മൃഗങ്ങൾക്കായി പാലങ്ങൾ (Animal Bridges) എന്നാകും കേരളത്തിലെത്തുക ?




നിർമ്മാണത്തിലിരിക്കുന്ന ഡല്‍ഹി - മുംബൈ എക്സ്പ്രസ് ഹൈവേയിൽ വന്യ ജീവികളെ സംരക്ഷിക്കുന്നതിനായുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ പോകുന്ന വാർത്ത വന്യ ജീവി സംരക്ഷണ വാരത്തിൻ്റെ ഭാഗമായി പുറത്തു വന്നു 'അനിമൽ ബ്രിഡ്ജുകൾ’ (മൃഗ പാത) നിര്‍മ്മിക്കാനാണ് ഉദ്ദേശം. റോഡിന് ഇരു വശങ്ങളിലുമുള്ള വനത്തെ തമ്മില്‍ ബന്ധിപ്പിച്ച് റോഡിനു കുറുകെ മൃഗങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പാലമാണ് അനിമല്‍ ബ്രിഡ്ജ്. പാലത്തിനു മുകളില്‍ മണ്ണു വിരിച്ച് മരങ്ങള്‍ നട്ടു പിടിപ്പിക്കും. പൂര്‍ണ്ണമായും വനം പോലെ തോന്നിക്കും. ഇതു വഴി മൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. മൃഗങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുവാൻ ഇവിടെ സാധിക്കും. വന്യ ജീവി സംരക്ഷണത്തിനും അവയുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുവാനും സഹായകരമാണ് പദ്ധതി. 


രാജസ്ഥാനിലെ രൺ തമ്പോർ-മുകുന്തറ (Darrah) വന്യ ജീവി ഇടനാഴിയിലാണ് മൃഗങ്ങൾക്കായി പാലം. പദ്ധതി അനുസരിച്ച് 2.5 Km ദൈർഘ്യമുള്ള അഞ്ച് പാലങ്ങള്‍ ആണ് പണിയുക. റോഡിന് ഇരുവശത്തും 8 മീറ്റർ ഉയരത്തിലുള്ള അതിർത്തി മതിലും സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

1950 മുതൽ തന്നെ യൂറോപ്യൻ രാജ്യങ്ങളില്‍ മൃഗ സംരക്ഷണ പാലങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അമേരിക്കയും കാനഡയും കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇത്തരത്തില്‍ നിരവധി പാലങ്ങള്‍ ആണ് നിര്‍മ്മിച്ചത്. അമേരിക്കക്കാർ പ്രതി വർഷം 800 കോടി ഡോളർ ചെലവഴിച്ചാണ് സമാന പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. വന്യ ജീവി സംരക്ഷണത്തിനായി നെതർലൻഡിൽ 70 നടുത്ത് പാലങ്ങള്‍ ഉണ്ട്. ചെറുതും വലുതുമായ മൃഗങ്ങളെ സഹായിക്കുന്നതിനാണ് ഇത്തരത്തില്‍ മൃഗങ്ങള്‍ കടന്നു പോകുന്ന പാലങ്ങള്‍ നിര്‍മ്മിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഇത്തരത്തില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിലൂടെ പല ജീവികളുടെയും യാത്രകള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ചില റോഡുകളിലും റെയിൽ പാതകളിലും ചെറു ജീവികൾക്ക് പാതക്കു താഴെ കൂടി കടന്നു പോകുവാൻ സൗകര്യമൊരുക്കി സംരക്ഷിക്കുന്നു. തവളകളുടെ പ്രജനന കാലത്ത് ഇംഗ്ലണ്ടിലെ ചില റോഡുകളിൽ യാത്രാ നിരോധനം നടപ്പിലാക്കാറുണ്ട്.


ലോകത്തെ കര വിസ്തൃതിയിൽ 2.5% മാത്രമുള്ള ഇന്ത്യ, ജീവി വർഗ്ഗങ്ങളിൽ 8%ത്തെ പേറുന്നു. രാജ്യത്തെ 6% മാത്രമുള്ള പശ്ചിമ ഘട്ടം, ഇന്ത്യയുടെ 30% ജീവികളുടെ  ആവാസ വ്യവസ്ഥയാണ്. പശ്ചിമഘട്ടത്തിൻ്റെ 40% വും (1920 / 2010) നശിച്ചു കഴിഞ്ഞിട്ടും അതിലൂടെ കടന്നു പോകുന്ന പാതയെ, വന്യ ജീവി സൗഹൃദമാക്കുവാൻ നമ്മുടെ മുന്നിൽ പദ്ധതികളില്ല. ദേവികുളത്തെ ഗ്യാപ് റോഡു നിർമ്മാണത്തിൽ കാട്ടി കൂട്ടിയ പാറ പൊട്ടിക്കൽ,കാടൻ നാടുകളിൽ പോലും സാധ്യമല്ല എന്നിരിക്കെ, പശ്ചിമ ഘട്ടത്തിൽ എന്തും വികസനത്തിൻ്റെ പേരിൽ ആകാമെന്ന് ഗ്യാപ് റോഡ് നിർമ്മാണം തെളിയിച്ചു.

 


കോഴിക്കോട് നിന്ന് വയനാട്ടിലേക്കും മൈസൂരിലേക്കും ബാംഗ്ലൂരിലേക്കും യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന പാത ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെ കടന്ന് പോകുന്ന ഭാഗത്ത് കഴിഞ്ഞ 10 വര്‍ഷമായി രാത്രി 9 മണി മുതല്‍ രാവിലെ 6 മണി വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ആംബുലന്‍സ്, ഫയര്‍ എഞ്ചിന്‍ എന്നിവയെക്കൂടാതെ രാത്രി 9 മാണിക്കും10 മണിക്കും ഇടയില്‍ ഇരു ഭാഗത്തേക്കും രണ്ട് ബസ്സുകള്‍ക്ക് പോകാന്‍ അനുമതിയുണ്ട്. കര്‍ണ്ണാടകയിലെ നാഗര്‍ ഹൊളെ കടുവ സങ്കേതത്തിലൂടെ കടന്നു പോകുന്ന എല്ലാ പാതകളിലും രാത്രി കാലനിരോധ നമുണ്ട്. മൈസൂര്‍ മാനന്തവാടി പാതയിലൂടെ 2008 മുതല്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ ഗതാഗതമില്ല. ആന്ധ്രാ പ്രദേശിലെ നാഗാര്‍ജുന സാഗര്‍ ശ്രീ ശൈലം കടുവാ സംരക്ഷണ മേഖല കടന്നു പോകുന്ന ഹൈദ്രബാദ്/ശ്രീശൈലം പാതയില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ ഗതാഗതം അനുവദിച്ചിട്ടില്ല. രാജസ്ഥാനിലെ സരിസ്‌ക കടുവാ സങ്കേതത്തിൽ ഗതാഗത നിരോധനമുണ്ട്.ഇതിനെതിരെ പ്രാദേശിക സമരങ്ങൾ ഉണ്ടാകാറുണ്ട്. പരിഹാരമായി അനിമല്‍ ബ്രിഡ്ജ്കൾ സ്ഥാപിച്ചിട്ടില്ല.


കൊള്ളക്കാരും വേട്ടക്കാരും വേട്ടയും കൊലയും നടത്തുന്നത് യാത്രാ നിയന്ത്രണത്തിന് പ്രധാന കാരണമാണെന്ന് വനം വകുപ്പ് രേഖകള്‍ പറയുന്നു. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ഇത്തരം ആളുകൾ ഇതര സംസ്ഥാനങ്ങളിലേക്ക് രക്ഷപെടുന്ന നിരവധി കേസുകള്‍ വനം വകുപ്പ് കോടതിയെ അറിയിച്ചു. രാത്രിയില്‍ വാഹനങ്ങളുടെ ലൈറ്റും ശബ്ദവും രാത്രിയില്‍ ഇര തേടുന്ന ജീവികളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളും കോടതി അംഗീകരിച്ചിരുന്നു. അതു വഴി രാത്രി യാത്രാ നിരോധനം തുടരുകയാണ്.


വന്യ ജീവി സൗഹൃദ മേൽപ്പാത നിർമിക്കുന്നതിനായി 500 കോടിയാണ്‌ ചെലവ്. ഇതിൽ 250 കോടി രൂപ കേരള സർക്കാർ ബജറ്റിൽ വകയിരുത്തിയിരുന്നു. കേരളത്തിലെ വന മേഖലയിൽ വന്യ ജീവികളുടെ സുരക്ഷയെ മുൻ നിർത്തി അനിമല്‍ ബ്രിഡ്ജ്കൾ ഉണ്ടാകുവാൻ എത്ര കാലം കൂടി നമ്മൾ  കാത്തിരിക്കണം?

https://youtu.be/7LC7Wkhb7Rs

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment