പുതിയ ആഘോഷങ്ങളിൽ ആനകൾ വേണ്ടെന്ന് വന്യജീവി ബോർഡ് നിർദേശം




പുതുതായി രൂപപ്പെട്ട് വരുന്ന ആഘോഷങ്ങളിൽ ആനകളെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ വേണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡ്. പുതുതായി രൂപം കൊണ്ടിട്ടുള്ള ഉത്സവങ്ങൾ, നേർച്ചകൾ, പെരുന്നാളുകൾ, സാംസ്‌കാരിക പരിപാടികൾ, പൊതുചടങ്ങുകൾ തുടങ്ങി പലയിടത്തുമുള്ള ആഘോഷങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതായി കണ്ട് വരുന്നുണ്ട്. ഇത് നിരുത്സാഹപ്പെടുത്തണമെന്ന്  വന്യജീവി ബോർഡ് നിർദേശിച്ചു.


ആനകളെ എഴുന്നള്ളിക്കുന്ന നിരവധി ഉത്സവങ്ങളാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നത്. മണിക്കൂറുകളോളമാണ് ഉത്സവങ്ങൾക്ക് വേണ്ടി ആനകളെ കഷ്ടപ്പെടുത്തുന്നത്. പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ ആനകൾ  ഇടയാറുണ്ട്. ഇത് ആളുകൾ മരിക്കുന്നതിനും പരിക്കേൽക്കുന്നതിനും  വഴിവെക്കാറുണ്ട്. ഈ അടുത്ത ദിവസങ്ങളിൽ തന്നെ ആന ഇടഞ്ഞ രണ്ട് സംഭവങ്ങൾ ഉണ്ടായി.


അതോടൊപ്പം, ആനകളെ ഇണക്കി നിർത്താനായി ക്രൂരമായ മാർഗങ്ങൾ പാപ്പാന്മാരും ഉടമകളും ആനകളോട് കാണിക്കാറുമുണ്ട്. കാലുകളിലും പാദങ്ങളിലും വൃണങ്ങൾ ഉണ്ടാക്കിയും അവ ഉണങ്ങാൻ അനുവദിക്കാതെയും ആനകളെ അടക്കി നിർത്തുന്ന പതിവ് പലരും ചെയ്യാറുണ്ട്. ഇത്തരം വ്രണങ്ങളിൽ തോട്ടികൊണ്ട് കുത്തി ആനകളെ ക്രൂരമായി ഉപദ്രവിച്ച് അടക്കി നിർത്തുകയാണ് പലരും ചെയ്യുന്നത്. ആനകളെ നേരിടുന്ന ക്രൂരതകളെ കുറിച്ച് 'ഗ്രീൻ റിപ്പോർട്ടർ' നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.


നാട്ടാനകൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ തടയുന്നതിനും നിയമത്തിലെ പോരായ്‌മകൾ പരിഹരിക്കുന്നത്തിനുമായി ബോർഡ് നാട്ടാന പരിപാലന നിയമത്തിൽ ഭേദഗതികൾ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിയമത്തിൽ ഭേദഗതികൾ ഉൾപ്പെടുത്തി പുതുക്കിയ കരട് ചട്ടങ്ങൾ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഉത്സവകാലത്ത് വിശ്രമം നൽകാതെ ആനകളെ പരിപാടികളിൽ പങ്കെടുപ്പിക്കുന്നതും അമിതമായി ജോലി ചെയ്യുപ്പിക്കുന്നതുമാണ് അവ പ്രശ്നമുണ്ടാക്കാൻ കാരണമെന്ന് ബോർഡ് പറയുന്നു.


ആന പരിപാലനത്തിൽ പോരായ്‌മകൾ കണ്ടെത്തിയാൽ ആനകളെ പിടിച്ചെടുക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുമ്പോൾ ജില്ലാതല നിരീക്ഷണ സമിതിയുടെ അനുമതി വേണമെങ്കിലും പലരും അനുസരിക്കാറില്ല. ഈ നിയമലംഘനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷിക്കാറുമില്ല. ഉത്സവകാലത്തിന് മുമ്പും പിമ്പും അതാത് ജില്ലകളിലെ നാട്ടാന പരിപാലന സമിതി യോഗം ചേർന്ന് ആനകളെ പരിശോധിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശമുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല. നിയമത്തിൽ ഭേദഗതികൾ വരുന്നതോടെ ആനകളുടെ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുമെന്ന് പ്രത്യാശിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment