പട്ടിണിയാണ്, ഭീഷണിയുണ്ട്, എങ്കിലും സമരം തുടരും ; ക്വാറി മാഫിയക്കെതിരെ ഒറ്റക്ക് പോരാടുന്ന ദളിത് കുടുംബം പറയുന്നു





"ഭർത്താവ് ജയിലിലാണ് , ഇവിടെ മുഴുപ്പട്ടിണിയാണ്. ഞാനും എന്റെ രണ്ടു പെൺമക്കളും ഉണ്ട്, കൊന്ന് കളയുമെന്നാണ് ക്വാറിക്കാരുടെ ഭീഷണി. എന്നാലും ഞങ്ങൾ സമരം തുടരും."


ക്വാറി മാഫിയക്കെതിരെ ഒറ്റയ്ക്കു പോരാടുന്ന ബിന്ദു എന്ന ദളിത് സ്ത്രീയുടെ വാക്കുകളാണിത്. കിളിമാനൂർ തോപ്പിൽ കോളനിയിൽ ജിത്തുഭവനിൽ  സേതുവിൻറെ ഭാര്യയാണ് ബിന്ദു. വീട് ആക്രമിക്കുകയും ഭാര്യയേയും പെൺമക്കളെയും കൈയേറ്റം ചെയ്യുകയും ചെയ്ത ക്വാറി മാഫിയക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വർഷത്തോളമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ് സേതു. സമരത്തിന് പരിഹാരമാവാത്തതിലും വീട്ടിലെ അവസ്ഥയും കൊണ്ട് നിരാശനായ സേതു കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്ത സേതു ഇപ്പോൾ ഏഴു ദിവസമായി ജയിലിലാണ്. 

 

2017 മാർച്ച് മാസം 31 നാണ് കൂലിപ്പണിക്കാരനായ സേതുവിൻറെ വീട്ടിലേക്ക് സമീപത്തുള്ള ക്വാറിയിൽ നിന്ന് സ്‌ഫോടനത്തിൽ പാറ തെറിച്ച് വീണത്. ബിന്ദുവും മക്കളും മാത്രമാണ് അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. വീടിന് മുകളിൽ കളിച്ച് കൊണ്ടിരുന്ന രണ്ടു പെണ്മക്കൾ ആഹാരം കഴിക്കാൻ താഴേക്ക് ഇറങ്ങിയ ഉടനാണ് പാറ വലിയ ശബ്ദത്തോടെ വീടിന് മുകളിൽ പതിച്ചത്. കൂറ്റൻ പാറ വീണ് വീടിന്റെ അടുക്കള ഭാഗം വിണ്ടു കീറി. അടുത്ത വീട്ടിലെ ഫോണിൽ നിന്ന് ബിന്ദു സേതുവിനെ വിളിച്ച് വിവരം പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായത് അറിയാമായിരുന്ന സേതു പാറ എടുത്ത് മാറ്റാൻ അനുവദിക്കരുതെന്ന് ബിന്ദുവിനോട് പറഞ്ഞു. 

" സന്ധ്യക്ക് ഒരു ഏഴു മണിയായപ്പോ രണ്ടു പേര് കേറി വന്നു, ഞങ്ങൾ ക്വാറിയിൽ നിന്ന് വരികയാ, പാറ വീണത് എവിടാണെന്ന് ചോദിച്ചു.  പാറ എടുക്കാൻ പറ്റില്ല, എന്റെ ഭർത്താവ് വന്നിട്ടേ പറ്റൂ എന്ന് ഞാൻ പറഞ്ഞു. ഉടൻ അവര് കേട്ടാലറക്കുന്ന തെറി വിളിച്ച്, ഭർത്താവിനെ കൊന്ന് കളയുമെന്ന് ഭീഷണി പെടുത്തി, എന്നേം മക്കളേം ആക്രമിച്ച ശേഷം വീടിന് മുകളിൽ കയറി പാറ എടുത്ത് കൊണ്ട് പോയി " ബിന്ദു പറയുന്നു.

 

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ സേതു ക്വാറിയിലേക്ക് പോയെന്നും തിരികെ എത്തിയ ശേഷം വിഷണ്ണനായി ഒറ്റ ഇരുപ്പായിരുന്നുവെന്നും ബിന്ദു ഓർക്കുന്നു. പിറ്റേ ദിവസം കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. ഉച്ചയായപ്പോൾ ഒരു പോലീസ്‌കാരനെത്തി വീടിന് ചുറ്റുമൊക്കെ നോക്കിയാ ശേഷം ചിരിച്ച് കൊണ്ട് മടങ്ങിപ്പോയി. ബിന്ദു ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. 

 

ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനായ അജിത്കുമാറിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ക്വാറി. അദ്ദേഹത്തിന്റെ ഭാര്യ ഓമനയുടെ പേരിലാണ് ലൈസൻസുകൾ. സിപിഐഎം നേതാവും കിളിമാനൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ.ബി പ്രിൻസാണ് ക്വാറി മാനേജർ. ആളുകൾ തിങ്ങിപ്പാർക്കുന്ന കോളനിക്ക് നടുവിലാണ് ക്വാറി പ്രവർത്തിക്കുന്നത്.

സേതുവിൻറെ വീടിൽ കല്ല് വീഴുന്നതിന് മുൻപും അതിന് ശേഷവും പല വീടുകളിലും കല്ല് വീണിട്ടുണ്ട്. അവരൊക്കെ ഭയന്ന് മിണ്ടാതിരിക്കുകയോ, കല്ല് ക്വാറിയിൽ കൊണ്ട് കൊടുത്ത് പണം വാങ്ങാറാ ആണ് പതിവെന്ന് പ്രദേശത്തെ സമരസമിതി പ്രവർത്തകൻ സാജൻ പറയുന്നു. സേതുവിന്റെ വീടിന് സമീപത്തുള്ള വീട്ടുകാരെല്ലാം ക്വാറിയിലെ ജോലിക്കാരോ അവരെ ഭയക്കുന്നവരോ ആണ്. 

 

പോലീസിന്റെ ഭാഗത്ത് നിന്ന് അവഗണന തുടർന്നതോടെ സേതുവും കുടുംബവും തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. ഭീഷണി തുടർന്നതോടെ ഏപ്രിൽ നാലാം തീയതി മുതൽ കുടുംബ സമേതം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിക്കുകയായിരുന്നു.

 

സമരം തുടങ്ങിയതോടെ കിളിമാനൂർ സി.ഐ തന്നെ വിളിപ്പിച്ചെന്നും ഭർത്താവ് നഷ്ടപ്പെടില്ലേ, ക്വാറി മാഫിയയോടല്ലേ കളി, മര്യാദക്ക് കിട്ടുന്നത് വാങ്ങി ജീവിച്ചാൽ പോരെ എന്നൊക്കെ ചോദിച്ച് ഭീഷണി പെടുത്തിയെന്ന് ബിന്ദു ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ മൂന്ന് ദിവസത്തിനകം നടപടി ഉറപ്പ് നൽകിയെങ്കിലും ഏഴു ദിവസത്തിന് ശേഷവും യാതൊരു നടപടിയും ഉണ്ടാകാതെ വന്നതോടെ സേതു ആദ്യ തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്ന് ആശുപത്രിയിൽ കൊണ്ട് പോയ ശേഷം സ്റ്റേഷനിലെത്തി ഭാര്യയുടെ ജാമ്യത്തിൽ വിട്ടു. കിളിമാനൂരിൽ പോയി സി.ഐയോട് സംസാരിക്കാനും പ്രശ്നം ഒത്തുതീർപ്പാക്കാമെന്നും പറഞ്ഞാണ് വിട്ടതെന്ന് ബിന്ദു പറയുന്നു. എന്നാൽ സി.ഐക്ക് മുന്നിൽ എത്തിയപ്പോൾ വീണ്ടും പണം വാങ്ങി സ്ഥലം വിട്ട് പോകാനാണ് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് ഇവർ വീണ്ടും സമരസ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് രാവിലെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും അഞ്ച് ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. 

 

ഇതിനിടയിൽ വില്ലേജ് ഓഫീസർ ചർച്ചയ്ക്ക് വിളിച്ചതനുസരിച്ച് അവിടെയെത്തിയ ബിന്ദുവിനോട് ക്വാറി ഉടമയുടെ സാന്നിധ്യത്തിൽ ഇവരോടൊക്കെ മത്സരിക്കാൻ നിക്കണോ, ഒരു കല്ലല്ലേ വീണത് കിട്ടുന്നതും വാങ്ങി മര്യാദയ്ക്ക് ജീവിക്കാൻ നോക്കിക്കൂടെ എന്നാണ് വില്ലേജ് ഓഫീസർ ചോദിച്ചത്. വില്ലേജ് ഓഫീസറുടെ മുന്നിൽ വെച്ച് തന്നെ നിന്റെ കെട്ടിയവനേക്കാൾ വലിയവനാരുന്നു ഷാജഹാൻ, അവൻ കുറച്ച് ദിവസം അകത്ത് പോയി  കിടന്നതോടെ അവനിപ്പോ ഒരു പ്രശ്നവുമില്ല, നിനക്കും അതെ ഗതി ആരിക്കുമെന്ന് ഭീഷണി മുഴക്കിയതായും ബിന്ദു വ്യക്തമാക്കുന്നു. പല ഉദ്യോഗസ്ഥരും വന്നെങ്കിലും ഒരു തഹസിൽദാർ മാത്രമാണ് കല്ല് വീണതാണെന്ന് റിപ്പോർട്ട് നൽകിയത്. ബാക്കി എല്ലാവരും ക്വാറി മാഫിയയുടെ സ്വാധീനത്തിൽ പെട്ട് പോയതായിരിക്കുമെന്ന് ഇവർ സംശയിക്കുന്നു. 

 

ഒരു വർഷത്തോളമായി വരുമാനം നിലച്ചതോടെ സേതുവിൻറെ കുടുംബം അക്ഷരാർത്ഥത്തിൽ പട്ടിണിയായി. സേതുവിൻറെ അടുത്തേക്ക് പോകാൻ വണ്ടിക്കൂലി പോലുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ബിന്ദു പറയുന്നു. സേതുവിന് ആരെങ്കിലും കരുണ തോന്നി നൽകുന്ന ചെറിയ തുക കരുതി വെച്ച് ബിന്ദുവിന്റെ കൈവശം കൊടുക്കും. ആ പൈസ മക്കളുടെ വണ്ടിക്കൂലിക്കും മറ്റുമായി അത് പോലെ മാറ്റി വെക്കും. ഡിഗ്രിക്ക് പഠിക്കുന്ന  മകനും,പ്ലസ് വണ്ണിനും ഒൻപതാം ക്‌ളാസ്സിലും പഠിക്കുന്ന രണ്ടു പെണ്മക്കളുമാണിവർക്ക്. "മക്കൾ ആഗ്രഹിക്കുന്നത് വരെ അവരെ പഠിപ്പിക്കും. അതിനി ഞാൻ തെണ്ടിയിട്ടായാലും പഠിപ്പിക്കും. ഞങ്ങളെ വീട് കയറി ആക്രമിച്ചതിന് പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം, വീടിന് നഷ്ടപരിഹാരം നൽകണം, ക്വാറി അടച്ച് പൂട്ടണം ഈ മൂന്ന് ആവശ്യങ്ങളാണ് എനിക്കുള്ളത്, പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും ഞങ്ങൾ സമരം തുടരും " ബിന്ദു പറഞ്ഞു നിർത്തി. 

 

"ഇവിടെ നിങ്ങൾ വന്നത് അവർ ഇപ്പോൾ അറിഞ്ഞിട്ടുണ്ടാവും, സന്ധ്യയാകുന്നു, സൂക്ഷിച്ച് പോകണം, എന്തും ചെയ്യാൻ മടിക്കാത്തവരാണ് " വഴിയിൽ പകുതി ദൂരം കൂടെ വന്ന് ആ വീട്ടമ്മ പറഞ്ഞ വാക്കുകളിൽ ഈ ദളിത് കുടുംബം അനുഭവിക്കുന്ന സകല ഭീഷണിയുടെയും പ്രതിഫലനമുണ്ടായിരുന്നു. അവരുടെ കണ്ണിൽ തോൽപ്പിക്കാനാവാത്ത അതിജീവനത്തിന്റെ ഒരു കനലും. 

ക്വാറി മാഫിയക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന സേതുവിന്റെ ഭാര്യ സംസാരിക്കുന്നു. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment