അതിരപ്പിള്ളി ലോകത്തോട് വിളിച്ചു പറയുന്നത്




സർക്കാരിൻ്റെ നടക്കാതെ പോയ വലിയ സ്വപ്ന പദ്ധതികളായിരുന്നു സൈലൻ്റ് വാലി, പൂയ്യം കുട്ടി, പാത്രക്കടവ് തുടങ്ങിയവ, തുടർന്ന് അതിരപ്പിള്ളിയും വരുന്നു. അന്നു മുതൽ പരിസ്ഥിതി പ്രവർത്തകർ വികസന വിരുദ്ധർ ആയെങ്കിലും സംസ്ഥാനത്തിൻ്റെ പാരിസ്ഥിതികാവബോധം ഉയരുകയാണുണ്ടായത്. ഒരു ഘട്ടത്തിൽ പരിസ്ഥിതി ഗുണ്ടകൾ വരെയായത് ഓർക്കുമല്ലാ?


1982ൽ 993 കോടിക്ക് വിഭാവനം ചെയ്ത പദ്ധതിയുടെ നടപ്പ് ചെലവ് 1630 (2500) കോടിയായിരിക്കുന്നു. 7 വർഷം കൊണ്ട് പൂർത്തിയാകുന്ന പദ്ധതിയിൽ നിന്നും പ്രതിവർഷം  23.3 കോടി യൂണിറ്റ് വൈദ്യുതി  ഉല്പാദിക്കുമെന്ന് കണക്ക് കൂട്ടുന്നു. 5 രൂപ പ്രകാരം കണക്കുകൂട്ടിയാൽ 116.5 കോടി വരുമാനം കിട്ടും. പദ്ധതി ലാഭകരമാകാൻ 50 വർഷമെങ്കിലും എടുക്കും.


കേരളത്തിലെ 37 ജലവൈദ്യുത പദ്ധതികളിൽ നിന്നുമായി 650 കോടി യൂണിറ്റും 11 കേന്ദ്ര നിലയങ്ങളിൽ നിന്ന് 1100 കോടി യൂണിറ്റും 6 സ്വകാര്യ നിലയങ്ങളിൽ നിന്ന് ദീർഘകാല കരാർ പ്രകാരം (2039-40) 800 കോടി യൂണിറ്റ് വൈദ്യുതിയും പ്രതിവർഷം കേരളത്തിനു ലഭ്യമാണ്. കേരളത്തിൻ്റെ പ്രതി ദിന ശരാശരി ഉപയോഗം 7 കോടി യൂണിറ്റാണ്. എന്നാൽ കഴിഞ്ഞ വർഷം കേന്ദ്രപൂളിൽ നിന്നും 487 കോടി. യൂണിറ്റ് വൈദ്യുതി എടുത്തില്ല .2435 കോടി രൂപയുടെ വൈദ്യുതി. ഇത് അതിരപ്പിളളി പദ്ധതിയുടെ മുടക്കുമുതലിന് തുല്യമാണ്. എന്നിട്ടും അതിരപ്പിള്ളിയ്ക്കു വേണ്ടി വാദിച്ചു കൊണ്ടേയിരിയ്ക്കുന്നു.


ഇടമൺ- കൊച്ചി പവർ ഹൈ പൂർണ്ണമായും പ്രവർത്തനക്ഷമമായി. പുകലൂർ - മാടക്കത്തറ പവർ ഹൈവേ ക്രൂടി പൂർത്തിയായാൽ കേന്ദ്രപൂളിൽ നിന്നും എത്ര വൈദ്യുതി വേണമെങ്കിലും ശരാശരി നിരക്കിൽ എളുപ്പത്തിൽ എത്തിക്കാൻ കഴിയും.കൂടാതെ പവർ എക്‌സേഞ്ചിൽ നിന്നും വൈദ്യുതി എടുക്കാൻ കഴിയും.മൂലമറ്റം പവ്വർ ഹൗസിലെ മൂന്നു ജനറേറ്ററുകൾ പ്രവർത്തിക്കാതായിട്ട് നാളുകൾ ഏറെയായി. ഒരു നടപടിയുമില്ല


1993 മുതൽ 13 ജില്ലകളിലായി മുടങ്ങിപ്പോയത് 90 പദ്ധതികൾ. 730 mw ൻ്റെ പരിസ്ഥിതി നാശമില്ലാത്ത ചെറുകിട പദ്ധതികൾ. തൃശൂർ ജില്ലയിൽ തന്നെ 40 mw  വരുന്ന നാലു പദ്ധതികളാണ് മുടങ്ങിപ്പോയത്.പെരിങ്ങൽ കുത്ത് - 24 mw, ആനക്കയം - 8 mw, അപ്പർ പെരിങ്ങൽ - 7 mw, ചെറുവക്കിൽ ചോല - 1 mw. അങ്ങിനെ ആകെ 40 mw ൻ്റെ 4 പദ്ധതികൾ.


അതിരപ്പിള്ളി പദ്ധതിയ്ക്ക് വേണ്ടത് 342 ഏക്കർ (140 ഹെക്ടർ ) വനഭൂമിയാണ്. ജലസംഭരണിക്കു മാത്രം 257 ഏക്കർ (103 ഹെക്ടർ ) വനഭൂമി വേണം. ഗാഡ്‌ഗിൽ കമ്മീഷൻ റിപ്പോർട്ടും കസ്തുരിരംഗൻ റിപ്പോർട്ടും അതിരപ്പിള്ളി പദ്ധതിയെ അനുകൂലിയ്ക്കുന്നില്ല. അതിരപ്പിള്ളി പദ്ധതി പ്രദേശം ESZ 1 (ecological sensitive zone) ൽ പ്പെടുന്നതാണ് താനും. ഇപ്പോൾ തന്നെ ചാലക്കുടിപ്പുഴയിൽ ആറു ഡാമുകൾ ഉണ്ട്. രണ്ടു ഡാമുകൾക്കിടയിൽ 3 കി.മീ ദൂരം ഒഴുകുന്ന പുഴയുണ്ടാകണമെന്നാണ് കസ്തുരിരംഗൻ റിപ്പോർട്ട്‌ പറയുന്നത്‌.


വർദ്ധിച്ച കൃഷി നാശം, രൂക്ഷമായ കുടിവെള്ള പ്രശ്നം, ജൈവ വൈവിദ്ധ്യങ്ങളുടെ നാശം, മത്സ്യസമ്പത്തിൻ്റെ ശോഷണം ആദിവാസി വന നയത്തിൻ്റെ ലംഘനം അതിരപ്പിള്ളി വെളളച്ചാട്ടത്തിൻ്റെ നാശം, എന്നിവ പദ്ധതി മൂലം ഉണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങളാണ്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതികാനുമതിയും സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതിക - സാമ്പത്തിക അനുമതിയും മൂന്നുവട്ടം ലഭിച്ചിട്ടും ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. അതാണ് ഇപ്പോൾ പൗരവാകാശങ്ങൾ റദ്ദ്‌ ചെയ്യപ്പെട്ട കോവിഡ് ക്കാലത്ത് പൊടി തട്ടി സർക്കാർ KSEB യ്ക്കു NOC നൽകിയിരിയ്ക്കുന്നത്.


സർക്കാർ തന്നെ പുറത്തവിട്ട കണക്കു പ്രകാരം 880 ചെറുകിട ജല നിലയങ്ങൾ വഴി 500 mw ഉം 25 നോളാർ നിലയങ്ങൾ വഴി 22,000
mw ഉം കാറ്റിൽ നിന്നു് 2000 mw ഉം ജൈവമാലിന്യങ്ങൾ വഴി 20,000 mw(എം.പി പരമേശ്വരൻ) ഉല്പാദിപ്പിക്കാൻ കഴിയും എന്നാണ് പറയുന്നത്. ഓരോ വീടും വൈദ്യുതി ഉല്പാദന കേന്ദ്രങ്ങൾ (1ഉം 2 ഉം mw) ആക്കാൻ കഴിയുന്നതാണ് ജൈവ മാലിന്യങ്ങൾ കൊണ്ട് വിഭാവനം ചെയ്യുന്നത് എന്നോർക്കുക. ഇങ്ങനെയിരിക്കെയാണ് 163 mw നു വേണ്ടി അതിരപ്പിള്ളിയെ കരുതി കൊടുക്കാൻ കോവിഡ് കാലത്ത് KSEB യും സർക്കാരും ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.


2018, 2019 പ്രളയങ്ങളും മറ്റ് പ്രകൃതിദുരന്തങ്ങളും കോവിഡും സർക്കാരിനെ ഒന്നും പഠിപ്പിച്ചില്ലെന്നുള്ളത് 3.37 കോടി ജനങ്ങളുടെ വിധിയായി അംഗീകരിക്കാൻ കഴിയില്ല എന്നാണ് അതിരപ്പിള്ളി ലോകത്തോട് വിളിച്ചു പറയുന്നത്. ജനങ്ങൾക്ക് മാറാം. പിന്നെന്തു കൊണ്ട് സർക്കാരിന് മാറിക്കൂട. നമ്മുടെ നാട്ടറിവ് പറയുന്നതു മറ്റൊന്നല്ല. കാലവർഷത്തിൽ ഒഴുക്കിക്കളയണം. തുലാവർഷത്തിൽ സംഭരിച്ചു നിർത്തണം.

Green Reporter

Premkumar TR

Visit our Facebook page...

Responses

0 Comments

Leave your comment