നെൽവയൽ നീർത്തട സംരക്ഷണ നിയമം ; അട്ടിമറി ഭേദഗതി പാസാക്കി : വ്യാപക പ്രതിഷേധം




നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ വിവാദ ഭേദഗതി നിയമസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ പാസായത്. പ്രതിപക്ഷ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. നെൽവയൽ തണ്ണീർത്തട സംഹാര നിയമമാണിതെന്നും നിയമസഭയുടെ കറുത്ത ദിനമാണിന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമ ഭേദഗതി പാസ്സാക്കരുതെന്ന് ആവശ്യപ്പെട്ട്  വി. ടി ബല്‍റാം എം.എൽ.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനിടെയാണ് ബിൽ പാസ്സാക്കിയത്. 

 

അതേസമയം പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അശുഭ സൂചകമായി ഒന്നും തന്നെ ബില്ലിലില്ല. സമൂഹത്തിന് വേണ്ടതാണ് നടപ്പിലാക്കുന്നത്. പ്രതിപക്ഷം സമൂഹത്തിന്റെ ആവശ്യം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി. 

 

നെൽവയൽ തണ്ണീർത്തട നിയമത്തിന്റെ അന്തഃസത്തയെ  അട്ടിമറിക്കുന്ന ഭേദഗതി നിയമസഭ അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു. അട്ടിമറിക്കെതിരെ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാറിന്റെ ക്യാമ്പ് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ് തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment