തണുപ്പു കാലം കോവിഡ് ഭീതി വർദ്ധിപ്പിക്കുന്നു




യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും ശൈത്യ കാലത്ത് കോവിഡ് വ്യാപനം കൂടുതൽ സജീവമാകുകയാണ്. 5.3738 കോടിയാളുകളെ കൊറോണ ബാധിക്കുകയും മരണം 13 ലക്ഷം കടക്കുകയും ചെയ്തു. അമേരിക്കയും ഇന്ത്യയും ശൈത്യ കാലത്ത് കുറേ കൂടി രോഗ വ്യാപനത്തിനു സാക്ഷിയാകേണ്ടി വരികയാണോ ?


സ്വിറ്റ്സർലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ കൊറോണയുടെ രണ്ടാം വരവ് കുറേ കൂടി ശക്തമായിക്കഴിഞ്ഞു. സ്പെയിൻ, ഇറ്റലി തുടങ്ങിയ വലിയ താേതിൽ ദുരന്തങ്ങൾ ഉണ്ടായ ഇടത്തും വാർത്തകൾ ശുഭകരമല്ല.


അന്തരീക്ഷ ഊഷ്മാവ് കുറയുകയും മഞ്ഞുതുള്ളികളാൽ ഡ്രോപ്ലറ്റുകളും എയ്റോസോളുകളും കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുവാൻ അവസരമുണ്ടാകുന്നു. ഇത് രോഗ വ്യാപനത്തിൻ്റെ വേഗത വർദ്ധിപ്പിക്കും. സൂര്യ പ്രകാശം കുറവ് ലഭിക്കുന്ന തണുപ്പ് സമയങ്ങളിൽ, വൈറ്റമിൻ ഡിയുടെ ലഭ്യത കുറയുന്നത് ശരീരത്തിന് പ്രതിരോധ ശേഷി ചെറിയ തോതിൽ കുറക്കും. അത് കോവിഡ് രോഗ സാധ്യത കുട്ടും.


അന്തരീക്ഷത്തിൽ ജലാംശം കുറവുള്ളതിനാൽ മൂക്കിനുള്ളിലെ ശ്രവങ്ങൾ കുറയുകയും (മൂക്കുണങ്ങുക) അണു പ്രസരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. തണുപ്പ് സമയത്ത് ആളുകൾ കൂടുതലായി അടുത്തു നിൽക്കുമ്പോൾ വൈറസ്സ് വ്യാപനം വർധിക്കും. ജനലുകളും വാതിലുകളും കൂടുതലായി അടഞ്ഞു കിടക്കുന്നതിനാൽ മുറികളിൽ കൂടുതലായി വൈറസ് വ്യാപനമുണ്ടാകും. H1N1പനിയുടെ കാര്യത്തിലും തണുപ്പ് കാലം രോഗ വ്യാപനം വർധിപ്പിച്ചിരുന്നു. അതേ സാഹചര്യങ്ങൾ കോവിഡ് വിഷയത്തിലും ആവർത്തിക്കുമെന്ന് പുതിയ സംഭവങ്ങൾ ഓർമ്മിപ്പിക്കുകയാണ്.


കേരളത്തിലെ കൊറോണയുടെ മൂന്നാം ഘട്ടം ഭാഗികമായി പരാജയപ്പെട്ടു എന്നു കാണാം. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനം അതിരൂക്ഷമായത് അതിനുള്ള തെളിവാണ്. ഉറവിട മറിയാത്ത രോഗികൾ വർധിച്ചത്, ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗ ബാധ ഉണ്ടാകുന്നതൊക്കെ പ്രതിരോധ പ്രവർത്തനത്തിലെ പാളിച്ചകൾ തന്നെ.


കൊറോണ വൈറസ്സിൻ്റെ വ്യാപനത്തെ വർധിപ്പിക്കുവാൻ പഞ്ചായത്തു തെരഞ്ഞെടുപ്പ് കാലം അവസരമുണ്ടാക്കരുത്. ഓണാഘോഷം പ്രതിരോധ പ്രവർത്തനങ്ങളിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഒരിക്കൽ കൂടി ആവർത്തിച്ചാൽ അതിനു നൽകേണ്ടി വരുന്ന വില വളരെയധികമായിരിക്കും എന്ന് രാഷ്ട്രീയ പ്രവർത്തകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.


144 പോലെയുള്ള പോലീസ് മുറകൾ കൊണ്ട് ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന സർക്കാർ നിലപാട് പരാജയമായി അംഗീകരിച്ചു കൊണ്ട് ജനകീയ സമിതികൾ പ്രതിരോധ സേനകളായി പ്രവർത്തിക്കണം. ത്രിതല പഞ്ചായ ത്തുകൾ നേതൃത്വം കൊടുക്കുന്ന സമിതികൾ കോവിഡ് മുൻ കരുതലിനായി സജ്ജീവമാകേണ്ടതുണ്ട്. പഞ്ചായത്തു തെരഞ്ഞെടുപ്പു രംഗം തന്നെ ജനകീയ ആരോഗ്യ പ്രതിരോധമായി തീരുന്നതിലൂടെ കേരളത്തെ കോവിഡ് ഭീതിയിൽ നിന്നു രക്ഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment