ഓ​ഗസ്റ്റില്‍ കേരളത്തിൽ അതിവര്‍ഷത്തിന് സാധ്യതയെന്ന് മുഖ്യമന്ത്രി




തിരുവനന്തപുരം: ഓ​ഗസ്റ്റില്‍ അതിവര്‍ഷത്തിന് സാധ്യത ഉണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളപ്പൊക്കം ഉണ്ടായാല്‍ സാധാരണ ചെയ്യുന്നത് പോലെ ആളുകളെ ഒന്നിച്ച്‌ പാര്‍പ്പിക്കാന്‍ കഴിയില്ലെന്നും നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അടക്കം വേറെ കെട്ടിടം വേണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ 27,000 ലധികം കെട്ടിടങ്ങള്‍‌‍‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴയുണ്ടാകുമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റില്‍ അതിവര്‍ഷം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡിനെ അകറ്റാന്‍ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നില്‍ കണ്ട് അടിയന്തിര തയ്യാറെടുപ്പ് നടത്തും. കാലവര്‍ഷ കെടുതി നേരിടുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയ്യാറാക്കിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ക്വാറന്റൈന്‍ സംവിധാനത്തിനായി 27000 കെട്ടിടങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തി. അതില്‍ രണ്ടര ലക്ഷം മുറികള്‍ ശുചിമുറിയുള്ളതാണ്. ഇതിന് സമാന്തരമാണ് വെള്ളപ്പൊക്കത്തിനെ നേരിടാനുള്ള വെല്ലുവിളി. ഏത് മോശമായ സാഹചര്യത്തെയും നേരിടാന്‍ നാം തയ്യാറെടുത്തേ പറ്റൂ. കൊവിഡ് 19 ഭീഷണിയുള്ളതിനാല്‍ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച്‌ പാര്‍പ്പിക്കാനാവില്ല. നാല് തരത്തില്‍ കെട്ടിടങ്ങള്‍ വേണ്ടിവരും എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവര്‍ക്കും രോഗികള്‍ക്കും പ്രത്യേക കെട്ടിടം. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക കെട്ടിടം, ക്വാറന്റീനിലുള്ളവര്‍ക്ക് മറ്റൊരു കെട്ടിടം. ഇത്തരത്തില്‍ നാല് വിഭാ​ഗം കെട്ടിടം വേണ്ടിവരും എന്ന് മുഖ്യമന്ത്രി പറഞ്ഞു.


ഇന്നലെ ചേര്‍ന്ന ഉന്നതതല യോ​ഗം സ്ഥിതി​ഗതികള്‍ വിലയിരുത്തി. വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാന്‍ നദികളിലും തോടുകളിലും ചാലുകളിലും എക്കല്‍ മണ്ണും മറ്റും നീക്കാന്‍ നടപടികള്‍ ആരംഭിച്ചു. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. അണക്കെട്ടുകളുടെ സ്ഥിതിയും വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉള്‍പ്പെടെയുള്ള വലിയ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ല. സന്നദ്ധം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടിയന്തിരമായി ദുരന്ത പ്രതികരണ കാര്യങ്ങളില്‍ പരിശീലനം നല്‍കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment