സംഭാവന പിരിക്കുന്ന സമിതിയായി സർക്കാർ ചുരുങ്ങരുത്




 

പ്രകൃതി പ്രതിഭാസത്തെ ദുരന്തമായി കൂടി കാണേണ്ടി വരുന്ന മനുഷ്യർ കാലാവസ്ഥാ വ്യതിയാനങ്ങളുടെ പിടിയിലാണ്. പ്രകൃതി ദുരന്തത്തിലൂടെ പ്രതിവർഷം ലോകത്തു മരിക്കുന്നവരുടെ എണ്ണം 68000 കവിയുന്നുണ്ട് . ദുരന്തങ്ങളിൽ 56 % വും നടക്കുന്നത് വികസിത രാജ്യങ്ങളിലാണെങ്കിലും മരണപ്പെടുന്നവരുടെ എണ്ണത്തിൽ വികസിത രാജ്യങ്ങളിൽ നിന്നുള്ളവർ അവികസിത നാട്ടുകാരുടെ മൂന്നിൽ ഒന്നു മാത്രം.

 

പ്രകൃതി ദുരന്തത്താൽ  മരണപ്പെടുന്നവരുടെ പട്ടികയിൽ  ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു. പ്രതിവർഷ മരണം 2000 ത്തിൽ കുറവല്ല. ദുരന്തത്തിലൂടെ GDP യുടെ 4.8% ചോർന്നു പോകുന്നു. കാർഷിക രംഗത്ത് 6.5 ലക്ഷം കോടി രൂപയും മറ്റു രംഗത്ത് മറ്റൊരു 3 ലക്ഷം കോടിയും.


കഴിഞ്ഞ നാളുകളിൽ കേരളത്തിനു പരിചിതമല്ലാത്ത (ഇടവപ്പാതി കാലത്തെ) ബംഗാൾ കടലിലെ ന്യൂനമർദ്ധം, Sun stoke, വരൾച്ചയും  വെള്ളപ്പൊക്കവും പല രൂപത്തിൽ ഇവിടെ ആവർത്തിക്കുന്നു. മരണപ്പെടുന്നവരുടെ എണ്ണത്തിലും കേരളം പിന്നിലല്ല. അപകടകരമായ ചുറ്റുപാടുകളിൽ താമസിക്കുന്ന സമൂഹത്തെ ഉയർന്ന ജീവിത സൂചികയുടെ പ്രതിനിധികളായി എങ്ങനെയാണ് അംഗീകരിക്കുവാൻ കഴിയുക ?

 

നമ്മുടെ നാട്  കുറേ നാളുകളായി തുടർച്ചയായ  വരൾച്ചയെ നേരിട്ടു. (115 വർഷത്തിനുള്ളിലെ  വൻ ഉണക്ക് 2016ൽ ഉണ്ടായി). ആവർത്തിച്ചുള്ള മഴക്കുറവ്  സംസ്ഥാനത്തെ 50 ബ്ലോക്കുകളെ വരൾച്ച ബാധിതമാക്കി. പൊതുവേ മഴ കുറവായിരുന്ന ഇടുക്കി,വയനാട്, പാലക്കാട്  ജില്ലകൾക്ക് പ്രകൃതി ഈ വർഷം  കൂടുതൽ മഴ നൽകി  കനിയുകയായിരുന്നു എന്നു പറയുന്നതാണു ശരി. ഭൂമിയുടെ ഘടനയിലുണ്ടാക്കിയ മാറ്റം, മരങ്ങൾ നഷ്ടപ്പെട്ട മലനിരകൾ, ഖനികൾ, ശുഷ്ക്കിച്ച നദികൾ, മണ്ണിട്ടു നിരത്തിയ പാടങ്ങൾ , ഇല്ലാതായി കഴിഞ്ഞ കായലുകൾ, കുളങ്ങൾ, കാവുകൾ ഒക്കെയാണ്  മഴയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിവെച്ചത്. 

 

ഇടുക്കിയിൽ മഴ 40% അധികം ലഭിച്ചു. ശരാശരി 1000O ഘന മീറ്റർ ഒഴുക്ക് ഉണ്ടായിരുന്ന ഇടുക്കി ഡാമിലേക്ക് 7 മുതൽ 10 ലക്ഷം ഘനമീറ്റർ വെള്ളം എത്തി. ഡാമുകൾ തുറന്നു വിടേണ്ടി വന്നു. സമാനമായ സംഭവം ബാണാസുര ഡാമിലും ഇടമലയാറിലും ഉണ്ടായി. വെള്ളപ്പാെക്കത്താൽ  കുട്ടനാട്ടിൽ  6.50 ലക്ഷം ആളുകൾ ക്യാമ്പുകളിൽ എത്തേണ്ടി വന്നു. വയനാട്ടിലും ഇടുക്കിയിലും  അരലക്ഷം ആളുകൾ വീടുകൾ വിട്ട് നിൽക്കുന്നു.

 

വെള്ളപ്പൊക്കം ഉണ്ടാക്കിയ (പ്രാധമിക കണക്കുകൾ) നഷ്ടം 8300 കോടി രൂപയുടേതാണ് എന്നു സർക്കാർ കണക്കുകൾ വ്യക്തമാക്കി. പ്രകൃതി ദുരന്തത്തിലൂടെയുള്ള നഷ്ടത്തിന്റെ 7 മുതൽ 10  ഇരട്ടിയായിരിക്കും സാമ്പത്തിക രംഗത്തുണ്ടാക്കുന്ന തിരിച്ചടികൾ. ( 58100   മുതൽ 83000 കോടി വരെയായിരിക്കും എന്നർത്ഥം).സാമ്പത്തിക ബാധ്യതയിൽ പെട്ടുഴലുന്ന സംസ്ഥാനത്തിന് മറ്റൊരു വൻ തിരിച്ചടി കൂടിയാണ് വെള്ളപ്പൊക്കവും.


വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കുവാൻ സർക്കാർ നടത്തിയ ( നടത്താറുള്ള ) അഭ്യർത്ഥന (ഔദാര്യം) എത്രമാത്രം യുക്തിഭദ്രമാണ് ? 

 

പൊതു സമൂഹത്തിന് മാതൃകയാകുവാൻ യോഗ്യതയില്ലാത്ത വ്യക്തികളിൽ നിന്ന് ( സ്ഥാപനങ്ങളിൽ നിന്നും)  വായ്പ വാങ്ങുകയും അത്  വാർത്തയാക്കുകയും ചെയ്യുന്ന രീതി ആശാവഹമല്ല. സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾക്കു മുകളിൽ  ജനങ്ങളുടെ അവകാശങ്ങൾ ഒരു പോലെയല്ല വമ്പൻ കെട്ടിടങ്ങൾ പണിയുന്നവർ, വൻ വിലയുള്ള വാഹനങ്ങളുടെ ഉടമകൾ, ക്വാറി മുതലായ വ്യവസായങ്ങൾ നടത്തുന്നവർ  പ്രകൃതി പ്രതിഭാസങ്ങളുടെ ചലന നിയമങ്ങളെ ദൈനം ദിനം വെല്ലുവിളിക്കുന്നവരുടെ കൂട്ടത്തിൽ പെടുന്നു. അത്തരക്കാരിൽ നിന്ന് നിർബന്ധപൂർവ്വം പണം  കണ്ടെത്തി പ്രകൃതിദുരന്ത നിവാരണത്തിനായി ഉപയോഗിക്കുവാൻ സർക്കാർ ആർജ്ജവം കാട്ടണം .സംസ്ഥാനത്തെ പ്രകൃതി വിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യുന്നവർ പ്രകൃതിദുരന്തങ്ങൾ വരുത്തിവെക്കുന്ന നഷ്ടങ്ങൾ പരിഹരിക്കുന്നതിൽ പ്രഥമ പങ്കു വഹിക്കണം. 

 

വനങ്ങളുടെ സാമൂഹിക മൂല്യം ഹെക്ടറിന് 50 ലക്ഷം മുതൽ 1.50 കോടി രൂപ വരെയാണ്. പശ്ചിമഘട്ടത്തിലെ തോട്ടങ്ങളിൽ നിന്നു പിരിക്കുന്ന പാട്ടത്തുകയിൽ കഴിഞ്ഞ 20 വർഷമായി വർദ്ധനവ് വരുത്തിയിട്ടില്ല. പരമാവധി പിരിച്ചെടുക്കുന്ന തുക ഹെക്ടറിന്  പ്രതിവർഷം 1300 മാത്രമാണ്. ഭൂമി വിലയുടെ 3% അല്ലെങ്കിൽ വിളയുടെ വരുമാനത്തിൽ 70% സർക്കാരിനു നൽകണം എന്നാണു വ്യവസ്ഥ. ഒരു ഹെക്ടർ Govt Lease Land ന് 20 വർഷത്തെ പാട്ടത്തുക 10000 രൂപ മാത്രം.പശ്ചിമഘട്ടത്തിന്റെ ഹൃദയ ഭൂമിയിൽ കാർഷിക വ്യവസായം നടത്തുന്നവർ പ്രകൃതി ദുരന്തത്തിന്റെ നഷ്ടം നികത്തുവാൻ ബാധ്യസ്തരല്ലേ ? 

 

സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ഉരുൾപ്പൊട്ടലിന് കാരണമാകുന്നത് അനിയന്ത്രിതമായ പാറ ഖനനമാണ്. സംസ്ഥാത്ത് 5500 ലധികം ക്വാറികൾ പ്രവർത്തിക്കുന്നു. അനുവാദത്തോടെ പ്രവർത്തിക്കുന്ന ക്വാറികൾ തന്നെ നിയമ ലംഘനം നടത്തി കൊണ്ടിരിക്കുകയാണ്. ഖനനം 6 മീറ്റർ താഴത്തേക്ക് പോകരുത്, കുഴികൾക്ക് തട്ടുകൾ ഉണ്ടാകണം, ഗർത്തങ്ങൾ വേലി കെട്ടി സംരക്ഷിക്കുകയും മൂടുകയും വേണം ,ശബ്ദവും പൊടിയും നിയന്ത്രിയ്ക്കണം മുതലായ നിഷ്ക്കർഷകൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ പ്രകൃതിക്ക് തിരിച്ചടി നൽകുന്നു. 

 

പാറ ഖനത്തിലൂടെ സർക്കാരിനു ലഭിക്കുന്ന വരുമാനം അവിശ്വസനീയമായി കുറവാണ്. ഒരു ടൺ  പാറക്ക് റവന്യൂ വകുപ്പിനും ജിയോളജി വകുപ്പിനുമായി നൽകുന്ന തുക 74 രൂപ വരും. ക്വാറികൾ CRP ( Compounding) ലൈസൻസ് പ്രകാരമാണ് പ്രവർത്തിക്കുന്നതെങ്കിൽ കൊടുക്കേണ്ട തുക അതിലും കുറവായിരിക്കും.

 

ഒരു ച.കിമീ  (100 hector) ൽ 10 മീറ്റർ ആഴത്തിൽ പാറ പൊട്ടിച്ചാൽ സർക്കാരിന് 60 കോടി രൂപ നൽകേണ്ടതുണ്ട്. CRP പ്രകാരമാണെങ്കിൽ 1.4 കോടി രൂപ മാത്രം നൽകിയാൽ മതി . മാർക്കറ്റിൽ ഉൽപ്പന്നത്തിന് ലഭിക്കുന്ന  തുക ഏകദേശം 700 കോടി രൂപ. ഖനനം കൊടുമ്പിരി കൊള്ളുമ്പോൾ  മലകൾ ഇടിഞ്ഞു താഴുന്നു .അത് മല ഇടിച്ചിലായി തീരുന്നു. മണ്ണാെഴുകി എത്തി റിസർവോയറുകൾ  പെട്ടെന്ന് നിറയുന്നു . ചെങ്കൽ ഖനനവും മണൽവാരലും കരിമണൽ ഖനനവും അതാതു മേഖലകളിൽ ദുരിതം വിതക്കുകയാണ്. 

 

വീടില്ലാത്തവർക്ക്  നൽകുന്ന സർക്കാർ വീടിന്റെ വിസ്തൃതി 450 ച.അടിക്കു താഴെയാണ്. അതിനും 10 ഇരട്ടിയിലധികം വിസ്താരമുള്ള  വീട്ടുകാരുടെ  വീടുകളെ പറ്റിയുള്ള സ്വപ്നങ്ങൾ പ്രകൃതി വിരുദ്ധമാണ് . പ്രക്യതി ദുരന്തത്തിന്റെ ഭാഗമായി അത്തരക്കാരിൽ നിന്നു പരിസ്ഥിതി ചുങ്കം പിരിക്കേണ്ടതുണ്ട്. 

 

ജല കേളികൾക്കായി നാട്ടിൽ പ്രവർത്തിക്കുന്ന പാർക്കുകൾ, ഹൈപ്പർ മാർക്കറ്റുകൾ, പ്രകൃതി രമണീയതയുടെ തണലിൽ പ്രവർത്തിക്കുന്ന ടൂറിസം രംഗം, കോർപ്പറേറ്റു സ്ഥാപനങ്ങൾ മുതലായവർ ദുരിതാശ്വസത്തിന് നിശ്ചിത തുക നൽകുവാൻ ബാധ്യസ്തമായിരിക്കും എന്ന തരത്തിൽ നിയമങ്ങൾ ഉണ്ടാക്കണം.  

 

ദുരന്തത്തെ പരമാവധി വൈകിപ്പിക്കുവാൻ ആവശ്യമായ മുൻകരുതലുകൾക്കായി പണം കണ്ടെത്തണം. പ്രകൃതിക്ക് ദോഷം വരുത്തിവെക്കുന്ന എല്ലാ നിർമ്മാണങ്ങളും ഒഴിവാക്കി മലനിരകൾ സുരക്ഷിതമായിരിക്കുവാൻ, പുഴകൾക്കൊഴുകുവാൻ, നെൽപ്പാടങ്ങൾ നിലനിർത്തുവാൻ കൂട്ടായ തീരുമാനങ്ങൾ ഉണ്ടാകണം. കൈയ്യേറ്റക്കാരെ ക്രിമിനലുകളായി കണ്ട് നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പല്ലു കൊഴിഞ്ഞ നിയമങ്ങൾ, നിയമങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങൾ പരിഹരിക്കുവാൻ രാഷ്ട്രീയ നേതൃത്വങ്ങൾ ഒറ്റകെട്ടായി നിൽക്കേണ്ടതുണ്ട്. 

 

പശ്ചിമഘട്ട മലകൾ സംരക്ഷിക്കുവാനായി ഗാഡ്ഗിൽ നിർദ്ദേശങ്ങളെ പറ്റിയുള്ള തെറ്റിധാരണകൾ പരിഹരിച്ച് , അവ നടപ്പിലാക്കുവാൻ അമാന്തിക്കരുത്. നെൽ വയൽ തണ്ണീർ തട സംരക്ഷണ ഭേദഗതികൾ റദ്ദുചെയ്യണം. . നദികളുടെ സംരക്ഷണത്തിനായി തീരദേശ നിയമം മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിൽ വെള്ളം ചേർക്കരുത്.

 

വരേണ്യവർഗ്ഗത്തിന്റെ  പ്രകൃതി വിരുദ്ധ സമീപനങ്ങളാൽ കേരളത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്ന  കെടുതികൾ പരിഹരിക്കുവാൻ അവരിൽ നിന്നു തന്നെ  നഷ്ടപരിഹാരം വാങ്ങി എടുത്ത് ഇരകളെ സഹായിക്കുവാൻ സർക്കാർ മുന്നോട്ടു വരികയാണ് വേണ്ടത്. അതിനു പകരം ദുരന്ത സഹായ സംഭാവന പിരിച്ചെടുക്കുന്ന സമിതിയായി സർക്കാർ ചുരുങ്ങി കൂടാ.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment