ഡൽഹി ഒരു പാഠമാകുമോ ?




ഇന്ത്യൻ നഗര വികസനത്തെ പറ്റിയുള്ള തെറ്റായ അന്വേഷണത്തിന്റെ പ്രതിഫലമാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാജ നഗരി ഇന്നനുഭവിക്കുന്ന ദുരന്തം. ജന സംഖ്യയിൽ  ടോക്കിയോയ്ക്കു (3.8 കോടി ആളുകൾ) താഴെ സ്ഥാനം നേടിയ ഡൽഹി, വായൂ മലിനീകരണത്താൽ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. അതിൽ  ദുഖിക്കാത്ത, നാണക്കെടാത്ത, നമ്മുടെ ഭരണകൂട പ്രതിനിധികളെ അധികാരത്തിൽ നിന്നു പുറത്തു നിർത്തുവാൻ  കഴിഞ്ഞില്ല എങ്കിൽ ജനാധിപത്യ ധർമ്മം മറന്നു പോയ ജനതയായി ഇന്ത്യക്കാരെ  ചരിത്രം വിലയിരുത്തും.


ഹിമാലയത്തിലെ മഞ്ഞുമലകൾ മുതൽ മാന്നാർ കടലിടുക്കിലെ കടൽ പുറ്റുകൾ വരെ കാലാവസ്ഥ ദുരന്തത്താൽ രോഗാതുരമാണ്. അത്തരം വിഷയങ്ങളെ കണക്കിലെടുക്കാതെ, വികസനത്തെ പറ്റി വാചാലമാകുവാൻ ദേശീയ സംസ്ഥാന സർക്കാരുകൾ മുതൽ ത്രിതല പഞ്ചായത്തുകൾ വരെ കാട്ടുന്ന താൽപ്പര്യം ഡൽഹി ദുരന്തത്തെ അവിചാരിതമാക്കുന്നില്ല. രാജ്യത്തെ എല്ലാ നദികളും മരണ സമാനമായി മാറിക്കഴിഞ്ഞു. ഒഴുകുന്ന വെള്ളത്തിന്റെ അളവിൽ അഭൂതപൂർവ്വമായി സംഭവിച്ച കുറവിന് തെക്കേ ഇന്ത്യൻ നദികൾ മുതൽ ഗംഗയും യമുനയും ടീസ്റ്റയും രവിയും ഉദാഹരണങ്ങളാണ്. ബ്രഹ്മപുത്ര മാത്രമാണ് വലിയ തരത്തിൽ തകർന്നു പോകാത്ത നദി. നദികളുടെ ഉള്ളടക്കത്തിലും മലിനീകരണത്തിലും ഉണ്ടാകുന്ന മോശം അവസ്ഥകളെ പരിഹരിക്കുവാൻ അര നൂറ്റാണ്ടായി പറഞ്ഞു കേൾക്കുന്ന പദ്ധതികൾ ലക്ഷ്യം തെറ്റുന്നതിൽ മറുപടി പറയുവാൻ അധികാരികൾക്ക് ബാധ്യതയുണ്ട്‌. എന്നാൽ അത്തരം വിഷയങ്ങൾ കേവല രാഷ്ട്രീയ ആരോപണ / പ്രത്യാരോപണമായി നിലനിൽക്കുന്നു.


1484 ച.കി മീറ്ററിനുള്ളിൽ 2.6 കോടി ആളുകൾ താമസിക്കുന്ന ചരിത്ര പ്രസിദ്ധമായ  മെട്രോ നഗരത്തിലെ ജനസംഖ്യയും വാഹനങ്ങളുടെ  വർദ്ധനയും അനിയന്ത്രിതമായി തുടരുമ്പോൾ, ആധുനിക ഭൂ ഉപഭോഗ മാനദണ്ഡങ്ങളെ അവഗണിക്കുന്നു. Carrying Capacity, വാഹന സാന്ദ്രത, തുറസ്സായ സ്ഥലങ്ങളുടെ പ്രാധാന്യം, തണലുകളുടെ വ്യാപ്തി, കെട്ടിടങ്ങളുടെ വലിപ്പവും നിർമ്മാണ രീതിയും മുതലായവ പരിഗണിക്കുവാൻ സർക്കാർ ബാധ്യസ്ഥമാണെന്നിരിക്കെ  ഇത്തരം വിഷയങ്ങളിൽ അവർ അന്ധത നടിക്കുകയാണ്. അതേ സമയം വികസന വിഷയത്തിൽ  വാചാലരുമാണ്.


ഡൽഹി നഗരത്തെ ഊട്ടുന്ന പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനത്തെ ഗോതമ്പു പാടങ്ങൾ ഒരുക്കുവാനായി കച്ചിക്കു തീയിടുന്നത്, തൊട്ടടുത്ത വിള വേനൽ ചൂട് വർദ്ധിക്കുന്നതിനു മുൻപ് ഇറക്കുവാനുള്ള എളുപ്പ മാർഗ്ഗമായി സ്വീകരിച്ചു വന്നു. ഇതു വഴി ഉണ്ടാകുന്ന പുകയും ചൂടും ഡൽഹി നേരിടുന്ന Climate Disaster ന്റെ കാരണങ്ങളിൽ ഒന്നു മാത്രമാണ് .


പൊതുവേ വടക്കേ ഇന്ത്യൻ മണ്ണിന്റെ ഘടനയിൽ കാർബൺ അനുപാതം കുറവായതിനാൽ ചെടികളുടെ തണ്ടുകൾ മണ്ണിനടിയിൽ എത്തിക്കുന്നത് ആശാവഹമായ രീതിയാണ്. എന്നാൽ ഈ രീതിയിൽ മണ്ണിനെ ഒരുക്കി എടുക്കുവാനുള്ള കാല താമസ്സം തടസ്സമായി തുടരുന്നു. അവയെ മറ്റു രൂപത്തിൽ മാറ്റി (ഊർജ്ജ ശ്രാേതസ്സായും നാര് ഉൽപ്പന്നമായും) ഉപയോഗിക്കുന്നതിൽ കാര്യമായ പദ്ധതികൾ ഉണ്ടായിട്ടില്ല. രാജ്യത്ത് 50 കോടി ടൺ വൈക്കോൽ പ്രതി വർഷം ഉണ്ടാകുന്നു എങ്കിലും അതിനെ ഉൽപ്പന്നമാക്കുവാൻ ഇശ്ചാശക്തിയില്ലാത്ത അധികാര കേന്ദ്രങ്ങൾ, കർഷകരെ വില്ലൻ റോളിൽ അവതരിപ്പിക്കുവാൻ മടിക്കുന്നില്ല.


The Indian Council for Agriculture Research  കച്ചിയെ പെട്ടെന്ന് വളമാക്കുവാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ Capsule വികസിപ്പിച്ചത് കത്തിക്കൽ പ്രവർത്തനം കുറക്കുവാനും മണ്ണിന്റെ കാർബൺ സാനിധ്യം വർധിപ്പിക്കുവാനും ഇടയുണ്ടാക്കും.


ഡൽഹിയിലെ  പൊടിപടലത്തിന്റെ തോത് (ഏറ്റവും അപകടകരമായ PM. 2.5) അനുവദനീയമായ 100 മൈക്രോഗ്രാം / ക്യുബിക്ക് മീറ്റർ അളവിന്റെ 10 ഇരട്ടിയിലധികമായിട്ടുണ്ട് (1200 വരെ) എന്നത് മനുഷ്യ ജീവനു മാത്രമല്ല മറ്റു ജീവി വർഗ്ഗങ്ങളെയും പ്രതികൂലമായി ബാധിക്കും. പാെടിപടലങ്ങൾ തീർക്കുന്ന അന്തരീ ക്ഷത്തിൽ ഒരേ സമയം സൂര്യപ്രകാശം ചിതറി മാത്രം പതിക്കുകയും പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്കു പോകേണ്ട (infrared rays) രശ്മികൾ തടഞ്ഞു നിർത്തപ്പെടുകയും ചെയ്യും (green house effect). 


ഡൽഹി നഗരത്തിലെ അനിയനന്ത്രിതമായി വർദ്ധിച്ചിട്ടുള്ള വാഹനങ്ങളെ ( കേരളത്തോളം )നിയന്ത്രിക്കുവാൻ അടിയന്തിരമായി സർക്കാർ ചില നടപടികൾ കൈ കൊണ്ടു. Nov.4 മുതൽ 15 വരെയുള്ള 12 ദിവസം ഇരട്ടയക്കത്തിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾ ഇരട്ട അക്കത്തിലെ ദിനത്തിൽ മാത്രം നിരത്തിലിറക്കുക. ഒറ്റയക്ക നമ്പർ വാഹനങ്ങൾ മറ്റു ദിവസവും. സ്വകാര്യ 4 ചക്ര വാഹനങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ  ബാധകമായിരിക്കും. ഇത്തരം നിയന്ത്രണങ്ങൾക്കപ്പുറം ശാസ്ത്രീയമാതും സമയ ബന്ധിതവുമായ പ്രതി വിധികൾ നടപ്പിലാക്കേണ്ടതുണ്ട്. നഗര വികസന സമീപനങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുത്തുവാൻ നമ്മുടെ വികസന നായകർക്കു കഴിയുമോ ?


ഡൽഹി ദുരന്തം മറ്റൊരു രീതിയിൽ ബാംഗ്ലൂരിനെ ബാധിച്ചു കഴിഞ്ഞു അവിടെ വിഷയം ജല ദൗർലഭ്യമാണ്, .ചെന്നൈയും (വരൾച്ച, വെള്ളപ്പൊക്കം) വാരണാസിയും (മലിനീകരിക്കപ്പെട്ട ഗംഗ) വ്യത്യസ്ഥ വിഷയങ്ങളാൽ വീർപ്പു മുട്ടി.2005 നു ശേഷം മുംബൈ നഗരം വൻ പേമാരിയുടെ ആവർത്തിച്ചുള്ള ആക്രമണത്തിന് വിധേയമാണ് . കൊച്ചിയുടെ ദുരന്തം വീണ്ടും ആവർത്തിക്കുമെന്നു പ്രതീക്ഷിക്കാം. അന്തരീക്ഷ മലിനീകരണത്താലും പ്രകൃതി ദുരന്തത്താലും തിരിച്ചടി നേടുന്ന നഗരങ്ങളുടെ രാജ്യം എന്തു വികസനത്തെ പറ്റി പറഞ്ഞാലും അത് ജല രേഖ മാത്രമായി അവശേഷിക്കും എന്നു സമ്മതിക്കുവാൻ ഇന്ത്യൻ ഭരണകർത്താക്കൾ ഇനി എങ്കിലും തയ്യാറാകണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment