ആലപ്പാട് നിന്ന് കേരള നിയമസഭയിലേക്ക് ജനകീയ യാത്ര (ലോങ്ങ് മാർച്ച്) - രണ്ടാം ഭാഗം




ആലപ്പാട്, ചവറ മേഖലയിൽ കുടിവെള്ളവും കായൽ, കടൽ വെള്ളവും അപകടകരമായ തോതിൽ മലിനമായിരിക്കുന്നു. കെ എം എം എൽ ന്റെ മിനറൽ സെപ്പറേഷൻ പ്ലാന്റിൽ വൻതോതിൽ ഹൈഡ്രോക്ലോറിക്ക് ആ സിഡ്‌ ഉപയോഗിക്കുന്നു. ഉപയോഗം കഴിഞ്ഞ ആസിഡ് വേസ്റ്റ് കടലിലേക്കാണ് തുറന്നു വിടുന്നത്. കടൽ വെള്ളം വേലിയേറ്റത്തിൽ അഷ്ടമുടിക്കായലിലേക്കും കലരുന്നു. ഇത് സമീപങ്ങളിലെ കിണർ വെള്ളത്തെയും ആസിഡ്‌ മയമാക്കുന്നു. കായലിലേയും കടലിലേയും മൽസ്യ സമ്പത്ത് വലിയ അളവിൽ നശിക്കുന്നു. വെള്ളം ഉപയോഗിക്കുന്നതും മൽസ്യബന്ധവും ത്വക്ക് രോഗമടക്കം മാറാരോഗങ്ങൾക്കു് കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല കടൽ, കായൽ തീരസംരക്ഷണത്തിനു അതുല്യമായ പങ്കു വഹിക്കുന്ന കണ്ടൽക്കാടുകൾ സപൂർണമായി നശിക്കുന്നതിനും ഈ ആസിഡ് മാലിന്യം കാരണമാകുന്നു .


കെ എം എം എൽ ചിറ്റൂർ ഗ്രാമത്തെ എല്ലാ അർത്ഥത്തിലും രോഗഗ്രസ്തമാക്കിയിരിക്കുന്നു .ആസിഡ് കലർന്ന വെള്ളക്കെട്ടുകളുടെ നടുവിലാണ് 150 ഓളം കുടുംബങ്ങൾ.കുടിവെള്ളമില്ലാതെ, മാറാരോഗങ്ങൾക്കു അടിപ്പെട്ട് ഇവർ ജീവിതത്തോട് മല്ലടിക്കുകയാണു. അവർക്കായി ഒരു പുനരധിവാസ പദ്ധതിയും ഇതുവരെ സർക്കാരിന്റെ ഈ കമ്പനിക്കോ സർക്കാരിനോ ഇത് വരെ ഇല്ലാ എന്നതും നാമറിയുക.
വികസനത്തിന്റെ മുഖമുദ്രയെന്ന് വീമ്പ് പറയുന്ന ഇത്തരം സ്ഥാപനങ്ങൾ ആത്യന്തികമായി ജനങ്ങൾക്കു് എന്തു ഗുണം കിട്ടുന്നു എന്നു് തിരിച്ചറിയാനും നമുക്കാവണം.


നിരന്തരമായ പ്രക്ഷോഭങ്ങൾ:-


1960കളിലും 70 കളിലും കേരളത്തിന്റെ വളർച്ചയും വികസനവും തൊഴിൽ ലഭ്യയും അതുവഴി സാമ്പത്തികഭദ്രതയും ലക്ഷ്യമിട്ട് കാർഷിക രംഗത്ത് നിന്നു വ്യാവസായിക രംഗത്തേക്കു് (ഇടതു പക്ഷ ഭാഷ്യത്തിൽ ജൻമിത്വത്തിൽ നിന്ന് മുതലാളിത്വത്തിലേക്കു് ) ഒരു കുതിച്ചു ചാട്ടം എന്ന നിലയിൽ അന്നത്തെ ഗവൺമെന്റൂകൾ ,പ്രത്യേകിച്ച്‌ ഇടത് പക്ഷ സർക്കാരുകൾ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വ്യവസായങ്ങൾക്ക് വേണ്ടി നെട്ടോട്ടമായിരുന്നു .അത് കൊണ്ടു് എഫ്.എ.സിറ്റി, മാവൂർ ഗ്വാളിയാർ രയോൺസ്, വെള്ളൂർ എച്ച് എൻ എൽ എന്നിവയെപ്പോലെ ഐആർ ഈ ലിമിറ്റഡി നും കെ എം എം എൽ നും കേരളം വരവേൽപ്പോടെ സ്വീകരിക്കുകയായിരുന്നു. അവ ഉണ്ടാക്കുന്ന പാരിസ്ഥിതികാഘാതങ്ങളെപ്പറ്റിയൊക്കെ ചിന്തിക്കുന്നത് പോലും വികസന വിരുദ്ധമായി കണ്ടിരുന്നു അക്കാലത്തു പോലും .
അന്ന് ഈ കമ്പനികൾക്കു് സ്ഥലമെടുപ്പ് നടത്തുമ്പോൾ പ്രാദേശിക ജനതക്ക് സ്ഥലത്തിനു പകരം തൊഴിൽ എന്നായിരുന്നു ,കമ്പനി നൽകിയ വാഗ്ദാനം.അതിനായി വലിയ സമരങ്ങൾ അന്നു നടന്നു. മിക്കവാറും എല്ലാ തൊഴിലാളി സംഘടനകളും  അവിടെ കൊടികുത്തുകയും തൊഴിലാളികൾക്ക് വേണ്ടി മൽസരിച്ചു സമരം ചെയ്യുകയും ചെയ്തു.


അകത്ത് കയറിയവർ പുറത്ത് പോകാതെയും പുറത്ത് നിൽക്കുന്നവർ അകത്ത് വരാതിരിക്കാനും അവർ മൽസരിച്ചു. അതിന് കമ്പനിയോടു എന്തെന്നില്ലാത്ത കൂറും അവർ പ്രകടിപ്പിച്ചു.ഈ അവസരം മുതലാക്കി കമ്പനി കൂടുതൽ പിടിമുറുക്കി. മണൽ ഖനനം വ്യാപകമാക്കി. ഗ്രാമങ്ങൾ പലതും അവരുടെ വരുതിയിലായി. കൂടുതൽ തൊഴൽ സാധ്യത സ്വപനം കണ്ട ജനങൾ നിശ്ശബ്ദമായി എല്ലാം സഹിച്ചു. അപകടങ്ങൾ ചൂണ്ടിക്കാണിച്ച് നടന്ന പ്രതിഷേധങ്ങൾ തിരകളോടൊപ്പം കടലിൽ അലിഞ്ഞു ചേർന്നു .


കടൽ കവർന്നെടുത്ത്  ഇല്ലാതാകുന്ന  തീരവും അത് മൽസ്യതൊഴിലാളികളെ ദുരന്തത്തിന്റെ തീരാക്കയങ്ങളിലേയ്ക്ക് തള്ളിവിടുന്നു എന്ന അപകടം തിരിച്ചറിഞ്ഞതും അവരെ സംഘടിപ്പിച്ച് സമരങ്ങളിലേക്ക് നയിച്ചതും യശ:ശരീരനായ ഡോ.വേലുക്കുട്ടി അരയൻ (1894- 1969 ,ആലപ്പാട് ജനിച്ചു) എന്ന പോരാളിയാണ് .അരയ സമൂഹത്തിന്റെ ഉന്നമനവും പുരോഗതിയും മാത്രം മുന്നിൽ കണ്ട് തന്റെ ജീവിതം അതിനായി സമർപ്പിച്ച ഉൽപതിഷ്ണുവും, കവിയും സാംസ്കാരിക സാഹിത്യ പ്രവർത്തകനും, പത്രപ്രവർത്തകനും ഭിഷഗ്വരനും എല്ലാമായിരുന്നു വേലുക്കുട്ടി അരയൻ. കരിമണൽ ഖനനത്തിന് കമ്പനികൾ വന്നപ്പോൾ അരയയുവാക്കൾക്ക് അവിടെ തൊഴിൽ ലഭിക്കാൻ മൈനിങ്ങ് വർക്കേഴ്സ് യൂണിയൻ രൂപീകരിച്ച് അവർക്കായി പൊരുതിയെങ്കിലും അവസാനകാലങ്ങളിൽ ഖനനം ഉണ്ടാക്കുന്ന ആഘാതങ്ങൾ മനസ്സിലാക്കി അദ്ദേഹം തന്റെ ജനതയെ ആകാര്യങ്ങൾ ബോധ്യപ്പെടുത്തി പ്രതിഷേധം സംഘടിപ്പിക്കുന്നതിലും പരിശ്രമിച്ചു. എന്നാൽ അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.
രണ്ടായിരത്തോടു കൂടി രൂപീകൃതമായ തീരദേശ സംരക്ഷണ സമിതി ബഹുജന പങ്കാളിത്തത്തോടെ സമരം ഊർജിതമാക്കി. കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി ഒപ്പം ചേർന്നു .എന്നാൽ കമ്പനി നൽകുന്ന തൊഴിലും മണൽ വഴി ലഭിക്കുന്നവരുമാനവും അടിക്കടി മത്സ്യ ബന്ധനം വഴിയുള്ള ജീവിതം വഴിമുട്ടിയ അരയ ജനതക്ക് ആശ്വാസം നൽകിയിരുന്നതിനാൽ അവർ അധികവും സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.


അങ്ങിനെ ജീവിതം വഴിമുട്ടിയപ്പോൾ 2018ൽ സമരം വീണ്ടും ശക്തിപ്പെടുകയായിരുന്നു. ആലപ്പാട്ട് സത്യാഗ്രഹ സമരം തുടരുകയുമാണ്.ഒട്ടേറെ സംഘടനകളും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരും ഐക്യദാർഢ്യവുമായെത്തി.തുടർച്ചയായ നിരാഹാര സമരവും തുടരുകയാണു്.കേരളവും ഇന്ത്യയും കടന്ന് സമരം ലോക ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. എന്നാൽ കളക്ടറേറ്റ് മാർച്ചും സത്യാഗ്രഹവും, സംസ്ഥാന വ്യവസായ മന്ത്രിക്ക് നിവേദനവും ഒക്കെ ഒക്കെയായിട്ടും സർക്കാർ അവഗണന തുടരുകയാണ്.
ഇനി സമരം ആലപ്പാട് കടന്നു് ജില്ലയിലേക്കും സംസ്ഥാന തലസ്ഥാനത്തേക്കും കടക്കുകയാണ്. മാത്രമല്ല, കേരളത്തിലെ സമര സംഘടനകൾ ഒന്നായി ആവശ്യപ്പെടുകയാണു് -

തീരവും ജനങ്ങളേയും സംരക്ഷിക്കുക
കരിമണൽ ഖനനം അവസാനിപ്പിക്കുക.


ഡിസംബർ 26 ന് സുനാമിയുടെ ഓർമ്മദിവസം ആലപ്പാട്ടു നിന്ന് ജനകീയ യാത്ര ആരംഭിക്കും. 8 ദിവസം യാത്ര ചെയ്ത് ജനുവരി 2 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ / നിയമസഭക്ക് മുന്നിൽ എത്തി ഏകദിന സത്യാഗ്രഹത്തോടെ സമാപിക്കും. സംസ്ഥാനത്തെ പ്രധാന സമര സംഘടനകളും എറണാകുളം മുതൽ തിരുവനന്തപുരം വരെ ജില്ലാ സമതികളും വലിയ പങ്കാളിത്തത്തോടെ സമാപന സമരത്തിൽ ഒപ്പം ചേരും. അനങ്ങാത്ത, മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരിനെ  ജനശക്തിയിൽ തിരുത്തിക്കാൻ, നിലപാട് മാറ്റി സമരങ്ങളെ പരിഗണിക്കാൻ നിർബന്ധിക്കാതെ ഇനി കേരളത്തിന് നിലനില്ക്കാനാവില്ല. അവസാനവട്ട പോരാട്ടത്തിന് തയ്യാറാവാൻ ആലപ്പാട് അതിജീവന സമരം തുടക്കമാവണമെന്നും കേരളം തീരുമാനിക്കുകയാണ്.

Green Reporter

Babuji

Visit our Facebook page...

Responses

0 Comments

Leave your comment