വനം സംരക്ഷിക്കാൻ കണ്ണ് തുറപ്പിക്കൽ സമരവുമായി പൊന്തൻപുഴ




പത്തനംതിട്ട : കണ്ണും കാതും തുറക്കാത്ത സർക്കാരിനെതിരെ കണ്ണ് തുറപ്പിക്കൽ സമരവുമായി പൊന്തൻപുഴ. പൊന്തൻപുഴ വലിയകാവ്‌ വനം സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിൽ 2018 മെയ് 21 തിങ്കളാഴ്ച ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫീസ് മാർച്ച് സംഘടിപ്പിക്കും. കണ്ണ് കെട്ടി പിറകോട്ട് നടന്നാവും മാർച്ച്. പൊന്തൻപുഴ വനം സ്വകാര്യ വ്യക്തികളുടെ കൈവശമായതോടെ കുടിയിറക്ക് ഭീഷണിയിലായ മനുഷ്യരുടെ പ്രതീകാത്മക പ്രതിഷേധവും മാർച്ചിൽ അരങ്ങേറും. കുടിയിറങ്ങിപ്പോകുന്നവരുടെ വീട്ടുപകരണങ്ങളുമായാവും മാർച്ചിൽ ജനങ്ങൾ അണിനിരക്കുക. താമസക്കാർക്ക് കറിവേപ്പില മാത്രമാണ് സ്വന്തം ഭൂമിയിൽ നിന്നെടുക്കാൻ സാധിക്കുന്നത്, അത് പോലെ കയ്യേറ്റക്കാരെയും വനഭൂമിയിൽ നിന്ന് കറിവേപ്പിന്റെ ഇലപോലും എടുക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കൊണ്ട് കറിവേപ്പിന്റെ തൈ നട്ടുകൊണ്ടാവും സമരം ഉദ്‌ഘാടനം ചെയ്യുക. 

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ മന്ത്രിമാരും ജനപ്രതിനിധികളുമെല്ലാം ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രവർത്തിക്കുന്നതിനാലാണ് തങ്ങളുടെ പ്രശ്നങ്ങളുമായി ചെങ്ങന്നൂരിലേക്ക് പോകാൻ സമരസമിതി തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം വനത്തിൽ അവകാശം സ്ഥാപിക്കാനെത്തിയ കയ്യേറ്റക്കാരെ സമരസമിതി  തടഞ്ഞിരുന്നു. പൊന്തൻപുഴ വനം തിരികെ പിടിക്കാനുള്ള നിയമനിർമ്മാണം നടത്തുക, വനാതിർത്തിയിൽ താമസിക്കുന്ന 1200 കുടുംബങ്ങൾക്ക് നിരുപാധിക പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മേയ് 12 മുതൽ പെരുമ്പെട്ടി വില്ലേജ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹ സമരം നടന്നുവരുകയാണ് . 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment