കോളക്കെതിരെ സമരം ചെയ്ത ജനതയെ ഇനിയും കഷ്ടപ്പെടുത്തരുത് ; ബ്രൂവറി പ്ലാന്റിനെതിരെ വി.എസ്




കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്ത് ബ്രൂവറി പ്ലാന്റിന് അനുമതി കൊടുത്ത നടപടിക്കെതിരെ വി.എസ് അച്യുതാനന്ദൻ. പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തില്‍ പ്രതിവര്‍ഷം അഞ്ചു കോടി ലിറ്റര്‍ ബിയര്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് വി.എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. ഭൂഗര്‍ഭ ജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നൽകിയത് ആശങ്കാജനകമാണെന്നും മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ് പറഞ്ഞു. 

 

പെപ്സി, കോക്ക കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനത്തെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും വി.എസ് പറഞ്ഞു. വൻതോതിൽ ജലമൂറ്റുന്ന പദ്ധതിക്കെതിരെ സിപിഎം പ്രാദേശിക ഘടകവും രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ടു നിന്ന പോരാട്ടത്തിലൂടെ ആഗോള ഭീമൻ കൊക്കകോളയെ കെട്ടുകെട്ടിച്ച നാട്ടിലേക്കാണ് ബ്രൂവറി പ്ലാന്റ് വരുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment