ് ജനങ്ങളെ പറ്റിക്കാനുള്ള സർക്കാർ തന്ത്രം മാത്രം - ഭാഗം 2




കേരള മോഡലിൽ അഭിമാനം കൊണ്ട വിവിധ ഇടതുപക്ഷ പാർട്ടികൾ, അവയുടെ പ്രതിസന്ധിയെ വൈകി എങ്കിലും തിരിച്ചറിഞ്ഞിരുന്നു. അതിൻ്റെ ഭാഗമായി കാർഷിക രംഗത്തു മുതൽ പ്രവാസികളുടെ മുതൽ മുടക്കിനെയും ഒക്കെ പുതിയ ലക്ഷ്യത്തോടെ പ്രവർത്തിപ്പിക്കുവാൻ ശ്രമമാരംഭിച്ചു. അത്തരം ശ്രമങ്ങളിൽ മിക്കതും അവരുടെ രാഷ്ട്രീയ വികസന നിലപാടിനെ ഉപേക്ഷിക്കുന്നതായിരുന്നു. അതു കൊണ്ടാണ് കാർഷിക രംഗത്തിൻ്റെ പങ്ക് 11% മായി കുറഞ്ഞത്. വ്യവസായ ലോകം 26%,സേവന രംഗം 63%ത്തിലെത്തി. സേവന രംഗത്തിൻ്റെ അസ്വാഭാവിക വളർച്ച യുടെ തണലിലാണ് പശ്ചിമ ഘട്ടം മുതൽ തീരപ്രദേശങ്ങൾ വരെ പ്രദേശങ്ങൾ  ബന്ധപെട്ടവർ തകർത്തെറിഞ്ഞു വരുന്നത്. കേരളത്തിൽ മരട് മാതൃകയിൽ12000 കെട്ടിടങ്ങൾ പൊളിച്ചു കളയാനുണ്ട് എന്നറിയുമ്പോൾ, അതിനായി പൊട്ടിച്ചു കടത്തിയ മല നിരകൾ, ലൈംസ്റ്റാേണുകൾ മറ്റുള്ളവ പരിസ്ഥിതിക്കു മുകളിൽ വരുത്തിയ ദുരിതങ്ങൾ പലതരത്തിൽ നാടിനെ ബുദ്ധി മുട്ടിക്കുകയാണ്. അതിലെ സമാനതകളില്ലാത്ത നിയമ ലംഘനങ്ങൾ, അഴിമതികൾ, സാമ്പത്തിക കൊള്ളകൾ നടക്കുന്ന ലോകമാണ് നാട്ടിലെ ഖനന രംഗം.ഇതു മനസ്സിലാക്കിയ കേരളീയരോടായി, ഞങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ ഖനിജങ്ങളെയും പൊതു ഉടമസ്ഥതയിൽ കൊണ്ടു വരുമെന്ന് 2016ൽ ഇടതു പക്ഷം ഉറപ്പു നൽകി. പക്ഷേ കഴിഞ്ഞ 50 മാസത്തെ പ്രവർത്തനങ്ങൾ പഴയ കാലത്തെയും കടത്തി വെട്ടിക്കഴിഞ്ഞു.


സംസ്ഥാനത്തെ ഖനത്തെ പറ്റിയുള്ള സർക്കാർ കണക്കുകളിൽ നിന്നും ആ രംഗത്തെ അസ്വാഭാവികതകൾ ബോധ്യപ്പെടും (ആസൂത്രണ ബോർഡ്). 2017-18 ൽ പാറ ഖനനത്തിലൂടെ സർക്കാരിന് 143.5 കോടി രൂപ ലഭിച്ചു. 2019 ൽ കേരളത്തിലാകെ നടക്കുന്ന പാറ ഖനനം104.6 ഹെക്ടറിൽ മാത്രമെന്നു സർക്കാർ. പൊട്ടിച്ചു കൊണ്ടു പോകുന്ന പാറയുടെ ഭാരം 353.1 ലക്ഷം ടണ്ണും. ലൈസൻസുകളുടെ എണ്ണം 1392. (ഇതിൽ ഖനനം നടക്കുന്നത് 80 %ത്തിൽ) .തൊട്ടു മുൻപത്തെ വർഷത്തിൽ  എറണാകുളം ജില്ലയിൽ നിന്നും നാടിനു ലഭിച്ചത് 30.7 കോടി രൂപ. രണ്ടാം സ്ഥാനം തിരുവനന്തപുരം18 കോടി. വയനാട്ടിൽ നിന്നും1.9 കോടി. (പ്രസ്തുത തുകയുടെ 2% സെസ്സ്, കോവിഡ് പ്രതിരോധത്തിനായി ജില്ലകൾ ചെലവാക്കാം എന്നാണ് ബഹു. പ്രധാനമന്ത്രി ലോകത്തെ അറിയിച്ചത്). 


സംസ്ഥാനത്ത് നടക്കുന്ന ആരെയും കൂസാതെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുവാന്‍ തിരുവനന്തപുരം ജില്ലയിലെ കിഴക്കന്‍ അത്രുത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളറട പഞ്ചായത്തിൽ, ശങ്കരാചാര്യ സര്‍വ്വകലശാലയും മേഘാലയയില്‍ നിന്നുള്ള വടക്കു-കിഴക്കന്‍ സര്‍വ്വകലാശാലയും (ഭൗമ വകുപ്പ്) നടത്തിയ പാറ ഖനനവുമായി ബന്ധപ്പെട്ട പഠനങ്ങൾ (2015) ശ്രദ്ധിച്ചാൽ മതി.


31.6 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള വെള്ളറട ഗ്രാമത്തിന്‍റെ 477 ഹെക്ടറും കുന്നുക ളാണ്.948 ഹെക്ടര്‍ ചരിവുള്ള പ്രദേശങ്ങള്‍, 316 ഹെക്ടര്‍ സ്ഥലങ്ങൾ പാറ നിറഞ്ഞതുമാണ്. Environment Zone 2ല്‍ പെടുന്ന Protected area ആണെങ്കിലും 8 ക്വാറി കളും ഒരു ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചിരുന്നു.5 ക്വാറികളും ക്രഷര്‍ യൂണിറ്റും പ്രവര്‍ത്തിച്ചത് 2 വാര്‍ഡുകളില്‍. മൂന്നെണ്ണം ആനപ്പാറ, വെള്ളറട വാര്‍ഡുകളിലും. അവയിൽ 6 എണ്ണത്തെ വിധക്തര്‍ പരിശോധിച്ചു. ചുറ്റുമുള്ള 180 ആളുകളെ  മുന്‍ നിര്‍ത്തി ശബ്ദം, പ്രകമ്പനം, വായൂ- ജല മലീനീകരണം, ആരോഗ്യ പ്രശ്നങ്ങള്‍, ഭൂമിയുടെ ഉര്‍വരത എന്നീ ഘടകങ്ങളെ നിരീക്ഷിച്ചു.


ആദ്യ ചോദ്യം ജല ലഭ്യതയെ പറ്റിയായിരുന്നു. വേനല്‍ കാലത്ത് മാത്രം ക്ഷാമം അനുഭവിച്ച പഴയ അവസ്ഥയും ഇന്നത്തെ സാഹചര്യവും പൊടി നിറഞ്ഞ വെള്ളം ഒഴുകി ഇറങ്ങുന്നത്, മഴകാലത്തെ വെള്ള പൊക്കവും വേഗം വെള്ളം ഒഴുകി മാറുന്ന തും ചോദ്യങ്ങളായിരുന്നു.ചുറ്റുമുള്ള വീട്ടുകാരെല്ലാവരും മുകളില്‍ സൂചിപ്പിച്ച അസൗകര്യങ്ങള്‍ നേരിടുന്നവര്‍ ആണെന്നു പറഞ്ഞു. 


ഖനനം മൂലമുണ്ടാകുന്ന ശബ്ദ മലിനീകരണമായിരുന്നു അടുത്ത ചോദ്യം. ലോക ആരോഗ്യ സംഘടനയുടെ ശബ്ദത്തെ പറ്റിയുള്ള വിവരണത്തില്‍ പറയുന്നത് പരമാവധി വ്യവസായ സ്ഥാപനങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ പോലും 75 ഡെസി ബല്ലിലധികം ശബ്ദം ഉണ്ടാകരുത് എന്നാണ്. വെള്ളറട ഗ്രാമത്തില്‍ ശബ്ദത്തിന്‍റെ തോത് 96 മുതല്‍ 125 ഡെസിബല്‍ വരെ എത്തുന്നു. 


പൊടി പടലങ്ങളുടെ തോതിനെ പറ്റി മലിനീകരണ ബോര്‍ഡു നിര്‍ദ്ദേശിച്ചതിലും എത്രയോ മടങ്ങായിരുന്നു PM 2.5.,10 സാന്നിധ്യം. ചുമ, അസ്മ, അലര്‍ജ്ജി, രക്തത്തില്‍ പ്രാണ വായുവിന്‍റെ അളവിലെ കുറവ്, ക്ഷയം, ശ്വാസ കോശ രോഗങ്ങള്‍ മുതലായവയുടെ എണ്ണം വര്‍ധിച്ചതും കൃഷിയിടങ്ങള്‍ പൊടി മൂടി തെങ്ങും മറ്റു വിളകളും നശിക്കുന്ന അവസ്ഥയും  പ്രകടമായിരുന്നു. പ്രകമ്പനങ്ങൾ എല്ലാവരെയും ബാധിച്ചതായി വിധക്തർ മനസ്സിലാക്കി.


2019ലെ സർക്കാർ കണക്കിൽ പറയുന്ന 353.1ലക്ഷം ടണ്ണിൻ്റെ എത്രയോ ഇരട്ടി  ടൺ പാറ പൊട്ടിച്ചടെത്ത്, മാർക്കറ്റിൽ 35000 കോടി രൂപയിൽ കുറയാത്ത കച്ചവടം നടത്തുന്നവർ സർവ്വ നിയമങ്ങൾക്കും അതീതരായി പ്രവർത്തിക്കുകയാണ്. കോവിഡു കാലത്തു പോലും ഇവരെ നിയന്ത്രിക്കുവാൻ സാമ്പത്തികമായി പാപ്പരായ സർക്കാർ വിമുഖരാണ്. പ്രകൃതി വിഭവങ്ങളുടെ യഥാർത്ഥ കൈവശക്കാരായ 3.30 കോടി ജനങ്ങൾക്കുകൂടി പ്രതി ദിനം 45 ലക്ഷം രൂപ മാത്രമാണ് പാറ ഖനനത്തിൽ നിന്നു (169.5 കോടി/365 ദിവസം) കിട്ടുന്നത്.


സംസ്ഥാനത്തെ പരിസ്ഥിതി സംതുലനത്തിൻ്റെ അടിത്തറയായി പ്രവർത്തിക്കുന്ന പാറ നിറഞ്ഞ മല നിരകൾ പൊട്ടിച്ചു വിൽക്കുന്നതിലൂടെ സംസ്ഥാനത്തിന് തുശ്ചമായ വിഹിതം ലഭിക്കുമ്പോൾ, ഖനന രംഗത്തെ1000 മുതലാളിമാരിൽ ഓരോരുത്തരുടെയും കീശയിലേക്ക് പ്രതി വർഷമെത്തുന്നത് 35 കോടി രൂപ വീതമാണ്.


സംസ്ഥാനത്തെ ഏറ്റവും വലിയ നിയമ ലംഘനവും സാമ്പത്തിക കൊള്ളയും നടക്കുന്ന പാറ ഖനന രംഗത്തെ തട്ടിപ്പുകൾ, പുറത്തു കൊണ്ടുവരുവാൻ കഴിയാത്ത അന്വേഷണമാണ് Operation Stone wall ലൂടെ വിജിലൻസ് നടത്തിയതെന്ന് പറയുവാൻ Green reporter നിർബന്ധിതമായിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment