വിഴിഞ്ഞം പദ്ധതി തുടങ്ങും മുൻപേ പരാജയം സമ്മതിക്കുന്നു




PPP, Disinvestment, സ്വപ്ന പദ്ധതികള്‍ എന്നൊക്കെ വിശേഷണമുള്ള സര്‍ക്കാര്‍ പദ്ധതികള്‍ (വല്ലാര്‍പാടം, വിഴിഞ്ഞം,വേഗത കൂടിയ റെയില തുടങ്ങിയ), അദാനി-അംബാനി ഗ്രൂപ്പ് എന്നീ പേരുകള്‍ ഒക്കെ തന്നെ നാടിനെ ഊരാ ക്കുടുക്കിലേക്കാണ് എത്തിക്കുക.  അതില്‍ കേരളത്തിനു ബാധ്യത മാത്രമാകുവാന്‍ പോകുന്നു എന്ന് തുടക്കം മുതല്‍ പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞ (വിഴിഞ്ഞം)പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍തന്നെ പ്രതിസന്ധിയില്‍ എത്തിയതായി സര്‍ക്കാര്‍ അംഗീകരിക്കുവാന്‍ നിബന്ധിതരായി കഴിഞ്ഞു .


ലോക കുത്തകകളുടെ പട്ടികയിൽ കുപ്രസിദ്ധി നേടിയ അദാനി ഗ്രൂപ്പിനെ ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ദുഷിച്ച സന്തതിയായി അവർ തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്. മുണ്ട്ര പോര്‍ട്ട്, ഖനി മേഖലയിൽ നടന്ന ദുരുഹ മരണങ്ങളെ അട്ടിമറിച്ചത്, ആസ്ട്രേലിയയിലെ ഖനനത്തിനെതിരായ സമരത്തെ തോല്‍പ്പിക്കുവാന്‍ ആ നാടിന്‍റെ പ്രധാനമന്ത്രിയെ സ്വാധീനിച്ചത്, 5500 കോടി രൂപ അനധികൃതമായി ദുബൈ വഴി മൗറീഷ്യത്തിലേക്ക് കടത്തിയ അഴിമതി കണ്ടെത്തിയിട്ടും ശിക്ഷ ഏറ്റുവാങ്ങാത്ത തൊക്കെയാണ് അവരുടെ പാരമ്പര്യം.

 


വിഴിഞ്ഞത്തെ PPP മാതൃക തന്നെ PPPപദ്ധതികളില്‍ കേട്ട് കേഴ്വി ഇല്ലാത്തതാണ്.വല്ലാർപാടത്ത്(PPP) സർക്കാരിന് ലാഭ വിഹിതം 30% അനുവദിച്ചു. തമിഴ്നാട്ടിൽ 20% ലാഭം നല്‍കുവാന്‍ അദാനി തയ്യാറായി. വിഴിഞ്ഞത്ത് സർക്കാർ വഹിക്കുന്ന പദ്ധതി ചെലവ് 63% പക്ഷേ  സർക്കാരിന് 15 വർഷത്തിനു ശേഷം 1% മാത്രം ലാഭം ലഭിക്കും.പൊതുവെ PPP കരാറുകൾ 30 വർഷമാണെങ്കില്‍ നമ്മുടെ കേരളത്തില്‍ 40 വർഷവും.


വിഴിഞ്ഞം പദ്ധതി ചെലവ് 7525 കോടിയുണ്ട്..സര്‍ക്കാര്‍ മുടക്കേണ്ടത് 4253 കോടി. അദാനി ഗ്രൂപ്പ് 2454 കോടി എടുക്കണം. കേന്ദ്രം 817കോടി Grant viability fund  കൊടുക്കും. സംസ്ഥാനം 1635 കോടി grant നല്‍കണം.(നഷ്ട്ടം ഉണ്ടാകുമെന്ന് ഉറപ്പുള്ള പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കുന്ന സഹായം.) അദാനിയുടെ പങ്ക് 2454 കോടി രൂപ ബാങ്കുകളില്‍ നിന്നും ഈടുവേക്കാതെ ലോണ്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യറായി .ആദ്യ 20 വര്‍ഷം എല്ലാ ലാഭവും അദാനിക്ക്.

 


സർക്കാർ മുടക്കുന്ന 5071 കോടി 40 വർഷം കഴിയുമ്പോൾ നാടിന് ഉണ്ടാക്കുന്ന മൊത്തം ബാധ്യത 2. 2 ലക്ഷം കോടി രൂപവരുന്നു.അദാനിക്കു ലാഭം 29217 കോടി രൂപയും. 650 ഏക്കറിൽ SEZ, അതിൽ 105 ഏക്കറിൽ അദാനിക്ക് എന്തു കച്ചവടവും നടത്തുവാൻ അവകാശമുണ്ടായിരിക്കും. വിഴിത്തം തുറമുഖത്തു നിന്നും 10000 മത്സ്യ തൊഴിലാളികൾ 2 ടൺ വീതം മത്സ്യം പ്രതിവർഷം /Per head പിടിച്ചെടുക്കുന്നു എന്ന കണക്കുകളെ മറക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നുവോ ?


ലോകത്തെ ഷിപ്പിംഗ് രംഗം പ്രതിസസിയിലാണ് ഒപ്പം ഇന്ത്യൻ ഷിപ്പിംഗ് കാർഗോ മേഖല മത്സരശേഷി ഇല്ലാതെ കിതക്കുന്നു.അതിനുള്ള തെളിവാണ് വല്ലാർപാടം ലക്ഷ്യത്തിനടുത്തെത്താതെ ഇഴയുന്നു എന്ന യാഥാര്‍ഥ്യവും. അപ്പോഴും കരാറുകാർ സുരക്ഷിതരാണ്‌.(500 കോടി ലാഭം ദുബൈക്കുകടത്തി കഴിഞ്ഞു.)


വികസനത്തിന്‍റെ ഗുണഭോക്താക്കൾ ആരായിരിക്കണം ? എന്താണ് വികസനം കൊണ്ട് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ ഉദ്ദേശിക്കുന്നത്?

 


വിമാനത്താവളവും തുറമുഖവും കുപ്പിവെള്ള ഫാക്ടറിയും മെട്രോയും ഷോപ്പിംഗ് മാളും വികസനമായി പരിഗണിക്കുന്നവർ ജനങ്ങളെ പറ്റിക്കുകയാണ്.വികസനം എന്നാൽ കോർപ്പറേറ്റുകളുടെ കാർണിവലുകൾ എന്നാണ് നമ്മുടെ ജന നായകര്‍ ആവര്‍ത്തിക്കുന്നത്.


വിഴിഞ്ഞം പ്രകൃതിക്കെതിരായ , കടലിന്‍റെ മക്കൾക്കെതിരായ , കേരളീയർ ക്കെതിരായ വെല്ലുവിളിയാണ്.എന്തുകൊണ്ട് വിഴിഞ്ഞം പദ്ധതി നാടിന് ഗുണം ചെയ്യില്ല ?


പാരിസ്ഥിതി പ്രശ്നങ്ങള്‍:


കേരളത്തിലെ തീരങ്ങളില്‍ ഏറ്റവുമധികം  മണ്ണൊലിപ്പ് നടക്കുന്ന രണ്ടു സ്ഥലങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം.മറ്റു തുറമുഖങ്ങളില്‍ നിന്നു വ്യസ്ത്യസ്ഥമായി പുലിമുട്ടുകള്‍ കടലില്‍ നിര്‍മ്മിച്ചാണ് (3.2 km) ഇവിടെ തുറമുഖം പണിയുന്നത്.കൃത്രിമ പുലിമുട്ടുകള്‍ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.തൊട്ടടുത്ത പ്രദേശമായ മുതലപ്പൊഴിയിലും തേങ്ങാപട്ടണത്തും നേരത്തെ പണിഞ്ഞ പുലിമുട്ടുകള്‍ കടല്‍ കയറ്റത്തിനും ഇറക്കത്തിനും കാരണമായി. വിഴിഞ്ഞത്തെ fishing harbor നായുള്ള പുലി മുട്ടിലൂടെ (400മീറ്റര്‍) 200 മീറ്റര്‍ കര നഷ്ട്ടപ്പെട്ടു. പഴയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ 3200 മീറ്റര്‍ പുലിമുട്ടുകള്‍ ഉണ്ടാക്കുമ്പോള്‍ 1.6 KM കര കടലെടുക്കും എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.(കോവളം മുതല്‍ വേളി വരെ).165 ഏക്കര്‍ കടല്‍ നികത്തലും  3.2 KM പുലിമുട്ടും കടലിന്‍റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കും അതിന്‍റെ അടയാളങ്ങള്‍ ഇപ്പോള്‍ പ്രകടമാണ്.
 

 

പുലിമുട്ടു നിര്‍മ്മാണത്തിന് ആവശ്യമായി വരുന്ന 70 ലക്ഷം ടണ്ണ്‍ പാറ (മൊത്തം 140 ലക്ഷം ടണ്ണ്‍ പാറ) പൊട്ടിച്ചു മാറ്റുന്നത് സഹ്യപര്‍വ്വതത്തിന് വന്‍ ഭീഷണിയാണ്.മത്സ്യങ്ങളുടെയും കാക്കയുടെയും ആവാസ വ്യവസ്ഥക്ക് കുഴപ്പങ്ങള്‍ വരുത്തും എന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.


തൊഴില്‍ മേഖല:


33340 മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ തൊഴില്‍ (ടൂറിസം മേഖലയിലും)പ്രതിസന്തികള്‍ക്ക് കാരണമാകും.പകരം കിട്ടാവുന്ന തുറമുഖ തൊഴില്‍ അവസരം 2000 മാത്രം.


തുറമുഖമല്ല real estate ആണ് ലക്ഷ്യം.


സര്‍ക്കാര്‍ നല്‍കുന്ന 351 ഏക്കര്‍ ഭൂമിയുടെ മൂന്നിലൊന്ന്‍ തന്‍റെ ഇഷ്ട്ടാനുസരണം അദാനിക്ക് ഉപയോഗിക്കാം.അതിന്‍റെ മാര്‍ക്കറ്റ്‌ വില കുറഞ്ഞത്‌ 1200 കോടി രൂപയുണ്ടാകും.


കാര്യക്ഷമതയുടെ കാര്യത്തില്‍(സാങ്കേതികമായും സാമ്പത്തികവും) പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ തുറമുഖങ്ങളെ അന്തര്‍ദേശിയമായി മെച്ചപെടുത്തുവാന്‍ പദ്ധതിയില്ലാത്ത സര്‍ക്കാരുകള്‍ വല്ലാര്‍പാടം ദുരന്തത്തിനുശേഷം വീണ്ടും വിഴിഞ്ഞത്തിനു പേരില്‍ പൊതുമുതല്‍ അനാഥമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനകം സ്വന്തം ആസ്തി 13 മടങ്ങുകണ്ടുവര്‍ദ്ധിപ്പിക്കാന്‍ വിജയിച്ച അദാനി കുടുബത്തെ മാത്രം സന്തോഷിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതി. തീരങ്ങളെ ദുരിതത്തിലെത്തിക്കും.


1000 ദിവസത്തി നുള്ളില്‍ വിഴിഞ്ഞത്ത് കപ്പല്‍ അടുപ്പിക്കും എന്ന് പറഞ്ഞ അദാനി ഇപ്പോള്‍ ആ ഉറപ്പു ലംഘിച്ചു എന്നത് അവിചാരിതമല്ല. പ്രവൃത്തി ആരംഭിച്ചത് 2015 ഡിസംബർ 5നായിരുന്നു. 2019 ഡിസംബർ 4 ന് ഒന്നാം ഘട്ടം പൂർത്തിയാക്കും എന്നായിരുന്നു കരാർ. എന്നാൽ, കരാർ കാലാവധിയായ ഈ 4 വർഷങ്ങൾ പിന്നിട്ടിട്ടും തുറമുഖത്തിന്‍റെ നട്ടെല്ലായ പുലിമുട്ടിന്റെ നിർമ്മാണം 25% പോലും പൂർത്തിയാക്കാനായില്ല. ഇനി മൂന്ന് മാസം കഴിഞ്ഞാൽ പ്രതിദിനം 12 ലക്ഷം രൂപ എന്ന നിരക്കിൽ സർക്കാരിന് നഷ്ടപരിഹാരം നൽകണം എന്നാണ് കരാര്‍. 


കേരളത്തിന് ബാധ്യതമാത്രമാകുന്ന വിഴിഞ്ഞം പദ്ധതി എത്രയും പെട്ടെന്ന് ഉപേക്ഷിക്കുകയും കടല്‍ തീരങ്ങള്‍ സുരക്ഷിതമാക്കിമാറ്റി  അവയെ മത്സ്യ തൊഴിലാളികളുടെ ആവാസ വ്യവസ്ഥയായി പരിഗണിച്ച് വേണ്ട സഹായങ്ങള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment