നദികളിലെ ജലനിരപ്പ് അതിവേഗം താഴുന്നു ; പ്രളയശേഷം കുടിവെള്ള ക്ഷാമത്തിലേക്ക്




സംസ്ഥാനത്തെ നദികളിലേയും തോടുകളിലെയും ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. പ്രളയത്തിന് ശേഷം പെരിയാറിലെ ജലനിരപ്പ് 15  അടിയോളം താഴ്ന്നു. പലയിടത്തും പുതിയ മണൽതിട്ടകൾ തെളിഞ്ഞു തുടങ്ങി. പുഴയുടെ മധ്യഭാഗത്തു പോലും അരയ്ക്കൊപ്പം വെള്ളംമാത്രമാണുള്ളത്. ഇത് ശുദ്ധജല വിതരണത്തെ സാരമായി ബാധിക്കും. ആലുവയില്‍നിന്നുള്ള ശുദ്ധജല പമ്പിങ് ദിവസങ്ങള്‍ക്കുള്ളില്‍ നിലയ്ക്കുമെന്നാണ് ജല അതോറിറ്റി നൽകുന്ന സൂചന. നേരത്തെ തന്നെ കുടിവെള്ള ക്ഷാമത്തെ നേരിടാൻ കരുതിയിരിക്കണമെന്ന് ജല അതോറിറ്റി ജില്ലാ കളക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 

 

സമാനമായ അവസ്ഥയാണ് സംസ്ഥാനത്തെ മറ്റു നദികളിലും. മൂവാറ്റുപുഴയാർ, മണലി, ചാലക്കുടി, കുറുമാലി പുഴകളുടെയും മീനച്ചലാര്‍, മണിമലയാര്‍, പമ്പ, അച്ചന്‍കോവില്‍ എന്നിവയിലും ജലനിരപ്പ് അടിക്കടി താഴോട്ട് പോകുകയാണ്. പ്രളയത്തിന് ശേഷം കനത്ത വരൾച്ചയാണ് വരാൻ പോകുന്നതെന്ന സൂചന ദിവസങ്ങളായി വിദഗ്ദർ നല്കിക്കൊണ്ടിരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ പല ഭാഗത്തും ഭൂഗർഭ ജലനിരപ്പ് വൻതോതിൽ താഴുന്നതായി റിപ്പോർട്ട് വന്നിരുന്നു. ജലനിരപ്പ് താഴുന്നത് സംബന്ധിച്ച് സി.ഡബ്ള്യു.ആർ.ഡി.എം പഠനം നടത്താൻ ഒരുങ്ങുകയാണ്. 

 

ആഗോള തലത്തിൽ തന്നെ വലിയ വരൾച്ചയ്ക്ക് കാരണമായേക്കാവുന്ന എൽ നിനോ പ്രതിഭാസം മൂന്ന് മാസത്തിനകം സംഭവിക്കുമെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളൊക്കെയും കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment