ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ ജിയോളജിസ്റ്റ് എത്തിയത് ക്വാറി ഉടമയുടെ വാഹനത്തിലെന്ന് ആരോപണം




കോഴിക്കോട് : ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥ സഞ്ചരിച്ചത് ക്വാറി ഉടമയുടെ വാഹനത്തിലെന്ന് പരാതി. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ  നിരന്നപാറ അമ്മായിക്കാട് എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ സമീപവാസികൾ നൽകിയ പരാതി അന്വേഷിക്കാനെത്തിയ കോഴിക്കോട് അസിസ്റ്റന്റ് ജിയോളജിസ്റ്റിനെതിരെയാണ് ആരോപണം ഉയരുന്നത്. ഔദ്യോഗിക വാഹനം നിർത്തിയിട്ട ശേഷം സമീപത്ത് കിടക്കുന്ന വാഹനത്തിലേക്ക് കയറുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രത്തിൽ കാണുന്ന കറുത്ത ജീപ്പ് ക്വാറി ഉടമയുടേത് ആണെന്നും ജില്ലാ അസിസ്റ്റന്റ് ജിയോളജിസ്റ്റ് ആ വാഹനത്തിലാണ് സഞ്ചരിച്ചതെന്നുമാണ്  പ്രദേശവാസികളും, പ്രാദേശിക മാധ്യമപ്രവർത്തകരും പറയുന്നത്. 

 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ നിജസ്ഥിതി സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് തയ്യാറായിട്ടില്ല. ആ ഉദ്യോഗസ്ഥ അവിടെ പോയോ എന്ന് ഉറപ്പില്ലെന്നും, ചില സാഹചര്യങ്ങളിൽ ഔദ്യോഗിക വാഹനം പോകാത്ത സ്ഥലങ്ങളിൽ മറ്റു വാഹനങ്ങളിൽ പോയി പരിശോധന നടത്താറുണ്ടെന്നും ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി ഓഫീസർ ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 

 

അതേ സമയം, നിരന്നപാറയിൽ 10 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ക്വാറിക്ക് നൽകിയ അനുമതി കോടഞ്ചേരി പഞ്ചായത്ത് റദ്ധാക്കിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റി ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്. പാരിസ്ഥിതിക അനുമതി നേടിയാൽ ലൈസൻസ് പുനഃസ്ഥാപിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 

 

സംസ്ഥാനത്തുടനീളം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ക്വാറി മാഫിയക്ക് ഒത്താശ ചെയ്യുന്നതായി നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് അസിസ്റ്റന്റ് ജിയോളജിസ്റ്റിനെതിരായ ആരോപണം പ്രസക്തമാകുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം പരിശോധിച്ച് കർശനമായ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment