ജനനിബിഢ കേരളത്തിൽ 50 മീറ്റർ ഖനനമാകാം - നമ്മുടെ നേതാക്കൾ എത്ര വിചിത്രർ 




കൊറോണാനന്തര കേരളത്തിൻ്റെ സാമ്പത്തിക രംഗം മുൻ കാലത്തേക്കാളും പ്രതിസന്ധിയിലെത്തും എന്ന് സർക്കാർ ഓർമ്മിപ്പിക്കുന്നു. തിരിച്ചടികളുടെ ഘട്ടങ്ങളിൽ, പ്രശ്ന പരിഹാരമായി,പ്രകൃതി വിഭവങ്ങളെ വർധിച്ച അളവിൽ  കൊള്ള അടിക്കുവാൻ ചിലർക്ക് വഴിവിട്ട അവസരമൊരുക്കുവാനായിരുന്നു ഭരണ കർത്താക്കൾ ശ്രമിച്ചുള്ളത്. 2018 ലെ വെള്ള പൊക്കത്തിൻ്റെ കെടുതികൾ അവസാനിക്കും മുൻപ്(ആഗസ്റ്റ് അവസാന വാരം),നെൽ വയൽ/തണ്ണീർ തട സംരക്ഷണ നിയമത്തെ ലഘൂകരിക്കുവാൻ സർക്കാർ തീരുമാനിച്ചു.


2018, 19 ലെ വൻ തിരിച്ചടിയുണ്ടായ പശ്ചിമഘട്ടത്തിനും തീരദേശത്തിനും വരും നാളുകളിൽ പ്രത്യേക സുരക്ഷണം നൽകേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ സർക്കാർ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ നിലവിലുണ്ടായിരുന്ന പല സംരക്ഷണവും എടുത്തു കളയുവാനാണു ശ്രമിച്ചത്. മരടിനെ പോലെ തന്നെ 12000 അനധികൃത നിർമ്മാണങ്ങൾ നാട്ടിലുണ്ടെന്ന് ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മറ്റും  അറിഞ്ഞത് സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോൾ മാത്രമായിരുന്നു. മരട് ഫ്ലാറ്റു പൊളിക്കൽ അസാധ്യമാണെന്നു പറഞ്ഞ ത്രിപ്പൂണിത്തുറ യുവ MLA ,തൻ്റെ ശാസ്ത്ര അജ്ഞത കൊണ്ടല്ല അങ്ങനെ പ്രതികരിച്ചത്. റിയൽ എസ്റ്റേറ്റ് രാഷ്ട്രീയ ബാന്ധവ മായിരുന്നു അതിനു നിദാനം.മൂന്നാറിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കായി വാദിച്ച തൊഴിലാളി നേതാവും കുട്ടനാട് നികത്തി എടുത്ത (അന്തരിച്ച) സോഷ്യലിസ്റ്റു നേതാവും കേരള നിയമ നിർമ്മാണ സഭയുടെ ഒറ്റപ്പെട്ട സംഭവങ്ങളല്ല.


2018,19 ലെ വെള്ളപ്പൊക്കം വരുത്തിവെച്ച 50000 കോടി രൂപയുടെ നഷ്ടം, കൊറോണ 2020 സാമ്പത്തിക രംഗത്തുണ്ടാക്കുന്ന 80000 കോടിയുടെ ബാധ്യത, കേരളത്തെ വലിയ വലിയ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു എന്നുറപ്പിക്കാം. ഇത്തരം സാഹചര്യങ്ങളിൽ ,സർക്കാർ ആനുകൂല്യങ്ങൾ നൽകി സ്വകാര്യ സംരംഭകരെ സഹായിക്കൽ പരിഹാര മാർഗ്ഗമായി അധികാരികൾ കാണുന്നു എന്നു വ്യക്തമാക്കി കഴിഞ്ഞു.മറ്റൊരു ഭാഷയിൽ പറഞ്ഞാൽ കേരളത്തിൻ്റെ അവശേഷി ക്കുന്ന പുഴകൾ കൈയ്യേറാൻ,നെൽപ്പാടം നികത്തുവാൻ, മലകൾ തുരക്കുവാൻ, പാറ പൊട്ടിച്ചു കടത്തുവാൻ  സർക്കാർ വേണ്ടതെല്ലാം ഉറപ്പാക്കുകയാണു വീണ്ടും.


കൊറോണ കർഫ്യൂവിന് ഇളവു നൽകിയ ആദ്യ പട്ടികയിൽ സ്ഥാനം പിടിച്ച പാറ ഖനനത്തെ പറ്റി നിയമപരമായ ഖനനം അനുവദിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ,നിയമപരമായ ഖനനം കൊണ്ടെന്താണ് ഭരണ സംവിധാനം ഉദ്ദേശിക്കുന്നതെന്ന് ജനങ്ങൾ ഓർമ്മയിൽ സൂക്ഷിക്കണം.


Mines and Mineral (Development and Regulation) Act 1957 എന്ന കേന്ദ്ര സർക്കാർ നിയമത്തിൻ്റെ പശ്ചാത്തലത്തിൽ കേരളം രൂപപ്പെടുത്തിയ Kerala Minor Mineral Concession Rules 1967 പാറ ഖനനത്തിനുള്ള അവസരം ഒരുക്കുന്നു.


ക്വാറികൾക്കായി ഫോം 233 ൽ പഞ്ചായത്തിൽ അവതരിപ്പിക്കുന്ന അപേക്ഷ യോടൊപ്പം

 

1.മൈനിംഗ്‌ & ജിയോളജി വകുപ്പ് ജില്ലാ ആഫീസറുടെ മൈനിംഗ്/ ലീസ് എഗ്രിമെൻ്റ്.


2. മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ NOC .


3.ചീഫ് കൺട്രൂളർ ഓഫ് എക്സ്പ്ലോസീവ്സ് അല്ലെങ്കിൽ തുല്യാധികാരമുള്ള റവന്യു ഉദ്യോഗസ്ഥൻ നൽകുന്ന ബ്ലാസ്റ്റിംഗ് ലൈസൻസ് .


4.ഭൂമി സ്വകാര്യ വ്യക്തിയുടെതാണെങ്കിൽ പോസഷൻ സർട്ടിഫിക്കറ്റും NOC യും.


5. സംസ്ഥാന പരിസ്ഥിതി ഇംപാക്ട്റ്റ് അസസ്മെൻ്റ് അതോറിട്ടി /കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പാരിസ്ഥിതിക അനുമതി.


6. സൈറ്റ് പ്ലാൻ,ലൊക്കേഷൻ മാപ്പ്-തഹസീൽദാർ സാക്ഷ്യപ്പെടുത്തിയത്. 


7.ഫയർ and സേഫ്റ്റി അതോറിറ്റി സർട്ടിഫിക്കറ്റ് 


8. DMO യുടെ NOC.


9.ഉപയോഗിക്കുന്ന മെഷിനറി യുടെ HP നിർണ്ണയിക്കുന്ന രേഖ.


10.വിലേജ് ആഫീസിൽ നിന്നാരംഭിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ് നേടൽ 


മുകളിൽ പറഞ്ഞ അനുവാദങ്ങൾ നേടി എടുത്ത ശേഷം 232 വകുപ്പു പ്രകാരം Dangerous and Offensive Trades and, Factories) Rules/1996 അനുസരിച്ച് പഞ്ചായത്തു സെക്രട്ടറി പ്രവർത്തനാനുമതി നൽകുന്നു.Dangerous and Offensive Trades and, Factories) Rules/1996 എന്ന നിയമത്തിൻ്റെ പേര് License to Industries, Factories, Trade, Entrepreneurship Activities and Other Services Amendment Rules എന്നാക്കി 2018 ൽ പുനർ നാമകരണം ചെയ്തു.(അപകടകരവും എതിർക്കപെടേണ്ടതുമായ കച്ചവടം /വ്യവസായം എന്ന പേരിൽ നടത്തിയ ഖനനം,താരതമ്യേന കേൾക്കാൻ സുഖകരമായ പേരിലേക്ക് മാറ്റുന്നതിനു പിന്നിൽ പാറ പൊട്ടിക്കൽ സ്വാഭാവിക പ്രവർത്തനമാക്കുക തന്നെയായിരുന്നു  ലക്ഷ്യം.) 


ഖനനങ്ങളെ പറ്റിയുള്ള  സംസ്ഥാന സർക്കാരിൻ്റെ ആത്മാർത്ഥത ബോധ്യപ്പെടുവാൻ ഖനനത്തിന് ജനവാസ കേന്ദ്രത്തിൽ നിന്നുള്ള ദൂരത്തെ പറ്റി എടുത്ത തീരുമാനം പരിശോധിച്ചാൽ മതി.ഒരു കി.മീറ്ററിനുള്ളിൽ 405 പേരുള്ള രാജ്യത്തിൻ്റെ പൊതുവായ ഖനന അനുമതി ജനവാസ ദൂരത്തിനും  500 മീറ്ററിനു പുറത്താണ്.കേരളത്തിലെ ഖനന പ്രദേശം ജന വാസ കേന്ദ്രത്തിൽ നിന്നും 50 മീറ്റർ അകലെയാകാം. 859 മനുഷ്യർ ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന കേരളത്തിൽ ഖനനം50 മീറ്ററിനകലെ അനുവദിക്കും.വനാതൃത്തിയിൽ നിന്നും ഒരു Km മതി.രാജ്യത്തിൻ്റെ  മുഖ്യ പരിസ്ഥിതി പ്രധാനമായ കേരളത്തിൻ്റെ ഭാവിയിൽ നമ്മുടെ ഭരണ കർത്താക്കളുടെ താൽപ്പര്യം എത്ര വിചിത്രമായിരിക്കുന്നു എന്ന് ഇതു തെളിയിക്കുന്നു.

 

തുടരും 

അവസാന ഭാഗം 

കൺമുൻപിൽ നടക്കുന്ന നിയമ ലംഘനങ്ങളെ തിരിച്ചറിഞ്ഞ് പ്രതിഷേധിക്കുക

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment