ബുറെവി ചുഴലിക്കാറ്റിനെ മാനിച്ച് ക്വാറി പ്രവർത്തനങ്ങൾക്ക് നിരോധനം




കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തെക്കൻ ജില്ലകളിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായി. 


ശക്തമായ മഴ മൂലം ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് തീരുമാനം. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി  മണ്ണ് മാറ്റുക എന്നിവയും നിരോധിച്ചിട്ടുണ്ട്. ‍


ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍,സബ് കളക്ടര്‍, ആര്‍ഡിഒ, ബന്ധപ്പെട്ട തഹസീല്‍ ദാര്‍മാര്‍ എന്നിവര്‍ ഉറപ്പ് വരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്ത നിവാരണ നിയമ പ്രകാരം  നടപടികള്‍ സ്വീകരിക്കും. നിയമ  ലംഘനങ്ങൾ  ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതു ജനങ്ങള്‍  അതാത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണം.പരാതികളില്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍  സത്വര നടപടികള്‍ സ്വീകരിക്കണം. കാരണക്കാരായവര്‍ക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. 


തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദം മൂലം കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ തുടര്‍ച്ചയായ മൂന്നു ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതി തീവ്ര മഴയ്ക്കുള്ള ഓറഞ്ച് ,റെഡ് അലര്‍ട്ടും ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രഖ്യാപിച്ചിട്ടുണ്ട്.തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി ശക്തമായ മഴ പെയ്യുന്നത് മണ്ണിന്റെ ഘടനയെയും സ്ഥിരതയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment