നഷ്ടപ്പെട്ട നീലക്കുറിഞ്ഞി താഴ്വരകൾ സംരക്ഷിക്കപ്പെടുമോ ?




പ്രളയത്തില്‍ നശിച്ച മൂന്നാറിലെ നീലക്കുറിഞ്ഞി താഴ്വര തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍ വനോത്സവവുമായി ബന്ധപെട്ട് സജ്ജീവ മാക്കുന്നതായി വനം വകുപ്പ് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ആനമുടി ഷോല ദേശീയോദ്യാനത്തിലെ 80 ഹെക്ടറിൽ കുറിഞ്ഞി തൈകൾ നട്ടുപിടിപ്പിക്കാന്‍ വനം വകുപ്പ് ആരംഭിച്ചു.2030ൽ നീലക്കുറിഞ്ഞി പൂക്കുന്നത് വരെ തൈകൾ വനം വകുപ്പ് പരിപാലിക്കും. നീലക്കുറിഞ്ഞി വസന്തം വിസ്മൃതിയിലാകുമോ എന്ന ആശങ്ക ഒഴിവാക്കാനാണ് വനം വകുപ്പിന്‍റെ വേറിട്ട ദൗത്യം. മൂന്നാറിൽ നീലക്കുറിഞ്ഞി അവസാനമായി പൂവിട്ടത് 2018 ലായിരുന്നു.


2018ലെ സീസണിൽ ശേഖരിച്ച വിത്തുകൾ ഒരുക്കിയെടുത്താണ് വനംവകുപ്പ് കുറിഞ്ഞി തൈകളുണ്ടാക്കിയത്.അപ്പർ ഗുണ്ടുമല, ആനമുടിച്ചോല എന്നിവിടങ്ങളിലാണ് ചെടികള്‍ നടുന്നത്. ആനമുടി ഉദ്യാനത്തിലെ വിവിധ ഇടങ്ങളിൽ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ഗ്രാന്‍റിസ്, യൂക്കാലി മരങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി, തനത് സസ്യങ്ങളും പുല്ലും വച്ചുപിടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
 

ആദിവാസികൾ തിനയെന്നു വിളിക്കുന്ന കുറിഞ്ഞിക്ക് ആചാര-അനുഷ്ടാനങ്ങളിൽ സവിശേഷ പ്രാധാന്യമുണ്ട്. തമിഴ് സംഘ സാഹിത്യത്തിൽ പശ്ചിമഘട്ട മലനിരയ്‌ക്ക് കുറിഞ്ഞിത്തിണ എന്ന പേര്‍ ലഭിച്ചത് ഈ ചെടിയില്‍ നിന്നാണ്. ലോക പൈതൃക പദവിയിലേക്ക് പശ്ചിമഘട്ടത്തിനെ ഉയർത്തുന്നതിൽ കുറിഞ്ഞികൾ വളരെ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.
 

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന ഇവ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽ 40% ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ടത്തിൽ  64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 1200 മീറ്റർ ഉയരത്തിലാണ് ഇവ വളരുന്നത്.


12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838-ലാണ് കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാനസ് (Strobilanthes kunthianas) എന്നു നിശ്ചയിച്ചത്. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ (Kunth) പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം.

 
കുറിഞ്ഞിപ്പൂക്കളിൽ പരാഗണം നടത്തുന്നത് തേനീച്ചകൾ ആണെന്ന് ബയോളജിക്കൽ സൊസൈറ്റിയായ ലിനയൻ സൊസൈറ്റി ഓഫ് ലണ്ടൻന്റെ ജേണലിലാണ് രഹസ്യം. തേനീച്ചയുടെ ശാസ്ത്ര നാമം അപിസ് സറാന ഇൻഡിക.വേനൽക്കാലം കഴിഞ്ഞു പുതുമഴ പെയ്യുന്നതോടെ കുറിഞ്ഞി വിത്തുകൾ മുളച്ചു കുറിഞ്ഞിത്തൈകൾ ഉണ്ടാകുന്നു. ഒരു ചതുരശ്ര മീറ്ററിൽ ഏകദേശം700 തൈകൾ ഉണ്ടാകും. തേനീച്ച കൂട്ടത്തിൻ്റെ നാശം കുറുഞ്ഞി തോട്ടത്തിൻ്റെ നിലനിൽപ്പിനു ഭീഷണിയായി മാറും എന്ന് വ്യക്തം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment