മുഖ്യമന്ത്രിയുടെ ആശങ്ക ദേശാടനപക്ഷികളിൽ ഒതുങ്ങരുത്




നമ്മുടെ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്‍റെ പരിസ്ഥിതി രംഗം നേരിടുന്ന തിരിച്ചടികളെ പറ്റി മികച്ച ധാരണയുണ്ട് എന്നറിയുന്നതില്‍ സന്തോഷിക്കാം. വടക്കേ ഇന്ത്യന്‍ രാഷ്ടീയക്കാരില്‍ നിന്നും വ്യത്യസ്ഥമായി, പരിസ്ഥിതി നാശത്തെ പറ്റിയും മറ്റും അദ്ദേഹം കൈകൊള്ളുന്ന സമീപനങ്ങൾ ശാസ്ത്ര സത്യങ്ങളുടെ പിന്‍ബലത്തിലാകുന്നത്  ആശാവഹമാണ്.


സംസ്ഥാനത്തിതിന് പരിചിതമല്ലാത്ത Rosy pastor എന്ന പക്ഷിയുടെ സാന്നിധ്യത്തെ പറ്റി കേരള മുഖ്യമന്ത്രി നടത്തിയ ഉല്‍കണ്ഠ കോളി ഫ്ലവര്‍, കാരറ്റ് കൃഷിയുടെ വ്യപനത്തിലും രേഖപെടുത്തി. മഴ നിഴല്‍ പ്രദേശങ്ങളില്‍ കാണുന്ന പുതിയ തരം പച്ചക്കറികളുടെയും മുള്‍ ചെടികളുടെയും സാമിപ്യം  മരുഭൂമിവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. കേരളത്തിനന്യമായിരുന്ന മയിലുകളുടെ മിക്ക ഗ്രാമങ്ങളിലെയും സാന്നിധ്യം, വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ വരണ്ട അവസ്ഥ ഇവിടെയും എത്തി എന്നടയാളപ്പെടുത്തുകയാണ്.


കേരളത്തെപറ്റിയുള്ള മുഖ്യമന്ത്രിയുടെ ആകുലതകള്‍ നാടിന്‍റെതായിരിക്കണം എന്നതിൽ സംശയമില്ല.  പരിസ്ഥിതി നാശത്തിതിനു കാരണമായ സംഭവങ്ങള്‍ വിശദമാക്കുന്ന രണ്ടു റിപ്പോര്‍ട്ട്‌കള്‍ VS സര്‍ക്കാരിന്‍റെ കാലത്തും പിണറായി സര്‍ക്കാരിന്‍റെ കാലത്തും പുറത്തു വന്നിരുന്നു. (പരിസ്ഥിതി ആഘാത പഠനം 2008, 2018)  അതില്‍ രണ്ടിലും കേരളത്തിന്‍റെ പശ്ചിമഘട്ടം മുതല്‍ അറബിക്കടല്‍ വരെ നീണ്ടു കിടക്കുന്ന പാരിസ്ഥിതിക തിരിച്ചടികളെ ശാസ്ത്രീയമായി പ്രതിപാദിച്ചു . ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തില്‍ നിര്‍ണ്ണായക ഘടകമായി പ്രവര്‍ത്തിക്കുന്ന പശ്ചിമഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്  കേരളത്തിലാണ്. (മലനിരകളില്‍ ഏറ്റവും പ്രത്യേകതകളുള്ള )കേരളത്തില്‍ നിന്നും 9000 ച.കി.മീ. വനമാണ് നഷ്ടപെട്ടത്.  ഇപ്പോള്‍‌ അവശേഷിക്കുന്ന  ആകെ 11309 ച.കി.മീ.(29%) വന ഭൂമില്‍ തോട്ടവും അക്കേഷ്യ കാടുകളും പെടുന്നു. എത്രയാണ് യഥാര്‍ഥ കാടുകള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇടുക്കികാരോടും വയനാട്ടുകാരോടും ചോദിച്ചാല്‍ ലഭ്യമാകും.  ആദിവാസികള്‍ അനുഭവിക്കുന്ന ദുരന്തങ്ങളുടെ പ്രധാന കാരണം അവരുടെ ജീവിത പരിസരമായ കാടുകള്‍ നഷ്ടപെടുന്നതാണ്. 17240 ചതുരശ്ര കി.മീ തോട്ടങ്ങൾ പശ്ചിമഘട്ടത്തിൽ വർദ്ധിച്ചു. 1057 ചതുരശ്ര കി.മീ വനം ഡാമുകളാൽ നഷ്ടപ്പെട്ടു.7 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ മൂടപ്പെട്ടു. കായലുകൾ പകുതിയിൽ താഴെയായി ചുരുങ്ങി.പെയ്തിറങ്ങുന്ന മഴയിൽ 50% ലധികം വെള്ളവും 8 മുതൽ  12 മണിക്കൂറിനകം കടലിൽ എത്തുന്നു. നദികൾ ചുരുങ്ങി തോടുകളായി.


പശ്ചിമഘട്ടത്തിന്‍റെ തുടര്‍ച്ചയായ അരുവികള്‍,നദികള്‍, കുളങ്ങള്‍, തണ്ണീര്‍ തടങ്ങള്‍, നെല്‍പ്പാടങ്ങള്‍,കായലുകള്‍ എല്ലാം അതേ ദുരന്തങ്ങള്‍ ഏറ്റു വാങ്ങുന്നു എന്ന് സര്‍ക്കാര്‍ പഠനങ്ങള്‍ നേരത്തെ തന്നെ  ആവർത്തിച്ചു. ഇവയുടെ രക്ഷക്കായി സര്‍ക്കാര്‍ ഉണ്ടാക്കിയ നീര്‍ത്തട സംരക്ഷണ നിയമം,മൂന്നാര്‍ ട്രിബ്യൂണല്‍, ഫ്രജയില്‍ ലാന്‍ഡ്‌ സംരക്ഷണ നിയമം, ഏലക്കാടുകളിലെ മരങ്ങള്‍ സംരക്ഷിക്കല്‍, പാറ മടകള്‍ക്ക് ജനവാസ കേന്ദ്രത്തി ലേക്കുള്ള ദൂരം 50 മീറ്റര്‍ ആയി കുറക്കല്‍, പാട്ട ഭൂമിയില്‍ നിന്നും പാറ പൊട്ടിക്കല്‍ നിയന്ത്രണം, തീരദേശ സംരക്ഷണ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ഇടതു പക്ഷ സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അവരുടെ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിനു വിരുദ്ധമായിരുന്നു. അത്തരം നടപടികള്‍ 2018 വെള്ളപ്പൊക്ക കെടുതികള്‍ വര്‍ധിപ്പിച്ചു.


അനധികൃത കൈയ്യേറ്റങ്ങൾ / നിർമ്മാണങ്ങൾ / തുരക്കലുകൾ എല്ലാം പ്രദേശങ്ങൾക്കും ടൂറിസ്റ്റുകൾക്കും നാട്ടുകാർക്കും ഭീഷണിയാണ് എന്നു മനസ്സിലാക്കുവാൻ ദുരന്തങ്ങൾ ഉണ്ടാകുവാനായി കാത്തിരിക്കേണ്ടതില്ല. മൂന്നാറിൽ 3 നിലക്കു മുകളിൽ തട്ടുകളുള്ള നിർമാണങ്ങൾ പാടില്ല എന്ന നിവേദിതാ പി ഹരൻ റിപ്പോർട്ട് പുറത്തുവന്നിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. 110 കെട്ടിടങ്ങൾ അനധികൃതമാണെന്ന RDO രേഖകൾ ലക്ഷ്യം കണ്ടില്ല.


പുഴകളുടെ തീരങ്ങൾ (100 മീറ്റർ) ഇരുവശവും സംരക്ഷിക്കുന്നതിൽ സർക്കാർ എതിർപ്പ് തുടരുന്നു.  വേമ്പനാട്ടു കായൽ പരപ്പിന്റെ 60% മുതൽ  80% വരെ ഇല്ലാതായിക്കഴിഞ്ഞു.കാലവർഷക്കെടുതിയാൽ കുട്ടനാട്ടുകാർ കൂട്ട പലായനത്തിലാണ്.  ഒരു മാസത്തോളം വെള്ളപ്പൊക്കത്താൽ ചങ്ങനാശ്ശേരി - ആലപ്പുഴ റോഡ് അടഞ്ഞുകിടന്നു. വെള്ളപ്പൊക്കത്താൽ അടച്ചിടുന്ന നമ്മുടെ നെടുമ്പാശേരി  വിമാനത്താവളം  അത്ഭുത Aviation  താവളങ്ങളിൽ ഒന്നായിരിക്കും. 


തണ്ണീർതടങ്ങൾ 3.28 ലക്ഷം ഹെക്ടറിൽ നിന്നും ( 2004) 1.62 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1975 ലെ കണ്ടൽ ക്കാടുകളുടെ വ്യാപ്തി 700 ച.കി.മീറ്ററിൽ നിന്നും 9 കി.മീറ്ററായി . കണ്ടൽക്കാടുകളിൽ മാത്രമായി 45 പക്ഷികൾ ജീവിക്കുന്നു. മത്സ്യത്തിന്റെ പ്രജനനത്തിൽ അവയുടെ പങ്ക് പരമ പ്രധാനമാണ്. 10000 കാവുകളുടെ സ്ഥാനത്ത് ഇപ്പോൾ 1000 മാത്രം. 65 ലക്ഷം കിണറുകളിൽ മിക്കതും ഉപയോഗരഹിതമായിക്കഴിഞ്ഞു.


പരിസ്ഥിതിയുടെ പ്രത്യേക ഇടങ്ങൾക്കുണ്ടാകുന്ന തകർച്ച, അപകടരമായ ജീവികളുടെയും സസ്യങ്ങളുടെയും രോഗങ്ങളുടെയും കടന്നുകയറ്റത്തിനു കാരണമാണ്. 123 സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒച്ചുകൾ, 31 തരം അന്യദേശ മത്സ്യങ്ങൾ, 82 വിദേശ സസ്യങ്ങൾ (അവയിൽ 21 ഉം അപകടം നിറഞ്ഞവ), 6 തരം അപകടകാരികളായ ഉറുമ്പുകൾ നാടിന്റെ പാരിസ്ഥിതിക സംതുലനത്തിനേറ്റ രോഗലക്ഷണങ്ങളാണ്. 


2018 വെള്ളപ്പൊക്കം നാടിനുണ്ടാക്കിയ  കഷ്ട നഷ്ട്ടങ്ങള്‍ കണക്കുകള്‍ക്ക് അപ്പുറമായിരുന്നു. 488 മരണങ്ങൾ, ലക്ഷത്തിലധികം മൃഗങ്ങങളുടെ അന്ത്യം, 14 ലക്ഷം  ആളുകള്‍ ക്യാമ്പുകളില്‍ താമസിക്കേണ്ടിവന്നത്, 14000 ത്തോളം വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നത്, 2.2 ലക്ഷം വീടുകള്‍ക്കുണ്ടായ ഭാഗിക നഷ്ട്ടം, 4000 കോടിരൂപയുടെ തൊഴില്‍ ദിനങ്ങള്‍ ഇല്ലാതായത്, വാഹനങ്ങള്‍ക്കുണ്ടായ ഭീമാമായ നഷ്ടം അങ്ങനെ പോകുന്നു തകര്‍ച്ചയുടെ കണക്കുകള്‍. ഇവ കേരളത്തിന്‍റെ (വികസനത്തിന്‍റെ ആരാധകര്‍ ഉണ്ടാക്കി തന്ന), പരിസ്ഥിതിയുടെ, ഗതികേടിനെ ഓര്‍മ്മിപ്പിക്കുകയാണ്. അപ്പോഴും പരിസ്ഥിതി വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കുവാന്‍ സര്‍ക്കാര്‍ ആവർത്തിച്ചു പരാജയപ്പെടുന്നതെന്തുകൊണ്ട് ?


കേരളത്തിന്‍റെ കാലവസ്ഥയില്‍ 1.45 ഡിഗ്രി ചൂട് വര്‍ധിച്ചു എന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നു . (ആഗോള തലത്തില്‍ വര്‍ധനവ്‌ O.8 ഡിഗ്രി). ലോകത്തെ ഏറ്റവും അധികം കാലാവസ്ഥാ വ്യതിയാനമുണ്ടായികൊണ്ടിരിക്കുന്ന പ്രദേശത്തിന്റെ  മുഖ്യമന്ത്രിയുടെ ആകുലതകൾ വാക്കുകളിൽ നിന്നും പ്രവർത്തി പഥത്തിൽ എത്തേണ്ട കാലം അതിക്രമിച്ചു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment