വ്യവസായ മേഖലയിൽ കിണർ വെള്ളത്തിൽ ആസിഡ് അംശം കൂടുതൽ ; കുടിയ്ക്കാൻ കൊള്ളില്ല




പ്രളയം ബാധിച്ച എറണാകുളത്തെ വ്യവസായ മേഖലയ്ക്ക് സമീപത്തുള്ള കിണറുകളിൽ അമ്ലാംശം കൂടി കുടിയ്ക്കാൻ യോഗ്യമല്ലാതായെന്ന് പഠനറിപ്പോർട്ട്. പ്രളയമേഖലകളിലെ കിണർ വെള്ള സാമ്പിളുകളിൽ അമ്ലഗുണം കൂടിയതായും ഓക്സിജന്റെ അളവ് കുറഞ്ഞതായും ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ സോയിൽ ആൻഡ് വാട്ടർ അനാലിസിസ് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒരു ലിറ്റർ വെള്ളത്തിൽ ആവശ്യമായ ഓക്സിജന്റെ അളവ് നാലു മില്ലിഗ്രാം ആണ്. എന്നാൽ പ്രളയമേഖലകളിലെ കിണർ വെള്ളത്തിൽ ഇത് മൂന്ന് മില്ലിഗ്രാമിലും താഴെയാണ്. 

 

ലാബിൽ പരിശോധിച്ച വെള്ളത്തിന്റെ പി.എച്ച് മൂല്യം നാലിനും ആറിനും ഇടയിലാണ്. 6.5 മുതൽ 8.5 വരെയുള്ള വെള്ളമാണ് കുടിക്കാൻ കൊള്ളാവുന്നതായി കണക്കാക്കുന്നത്. എറണാകുളം പെരിയാറിന്റെ തീരത്തുള്ള വ്യവസായ മേഖലകളിലെ കിണറുകളിലാണ് അമ്ലത കൂടുതൽ കണ്ടെത്തിയിട്ടുള്ളത്. ചെങ്ങന്നൂർ മേഖലയിൽ അമ്ലത കുറവാണ്. കിണറുകളിലെ ചെളിയുടെ തോതും 30 ശതമാനത്തോളം വർദ്ധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 90 ശതമാനം കിണറുകളിലും അനുവദനീയമായതിന്റെ പതിന്മടങ്ങു ഇ കോലി ബാക്ടീരിയകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. 

 

പ്രളയത്തിൽ മുങ്ങിയ ഏലൂർ വ്യവസായ മേഖലയിലെയും, കാതിക്കുടം നിറ്റാ ജെലാറ്റിൻ കമ്പനിയിലെയും രാസവസ്തുക്കൾ മൂലമുണ്ടായ മലിനീകരണത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment