പെരിങ്ങമലയിലെ മാലിന്യപ്ലാന്റിനെതിരെ സ്വാതന്ത്ര്യദിനത്തിൽ മനുഷ്യസാഗരം




പെരിങ്ങമലയിലെ മാലിന്യപ്ലാന്റിനെതിരെ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ മനുഷ്യസാഗരം തീർക്കുന്നു. അധികാരികളുടെ മുന്നിൽ ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനാണ് ആഗസ്റ്റ് 15 ന് പാലോട് ജംഗ്‌ഷനിൽ മനുഷ്യസാഗരം തീർക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ പറഞ്ഞു. പെരിങ്ങമലയിലെ പരിസ്ഥിതി ദുർബല പ്രദേശത്ത് മാലിന്യ പ്ലാന്റ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് സങ്കടജാഥ സംഘടിപ്പിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് യുനെസ്‌കോ ലോകപൈതൃകപട്ടികയിൽ ഇടംപിടിച്ച പെരിങ്ങമലയെ സംരക്ഷിക്കാൻ  സ്വാതന്ത്ര്യദിനത്തിൽ മനുഷ്യസാഗരം തീർക്കുന്നത്. 

 

 ജുറാസിക് കാലഘട്ടത്തോളം പഴക്കമുള്ള ലിവിംഗ് ഫോസിലുകളായ കാട്ടുജാതി കണ്ടൽ ചതുപ്പിന്റെ  (മിരിസ്റ്റിക സ്വാമ്പ്) ലോകത്ത് മൊത്തമുള്ള 100 ഹെക്ടറിൽ 80 ശതമാനവും പെരിങ്ങമലയിലാണ്.പെരിങ്ങമലയെ ലോക പൈതൃക പട്ടികയിലേക്ക് പരിഗണിക്കാൻ കാരണമായത് ഈ ചതുപ്പുകളാണ്. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസവ്യവസ്ഥയായ വരയാട്ട് മുടി ഈ പദ്ധതി പ്രദേശത്തിനടുത്താണ്. വരയാടുകൾ വേനലിൽ വെള്ളം കുടിക്കാനെത്തുന്ന പ്രദേശത്താണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 

 

അഗസ്ത്യമല ബയോസ്ഫിയർ റിസർവിന്റെ കോർ ഏരിയയിൽ, സ്റ്റേറ്റ് അഗ്രോ ഫാമിനുള്ളിലെ  ഒരുപറകരിക്കം എന്ന പ്രദേശത്താണ് 15 ഏക്കറിൽ  മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള നിർദ്ദിഷ്ട പദ്ധതി പ്രദേശം. നിരവധി ആദിവാസി സെറ്റിൽമെന്റുകൾക്ക് നടുവിലാണ് പ്ലാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഇരവികുളം നാഷണൽ പാർക്കിൽ ഉള്ളതിനേക്കാൾ കൂടുതൽ വരയാടുകളെ കണ്ടെത്തിയിട്ടുള്ള വരയാട്ട് മുടിയുടെ താഴ്വാരത്ത്, വാമനപുരം നദിയുടെ കൈവഴിയായ ചിറ്റാർ നദിയുടെ കരയിലാണ് മാലിന്യപ്ലാന്റിന് സ്ഥലം തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പ്രദേശത്തെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും ആദിവാസി ജനതയുടെ സ്വൈര്യജീവിതത്തെയും തകർക്കുന്ന മാലിന്യപ്ലാന്റ് സ്ഥാപിക്കാൻ അനുവദിക്കില്ല എന്ന് സമരസമിതി ഉറപ്പിച്ച് പറയുന്നു. നേരത്തെ പെരിങ്ങമലയിൽ തന്നെ ലോകത്ത് തന്നെ വെറും നൂറു ഹെക്ടറിൽ താഴെ മാത്രം കാണപ്പെടുന്ന മിരിസ്റ്റിക സ്വാമ്പ് എന്ന ശുദ്ധജല കണ്ടൽ ചതുപ്പിൽ ഐ.എം.എ യുടെ ആശുപത്രി മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment