ജൂൺ അഞ്ച് മരംനടീൽ ; ജൂൺ 25 നിലം നികത്തൽ : പരിസ്ഥിതി സംരക്ഷണത്തിന്റെ കേരള മോഡൽ




എൺപതുകളിലെ ഒരു ഹിരോഷിമാദിനത്തിൽ നമ്മുടെ പാർലമെന്റ് ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ദുരന്തത്തിനിരയായവർക്ക് അനുശോചനം രേഖപ്പെടുത്തി, ദുരന്തത്തിന്റെ ജീവിക്കുന്ന ഇരകളെ ഓർമിച്ചു. ആണവായുധങ്ങൾ മാനവരാശിക്ക് മാരണമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ലായിരുന്നു . അതിൻറെ തൊട്ടടുത്ത ദിവസവും ആണവായുധങ്ങളെക്കുറിച്ചു ചർച്ചയുണ്ടായി, മറ്റൊരു ആംഗിളിലായിരുന്നുവെന്നുമാത്രം . ഇന്ത്യ ന്യൂക്ലിയർ ബ്രഹ്മചര്യം ഉപേക്ഷിക്കണമെന്നും ആണവായുധം നിർമ്മിച്ചേ തീരൂ എന്നുമായിരുന്നു എല്ലാവരുടെയും അഭിപ്രായം. ഒരാളൊഴികെ എല്ലാവരും അതിനെ അനുകൂലിക്കുകയായിരുന്നു .ആനന്ദാണ് ഒരു രാത്രിയിലെ ഉറക്കത്തിനുമുൻപും പിൻപും സംഭവിച്ച ഈ രണ്ടു കാര്യങ്ങളെക്കുറിച്ച് എഴുതിയിരുന്നത് .

 

ആദ്യദിവസം 'ഞങ്ങൾക്കും ജീവിക്കണം ‘എന്ന പ്ലക്കാർഡുകളും പിടിപ്പിച്ച് കുട്ടികളെ യു എൻ ആസ്ഥാനത്തേക്ക് നടത്തുകയും ചെയ്തിരുന്നു. അതേ പ്ലക്കാർഡുകളുമായി പിറ്റേന്ന് പാർലമെന്റിനു മുന്നിലേക്കുപോയാൽ രാജ്യദ്രോഹികളായിട്ടായിരിക്കും അവർ മുദ്രകുത്തപ്പെടുക. ആ പ്ലക്കാഡുകൾ അടുത്ത ഹിരോഷിമ ദിനത്തിന് നിങ്ങൾക്ക് ഉപയോഗിക്കാം. ഉത്തരേന്ത്യയിൽ മരണവീട്ടിൽ കരയാനെത്തുന്നവരെപ്പോലെ രാഷ്ട്രീയക്കാർ അന്ന് നിങ്ങൾക്കുവേണ്ടി കരയുകയും ചെയ്യും.

 

ഇത്തരത്തിലൊചാരമാണ് നമുക്ക് പരിസ്ഥിതി ദിനത്തിലെ മരം നടീൽ . കെനിയയിൽ കോടിക്കണക്കിനു മരം നട്ട വങ്കാരിമാ തായിപോലും അമ്പരന്നുപോകും ഇവിടെ നട്ട മരങ്ങളുടെ കണക്കു കേട്ടാൽ. അതാതു വർഷം പൊട്ടിച്ചുതീർത്ത പാറകൾക്കും ഇടിച്ചുനിരത്തിയ മലകൾക്കും ആനുപാതികമായിട്ടാണ് നമ്മുടെ മരങ്ങളുടെ കണക്ക്. മരങ്ങളുടെ എണ്ണം കൂടുതലായി ബാലൻസ് തെറ്റാതിരിക്കാൻ ജൂൺ 5 ന് മരം നടീൽ കഴിഞ്ഞു അധികം വൈകിക്കാതെ ജൂൺ 22 ന് പരിസ്ഥിതി ദുർബലമേഖലയിൽ നിന്ന്  തോട്ടങ്ങളെ ഒഴിവാക്കി. പോരാഞ്ഞു  ജൂൺ 25 ന് നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി ചെയ്യുക കൂടിച്ചെയ്തു. 

 

മുൻപ് സൂചിപ്പിച്ച ജീർണ രാഷ്ട്രീയത്തിന്റെ കേരളമോഡലാണ് ജൂൺ അഞ്ചുമുതൽ ഇരുപത്തഞ്ചു വരെയുള്ള ദിവസങ്ങൾക്കുളളിൽ നമ്മൾ കാണുന്നത് . പരിസ്ഥിതിസംരക്ഷണവും   വികസനപ്രവർത്തനങ്ങളും  ഇത് രണ്ടും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകും? വികസനം വേണ്ടേ? വീട് വയ്ക്കണ്ടേ?  എന്നാണ് മലയാളിയുടെ ചോദ്യം .അതായത് പരിസ്ഥിതി സംരക്ഷണമെന്നാൽ വികസനത്തെ തടയലും വീടുവയ്ക്കാൻ അനുവദിക്കായ്കയുമാണ്.  അങ്ങനെയാണ് മലയാളിയുടെ പരിസ്ഥിതി സാക്ഷരതനിലകൊള്ളുന്നത് .


എന്നാൽ വികസനം ഉണ്ടാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക ബാധ്യതയും അസമത്വങ്ങളും അളന്നു തിട്ടപ്പെടുത്തുകയാണ് ലോകരാഷ്ട്രങ്ങൾ. ആ ഒരു വിവേകത്തിലേക്ക് ഇനിയും കേരളസമൂഹം ഉണർന്നിട്ടില്ല.  ഈ വികസനമോഡൽ ഔട്ട് ഓഫ് ഫാഷൻ ആയ വിവരം നമ്മൾ അറിഞ്ഞിട്ടില്ല . ഇതിന്റെ പ്രത്യാഘാതങ്ങൾ വരും തലമുറയല്ല ഈ തലമുറ തന്നെ അനുഭവിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത് . 100 ശതമാനം സാക്ഷരതയുള്ളപ്പോഴും പരിസ്ഥിതി സാക്ഷരത ശരാശരിയിലും താഴെയാണ് .ഈ പാരിസ്ഥിതിക നിരക്ഷരതയാണ് ഗവണ്മെന്റുകൾക്ക് നിയമങ്ങൾ മാറ്റിയെഴുതാൻ, പരിസ്ഥിതിസംരക്ഷണം ആചാരങ്ങളിലൊതുക്കാൻ ധൈര്യം പകർന്നുകൊടുക്കുന്നത് .


ശിലായുഗം വെങ്കലയുഗം എന്നൊക്കെപ്പറയുന്നതുപോലെ ഒരു ജെ സി ബി- ടിപ്പർ -റ്റോറസ് യുഗത്തിലൂടെയാണ് കേരളത്തിലെ ഗ്രാമങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത് . വർഷാവർഷം അശാസ്ത്രീയമായി റോഡുപണിയുമ്പോഴും കടലിൽ കല്ലിടുമ്പോഴും നശിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിന്റെ ഗ്രാമങ്ങളാണ്. 10 ലക്ഷം ടിപ്പറുകളും ഒരുലക്ഷം ജെ സി ബി യും ചേർന്ന് ഹോളിവുഡ് സിനിമകളിലെ ഭീകര ജീവികളെപ്പോലെ  കേരളത്തെ ആക്രമിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് . ഇതിന്റെ പരിസ്ഥികാഘാതങ്ങൾ പോയിട്ട് ക്വാറി എന്ന വാക്കുപോലും സർക്കാരിന്റെ പരിസ്ഥിതി  ധവളപത്രത്തിലില്ല  . ഇങ്ങനെപോയാൽ കേരളം മരുഭൂമിയാകും സാരമില്ല പെട്രോൾ കിട്ടുമല്ലോ എന്ന് വൈക്കം മുഹമ്മദ് ബഷീർ പരിഹാസത്തോടെ പറഞ്ഞിട്ടുണ്ട്  .അത് സീരിയസ്സായി എടുത്തിരിക്കുകയാണ് വികസന ഭ്രാന്തന്മാരും ഇടതു വലതു വ്യത്യാസമില്ലാതെ ഗവൺമെന്റുകളും.


അനധികൃതവും അശാസ്ത്രീയവമായ ഖനനത്തെ, കോൺട്രാക്ട് ലക്ഷ്യം മാത്രം മുന്നിൽവെക്കുന്ന നിർമാണപ്രവർത്തനത്തെ വികസനമായിക്കാണുന്ന ഒരു ജനതയാണ് നമ്മുടേത്. കുറച്ചു നശിച്ചാലും എന്തെങ്കിലും നേട്ടം ഉണ്ടുകാമല്ലോ എന്നതാണ് ആശ്വാസം. കുറെപ്പേർക്ക് തൊഴിൽ കിട്ടുമെന്നതും .ഈ ആശ്വാസങ്ങളും വിശ്വാസങ്ങളുമെല്ലാം അസ്ഥാനത്താകാൻ വലിയ താമസമില്ല . ഓരോപദ്ധതികൾ തുടങ്ങുമ്പോഴും വികസന വിരുദ്ധരെന്നും വികസനത്തെ അനുകൂലിക്കുന്നവരെന്നും ജനത രണ്ടായി വിഭജിക്കപ്പെടുന്നു. മനുഷ്യൻ അവന്റെ ഇടങ്ങളിൽനിന്ന് കുടിയിറക്കപ്പെടുന്നു. കാതിക്കുടത്തും പുതുവൈപ്പിനിലും ഉണ്ടായതുപോലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ ലാത്തിച്ചാർജ്ജിന് വിധേയരാക്കപ്പെടുന്നു. അവസാനം പദ്ധതികൾ നഷ്ടത്തിലാകുന്നു. ലാഭം കോർപ്പറേറ്റുകൾക്കും കോൺട്രാക്ടർക്കും മാത്രമാകുന്നു .മാലിന്യം അടിഞ്ഞുകൂടുകയോ  അല്ലെങ്കിൽ ഒഴുകി ജലസ്രോതസ്സുകളെ നശിപ്പിക്കുകയോ ചെയ്യുന്നു .ഇതാണ് വികസനത്തിന്റെ ബാലൻസ് ഷീറ്റ് . വ്യക്തമായി  കണക്കെടുക്കാതെതന്നെ ഇപ്പോഴത്തെ വികസനം ഒരു നഷ്ടക്കച്ചവടമാണെന്നുകാണാം.


തൊഴിൽ ആരുടേയും ഔദാര്യമല്ല . തൊഴിലാളി പ്രസ്ഥാനങ്ങളുടെ അന്തസ്സ് പണയംവച്ചായിരിക്കരുത് പുതിയകാലത്തും ഉൽപ്പാദനബന്ധങ്ങൾ. വനം വെട്ടിത്തളിച്ചു തോട്ടങ്ങളാക്കുമ്പോഴും പറഞ്ഞത് തൊഴിൽ കിട്ടും എന്നായിരുന്നു . ലയങ്ങളിൽ അടിമകളെപ്പോലെ തുച്ഛമായ വേതനത്തിൽ ദയനീയമായി ജീവിക്കുന്നവരുടെ അടിമത്താവസ്ഥ  പുറത്തുവന്നത് സ്ത്രീകൾ ബോണസ് കിട്ടാതെ തെരുവിൽ സത്യാഗ്രഹമിരുന്നപ്പോഴാണ് . നഴ്സുമാരുടെ ശമ്പളവ്യവസ്ഥ അട്ടിമറിച്ചും കടകളിലും മറ്റ് അസ്സംഘടിതമേഖലകളിലും  തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുന്നവർക്ക് കാര്യക്ഷമമായ ഒരു യൂണിയൻ പോലുമുണ്ടാക്കാതെയുമുള്ള തൊഴിലാളിപ്രേമത്തിൽ നഷ്ടപ്പെടുന്നത് കേരളത്തിന്റെ ജലസ്രോതസ്സുകളും വരും തലമുറയ്ക്കു വേണ്ടുന്ന പരിസ്ഥതിവിഭവങ്ങളുമാണ് .നമ്മുടെ കരകൗശലമേഖല ഇനിയും ഗതിപിടിച്ചിട്ടില്ല .അൺ എയ്‌ഡഡ്‌ മേഖലയിൽ അദ്ധ്യാപകർക്ക് അന്തസ്സായി വേതനം കിട്ടുന്നില്ല . ഇതൊന്നും നേരെയാക്കാൻ കഴിയാത്തതിന്റെ അരിശം തീർക്കേണ്ടത് വയലിനു മേൽ മണ്ണിട്ടു കൊണ്ടല്ല .

 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം അമേരിക്കയിലുണ്ടായതുപോലുള്ള  പാരിസ്ഥിതികവും  സമ്പത്തികവുമായ തിരിച്ചടികൾ ഒരേ സമയം തന്നെ നേരിടേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കേരളം പൊയ് ക്കൊണ്ടിരിക്കുന്നത് .എല്ലാത്തിനും പരിധികളുള്ള ഭൂമിയിൽ പരിധിയില്ലാത്ത ഉത്പാദനം  എങ്ങനെ സാധ്യമാകും എന്ന ചോദ്യം ചോദിച്ചുകൊണ്ട് വികാസനോന്മാദത്തിൽനിന്ന് പാരിസ്ഥിതിക സാക്ഷരതയിലേക്ക് സഞ്ചരിക്കാം. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടു മാത്രമേ തൊഴിലുണ്ടാക്കാൻ സാധിക്കൂ (നിലവിൽ അതാണ് നടക്കുന്നതെങ്കിലും ) എന്ന, അല്ലെങ്കിൽ നാട് പട്ടിണിയിലാവുമെന്ന ഉമ്മാക്കിയിൽ ഭയന്നുപോയാൽ അതിനു നമ്മൾ വലിയ വിലകൊടുക്കേണ്ടി വരും.

Green Reporter

Ganesh Anchal

Visit our Facebook page...

Responses

0 Comments

Leave your comment