God's Own Country യെ പറ്റി വാചാലമാകുന്ന അധികാര കേന്ദ്രങ്ങൾ ചവിട്ടിമെതിച്ച മൂന്നാറും Gap റോഡും . (ഭാഗം 2)




 

കാശ്മീർ എന്നോ സ്വിറ്റ്സെർലാൻഡ് എന്നൊക്കെ വിളിച്ച് കേരള ടൂറിസം മാപ്പിന്റെ നെറുകയിൽ നിർത്തിയിരിക്കുന്ന മൂന്നാർ നിയമ ലംഘകരുടെ പറുദീസയാണ് എന്ന് V.S സർക്കാർ തെളിവു സഹിതം വ്യക്തമാക്കി.
ടാറ്റയും ഹാരിസൺ മുതൽ ലക്ഷത്തിലധികം ഹെക്ടർ കൈവശം വെച്ചു വരുന്നു. വിദേശ കുത്തകകൾക്ക് കേരളത്തിൽ ഭൂമി സ്വന്തമാക്കാൻ ഇന്നും കഴിയുന്നു.
പാട്ട തുക നിസ്സാരമാണ്.ഹെക്ടറിന് ചില്ലറ പൈസ മാത്രം കൊടുക്കുന്നവരുണ്ട്. കൊടുക്കാത്തവരാണ് മിക്ക കോർപ്പറേറ്റുകളും. 
പോബ്സൺ തുടങ്ങിയ പ്രാദേശിക തോട്ടം മുതലാളിമാർ മുതൽ ടാറ്റവരെയുള്ളവരെ ഏതു വിധേനയും സഹായിക്കുകയാണ് ഹൈറേഞ്ച് രാഷ്ട്രീയ പാർട്ടികളുടെ കടമ എന്ന് പാർട്ടിക്കാർ വിശ്വസിക്കുന്നു , ഉദ്യോഗസ്ഥരും .

 

സംസ്ഥാനത്ത് കുറവ് കൂലി ലഭിക്കുന്നവരാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ. മിനിമം വേതനത്തിനായി പെമ്പളൈ ഒരുമൈ നടത്തിയ സമരത്തിലെ 500 രൂപ അടിസ്ഥാന വേതനം ഇന്നും നേടി എടുത്തിട്ടില്ല.ടാറ്റയും ഹാരിസണും നിയന്ത്രിക്കുന്ന തോട്ടം വ്യവസായം സാമ്പത്തിക ബുദ്ധിമുട്ടിലാണ് എന്ന വാദമാണ് തൊഴിലാളി നേതാക്കൾ പറഞ്ഞു വരുന്നത്.

 

108 അനധികൃത നിർമാണങ്ങൾക്ക് 2017ൽ നോട്ടീസ് നൽകിയ ദേവികുളം RDO സ്ഥലം മാറ്റം നേടി പോകേണ്ടി വന്നു.2010 ൽ പുതിയ കെട്ടിടങ്ങളുടെ ഉയരം 3 നിലയി ൽ കൂടരുത് എന്ന ഹൈക്കോടതി വിധി നടപ്പാക്കപ്പെട്ടിട്ടില്ല.60% ചരിവിലും വൻ നിർമ്മിതികൾ കാണാം.സ്വന്തമായി കിടപ്പാടമില്ലാത്തവരുടെ അവകാശം പറഞ്ഞ് ടൂറിസം മാഫിയകൾ മൂന്നാറിന്റെ ഭൂമി കൈയ്യേറ്റത്തെ ഗുരുതരമാക്കി വരുന്നു. എല്ലാത്തിനും രാഷ്ട്രീയ നേതാക്കളും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമുണ്ട്.

 

15 വർഷം പഴക്കമുള്ള നിവേദിത p ഹരൻ റിപ്പോർട്ട്(2007)മൂന്നാർ,ചിന്നക്കനാൽ, പള്ളിവാസൽ,ബൈസൻ വാലി മുതലായ ഇടങ്ങളിലെ അനധികൃത നിർമാണത്തെ പറ്റിയായിരുന്നു.നടപടി ഒന്നും ഉണ്ടായില്ല. റിപ്പോർട്ട് നടപ്പിലാക്കാനായി പരിസ്ഥിതി സംരക്ഷണ സമിതി ഹൈക്കോടതിയിൽ നൽകിയ ഹർജികൾ 2023 ൽ ജൂലൈ 18 ന് വീണ്ടും എത്തും.

 

അഞ്ചനാട് ഭാഗത്ത് യൂക്കാലിപ്റ്റസ്,അക്കേഷ്യ മറ്റ് ഇനങ്ങൾ നട്ടുപിടിപ്പിക്കൽ നിരോധിക്കണമെന്ന് നിർദ്ദേശം ഉണ്ടായി.ഷോള വനങ്ങൾ നശിപ്പിക്കപ്പെട്ടു,കുറിഞ്ഞി മലയും കൈയ്യേറ്റ ഭീഷണിയിലാണ്.ഈ വിഷയങ്ങളിലും

സർക്കാർ കൈയേറ്റക്കാർ ക്കൊപ്പം നിൽക്കുന്നു.

 

ഇതിന്റെ തുടർച്ചയാണ് ഇടുക്കിയിലെ റോഡു നിർമാണവും.

 

അനധികൃതമായി ദേവികുളം മലനിരകളോടു കാട്ടിയ ഏറ്റവും നെറികേടാണ് ഗ്യാപ് റോഡു വീതി കൂട്ടൽ എന്ന് ഇന്നും അംഗീകരിക്കില്ല കേരള സർക്കാർ(National Highway Authority യുടെ നാടല്ല കേരളം).മൂന്നാർ-ദേവികുളം-ഗ്യാപ് റോഡ് എന്ന നിർമ്മാണ വിസ്മയം വീണ്ടെടുക്കാൻ കഴിയാത്തവിധം തകർക്കുന്നതിൽ ഹൈവെ അതോറിറ്റിക്കൊപ്പമായിരുന്നു കേരള സർക്കാർ.സമുദ്ര നിരപ്പിൽ നിന്നും 5000 - 6000 അടി ഉയരത്തിൽ ഉപയോഗിക്കുന്ന ചുരുക്കം പാതകളിൽ മിക്കതും ഇടുക്കിയിൽ കാണാം.   

 

പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ മൂന്നാർ-ദേവികുളം-ബോഡി പാതയും 1880 ആകുമ്പോൾ കോട്ടയം-കുമളി റോഡും നിർമ്മിച്ച ബ്രിട്ടീഷുകാർ കാട്ടിയ ഉത്തര വാദിത്തത്തിന്റെ ഒരു ശതമാനം എങ്കിലും ഇന്നത്തെ ഭരണാധിപന്മാരും സർക്കാർ പണിക്കാരും കാട്ടിയിരുന്നെങ്കിൽ ഗ്യാപ് റോഡിനും മലക്കും ദുരന്തം ഉണ്ടാകുമാ യിരുന്നില്ല.

 

കൊച്ചി -ധനുഷ്‌കോടി NH 85 ല്‍ കൊച്ചി മുതല്‍ മൂന്നാര്‍ വരെ 910 കോടി രൂപയുടെ പദ്ധതി.268.2 കോടി രൂപ ചെലവു ചെയ്തുള്ള 41 km മൂന്നാർ-ബോഡി മെട്ട് NH 85 പാത വീതികൂട്ടൽ പണി 2017 ൽ ആരംഭിച്ചു.

 

മൂന്നാർ - ബോഡിമെട്ട് ഭാഗത്തെ ബോഡിമെട്ടു വരെയുള്ള നിർമാണത്തിൽ മൂന്ന് അഴിമതികൾ വ്യക്തമായി. 6.28 ലക്ഷം ടൺ പാറ അനധികൃതമായി പൊട്ടിച്ചു കടത്തി എന്ന് വിജിലൻസ് വകുപ്പ് റിപോർട്ടു ചെയ്തു.
നിരോധിത സ്ഫോടനങ്ങൾ നടത്തി,
പരിസ്ഥിതി ആഘാത പഠനം ഉണ്ടായില്ല.
റോഡു കടന്നുപോകുന്നത് ഏല കാടുകളിലൂടെയായതിനാൽ ദേശീയ ഹരിത ട്രൈ ബ്യൂണൽ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്.ഇവയെ ഒക്കെ അവഗണിച്ചായിരുന്നു നിർമാണം നടത്തിയത്.കരാറുകാരൻ 6.28 കോടി രൂപ നഷ്ടപരിഹാരം നൽകണമെ ന്നായിരുന്നു നിർദ്ദേശം.ജനുവരി 31നു മുമ്പ് പണം കെട്ടിവെക്കാനായിരുന്നു കോടതി പറഞ്ഞത്.ശാന്തൻപാറ പോലീസ് സ്റ്റേഷൻ SHO പൊതുമുതൽ കൊള്ള വകുപ്പ് ചുമത്തി കേസ് എടുക്കണമെന്ന് നെടുംകണ്ടം മജിസ്റ്റേറ്റ് കോടതി ഉത്തരവിട്ടു.

 

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വിഷയത്തിൽ ഇടപെട്ട് ഹരിത ട്രൈ ബ്യൂണലിനോടു വ്യക്തമാക്കിയത് ,അശാസ്ത്രീയ നിർമാണത്തിലൂടെ 91 കോടി രൂപ യുടെ പരിസ്ഥിതി നാശം സംഭവിച്ചു എന്നാണ്.പണം സർക്കാർ വസൂലാക്കിയിട്ടുണ്ടോ എന്ന് അറിവില്ല.

 

ഒരു വശത്ത് മൂന്നാർ മലനിരകളെ തോട്ടം മുതലാളിമാരും ടൂറിസം വ്യവസായികളും തകർക്കുമ്പോൾ മറ്റൊരു വലിയ ആഘാതമായി മാറി മൂന്നാർ - ബോഡിമെട്ട് റോഡു വീതി കൂട്ടൽ.

 

അപ്പോഴും കേരളത്തിന്റെ അധികാര കേന്ദ്രമായ ജനാധിപത്യ നായകന്മാർ നാടിനെ God's Own Country എന്ന് വിളിക്കാൻ മടിക്കുന്നില്ല.

 

( തുടരും)
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment