വിഷുവും കാലവും




AD 844 നം 854 നും ഇടക്ക് കേരളം ഭരിച്ചിരുന്ന സ്ഥാണു രവിയുടെ കാലത്താണ് വിഷു ആഘോഷം ആരംഭിച്ചതെന്നു കരുതപ്പെടുന്നു. 1175 വർഷങ്ങളായി വിഷു ആഘോഷിച്ചു വരുന്നു എന്നർത്ഥം. AD 862-1021കാലഘട്ടത്തിലെ തൃക്കൊടിത്താനം ശിലാ ശാസനങ്ങളിൽ വിഷുവിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. കൊല്ല വർഷം ആരംഭിച്ച തിന് ശേഷമാണ് ചിങ്ങം പുതുവർഷമായി ആചരിക്കാൻ തുടങ്ങിയത്. ഇന്നും വിഷുവിനെ പുതു വർഷമായിട്ട് പലയിടത്തും ആചരിക്കുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലും ഈ ദിനം നവവത്സരമാണ്.ബിഹാറിൽ ബൈഹാഗ്, പഞ്ചാബിൽ വൈശാഖി, തമിഴ്നാട്ടിൽ പുത്താണ്ട്, കർണ്ണാടകത്തിലും ആന്ധ്രയിലും ഉഗാദി, അസമിൽ ബിഹു എന്നി പേരുകളിലാണ് ഈ ദിനം അറിയപ്പെടുന്നത്.


വിഷു, വിഷുവ ശബ്ദത്തിൽ നിന്നാണ് ഉത്ഭവിച്ചത്. വിഷവമെന്നാൽ സമമായത്. അതായത് ദിനരാത്രങ്ങൾ സമമായത് എന്നർത്ഥം .ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് ദിന രാത്രങ്ങൾ തുല്യമായി ദിനം ഏതാനും ദിവസം പുറകോട്ട് മാറിയിട്ടുണ്ട്. രണ്ടു വിഷുക്കളാണ് ഉള്ളത് തുലാ വർഷവും മേട വിഷുവും ഇന്ന് രാപകലുകൾ തുല്യമാകുന്ന ദിവസം പുറ കോട്ട് മാറി മാർച്ച് 21നും സെപ്തമ്പർ 21നും ആണ്. സൂര്യൻ ഉത്തരായനത്തിലേക്കുള്ള യാത്രയിൽ മേടം രാശിയിൽ പ്രവേശിക്കുമ്പോൾ ആണ് വിഷു. തലേന്ന് സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്നതാണ് വിഷു സംക്രമം.


വിഷു  കേരളത്തിൻ്റെ കാർഷികോത്സവമാണ്. കർഷകർ കൃഷിക്ക് തയ്യാറെടുക്കുന്ന ഉത്സവമാണിത്. ധനു കഴിഞ്ഞാൽ മകരം കുംഭം മീനമാണ് കേരളത്തിലെ ഉത്സവ കാലവും കർഷകരുടെ വിശ്രമ കാലവും. നാടെങ്ങും പൂരങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കഴിഞ്ഞ്, മേടത്തിൽ കൃഷിപ്പണിയിലേക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നു. വിഷു കഴിഞ്ഞ് പത്താം നാളെത്തുന്ന പത്താമുദയത്തോടെ മഴ ക്കാലത്തിൻ്റെ മുന്നറിയിപ്പുമായി ചെറിയ മഴയെത്തുന്നു. ‘ചാലിടിൽ‘ എന്ന പാടത്ത് കൃഷിയാരംഭിക്കുന്ന ചടങ്ങ് വിഷുവിനായിരുന്നു പതിവു്. വിഷു കഴിഞ്ഞ് പത്താമുദ യത്തോടെ നിലം ഉഴുത് മറിച്ച് വിത്തിടുന്നു. തെങ്ങു പോലത്തെ ഫല വൃക്ഷങ്ങൾ നടുന്നതും ഇക്കാലത്താണ്. ചെറു മഴയത്ത് അവ വേരു പിടിച്ച് ഇടവപ്പാതിയിൽ പെരു മഴയാകുമ്പോഴേക്ക് അവ ഭുമിയിൽ ഉറച്ചു നിൽക്കും. വിഷു പക്ഷി കേരളത്തിലെ ത്തുന്നതും വിഷുക്കാലത്താണ്. വിഷുപ്പക്ഷിയുടെ പാട്ടിനെ വിത്തും കൈക്കോട്ടും എന്ന് നാം ചൊല്ലാക്കിപ്പറയുന്നത് വിഷുപ്പക്ഷി വിഷുക്കാലത്ത് വിത്തും കൈക്കോട്ടുമായി പാടത്തിറങ്ങാനുള്ള ആഹ്വാനമാണ് നൽകുന്നത് എന്ന വിശ്വാസം കൊണ്ടാണ്. 


വിഷു പക്ഷിയുടെ ഇംഗ്ലീഷിലെ പേര്‌ ഇന്ത്യന്‍ കുക്കു (IndIan cuckoo). കുകുലിഡെ കുടുംബത്തില്‍ പെട്ട പക്ഷിയുടെ ശാസ്‌ത്രനാമം കുകുലിഡെ മൈക്രോപ്‌റ്ററസ്‌ എന്നാണ്‌. മുട്ടയിട്ട്‌ കുഞ്ഞുങ്ങളെ വിരിയിക്കാനായാണിത്‌ ഏപ്രില്‍ മാസത്തോടെ ഇവിടെയെത്തുന്നത്‌. കാക്കയുടെയും കാക്കത്തമ്പുരാട്ടിയുടെയും കൂട്ടിലാണ്‌ കുയിലിനെപ്പോലെ ഇതും മുട്ടയിടുക. 


വിഷു വിശ്രമ കാലത്തിൻ്റെ അവസാനമാണ്. വീണ്ടും കർമ്മരംഗത്തേക്കിറങ്ങാനുള്ള ആഹ്വാനമാണ് വിഷു നൽകുന്ന സന്ദേശം.സമൃദ്ധിയെയാണ് കണി കാണുന്നത്. വിഷു ശുഭ പ്രതീക്ഷയുടെ ഉത്സവം കൂടിയാണ്.


പ്രകൃതിയെ സ്പർശിക്കുന്ന വിഷു പോലെയുള്ള ഉത്സവ ആഘോഷങ്ങൾ സജ്ജീവമെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന വലിയ തിരിച്ചടികളെ ലാഘവ ബുദ്ധിയോടെ കാണുമ്പോൾ, ആഘോഷങ്ങളുടെ അർത്ഥ വ്യാപ്തി ചോർത്തി കളയുന്നവരായി നമ്മൾ മാറുകയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment