എന്താണ് പരിസ്ഥിതി ലോല പ്രദേശം? എന്താണ് പ്രത്യേകത




പ്രകൃതിപരമായും (Ecological) (പരിസ്ഥിതിപരമായല്ല) സാമ്പത്തികമായും പ്രധാനമായ പ്രദേശങ്ങളെയാണ് Environment Protection Act 1986 (EPA) പ്രകാരം പരിസ്ഥിതി ലോല പ്രദേശം അധവാ Environment Sensitive Area എന്നു നാമകരണം ചെയ്യുന്നത്. ഉഷ്ണമേഖലാ മഴക്കാടുകൾ (ഒരു ഹെക്ടർ) പ്രതി വർഷം നൽകുന്ന സേവനം ഒരു കോടിയിലധികം വരുന്നുണ്ട്. പ്രകൃതി വിഭവങ്ങൾ കൊണ്ട് അതിപ്രധാനമായ കാടുകളും മറ്റ് ലോല പ്രദേശങ്ങളും പരിസ്ഥിതികമായ തകർച്ചയെ നേരിടുന്നു എങ്കിൽ അവയെ Hotspot കൾ എന്നു പറയാം. തകർച്ച നേരിടുന്ന പരിസ്ഥിതി പ്രധാനമായ സ്ഥലങ്ങളുടെ പട്ടികയിൽ പശ്ചിമ ഘട്ടം ലോകത്തെ 8ൽ ഒന്നാണ് എന്നു പറയുമ്പോൾ അത്, ഒരേ സമയം  അഭിമാനിക്കുകയും ഉൽക്കണ്ഠ പെടുത്തേതുമാണ്.


പരിസ്ഥിതി ലോല പ്രദേശങ്ങൾ ചെറിയ തോതിലുള്ള ഇടപെടൽ കൊണ്ടു പോലും തകർച്ചയെ നേരിടും. വയനാടും സൈലന്റ് വാലിയും ഷാേളയാറും ഇടുക്കിയും ഗവിയും ചെന്തുരുണിയും അഗസ്ത്യർ മലയും അവിടെ നിന്ന് ഒഴുകുന്ന പുഴകളും Hot spot കൾ എന്ന പേരിന് (പേരു ദോഷത്തിന്) വിധേയരായിക്കഴിഞ്ഞു. പലതു കൊണ്ടും ശ്രദ്ധേയമായ വയലുകളുടെ നാട് സമ്പൂർണ്ണമായ തകർച്ചയിലാണെന്ന് ജില്ലയിലെ വിവിധ വിഭാഗം ജനങ്ങൾ സമ്മതിക്കുന്നു. ആദിവാസികൾ മുതൽ തേയില, കുരുമുളക് കൃഷിക്കാർ വരെ വ്യത്യസ്ഥ തരത്തിൽ അതിൻ്റെ ദുരിതം അനുഭവിക്കുകയാണ്. മഴക്കാലം ഏറ്റവുമധികം അപടകങ്ങൾ വരുത്തിവെക്കുന്ന വയനാട്ടിൽ മണ്ണിടിച്ചിലും ഉരുൾ പൊട്ടലും എത്രയോ മടങ്ങു വർധിച്ചിരിക്കുന്നു. ഈ സാഹചര്യങ്ങളെ മുൻനിർത്തി Environment Sensitive Area യുടെ പരിധി നിർണ്ണയിച്ച ദേശീയ സർക്കാർ തീരുമാനത്തെ ദീർഘ വീക്ഷണത്തോടെ പരിശോധിച്ച് ആകുലതകളും വിമർശനങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുവാൻ നാട്ടുകാർക്കു കഴിയണം. 


Ecological Sensitive/ Salience/Significance Area എന്ന പരിസ്ഥിതി ലോല പ്രദേശത്തിനെ മൂന്നു തരത്തിൽ അതിൻ്റെ പ്രാധാന്യത്തെ വിവരിക്കാം.
 1.കാലാവസ്ഥാ പരമായ പ്രത്യേകതകൾ (Geo climatic features) ചൂണ്ടി കാട്ടി.
 2. ജൈവപരമായ പ്രാധാന്യം പരിഗണിച്ച് (Biological relevance).
 3.സാമൂഹികമായ പ്രത്യേകതകൾ(Social relevance) ഓർത്തെടുത്ത്.ഇവയെ അജൈവപരമായ പ്രാധാന്യം. (Abiotic Attributes), ജൈവപരമായ കരുത്ത് (Biotic Attributes), സാംസ്ക്കാരികമായ പ്രത്യേകതകൾ എന്ന തരത്തിലും അടയാളപ്പെടുത്താം. പാരമ്പര്യമായി കാടുകളിൽ താമസിച്ചു വരുന്ന ആദിവാസികൾ എന്ന് ഏഷ്യയിലും Aborigines എന്ന് മറ്റു ഭൂഖണ്ഡത്തിലും വിളിക്കുന്നവരുടെ ആവാസ വ്യവസ്ഥയെ സുരക്ഷിതമായി നില നിർത്തണം.അവരുടെ ചരിത്രത്തിൻ്റെ ഭാഗമായ ഇടങ്ങൾ അട്ടിമറിക്കരുത്. 


ജൈവപരമായി പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഉണ്ടായിരുന്ന ജൈവ വൈവിധ്യങ്ങളുടെ വ്യാപ്തി,അവയുടെ എണ്ണം, അവയുടെ വിസ്തൃതി, ഉൽപ്പാദന ക്ഷമത, മഴയുടെ അളവ്, ബാഷ്പീകരണ തോത്, ജലധാര, ചരിവ് എന്നിവ പരിശോധിച്ചാണ് പരിസ്ഥിതി ലോല പ്രദേശത്തെ ഉൾപ്പെടുത്തുന്നത്. പ്രദേശങ്ങളിൽ സംഭവില്ല മലയിടിച്ചിൽ, ഉരുൾ പൊട്ടൽ, മഴയുടെ സ്വഭാവത്തിലെ മാറ്റം എന്നിവയും പരിസ്ഥിതി സുരക്ഷാ നിയമം ശ്രദ്ധിക്കുന്നു.


ഡോ. മാധവ് ഗാഡ്ഗിൽ നേതൃത്വം നൽകി ഉണ്ടാക്കിയ Western Ghat Ecological Expert Panel, പശ്ചിമ ഘട്ടത്തിൻ്റെ മുഴുവൻ പ്രദേശത്തെയും പരിസ്ഥിതി ലോല പ്രദേശമായി വിലയിരുത്തി മൂന്നായി തിരിച്ചിരുന്നു. 37% സഹ്യ പർവ്വതവും സുരക്ഷി തമായി നില നിർത്തണമെന്ന നിലവിലെ നിയമങ്ങൾ പറയുന്നുണ്ട്. WGEEP നിർദ്ദേശത്തിനു പകരം കേന്ദ്ര സർക്കാർ നിയമിച്ച കസ്തൂരി രംഗൻ റിപ്പോർട്ട് 6 സംസ്ഥാനങ്ങളിൽ 1883 വില്ലേജുകളെ പരിസ്ഥിതി ലോല ഇടങ്ങളായി പരിഗണിച്ചു. കേരളത്തിൽ 123 ഗ്രാമങ്ങൾ. വയനാട്ടിലെ13 ഇടങ്ങളെ ESAയായി പരിഗണിക്കണമെന്നായിരുന്നു കസ്തൂരി രംഗൻ കമ്മീഷൻ പറഞ്ഞത്. സംസ്ഥാന സർക്കാർ123 ഗ്രാമങ്ങളിൽ പലതും ഒഴിവാക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാരിനു മുന്നിൽ സംസ്ഥാന നൽകിയിരുന്നു. 


വയനാടിൻ്റെ പരിസ്ഥിതി രംഗത്തുണ്ടായ വൻ തിരിച്ചടികൾ സജ്ജീവമായിരിക്കെ വന്യ ജീവി സംരക്ഷണ മേഖലയുടെ ബഫർ സോൺ ചുരുക്കണമെന്ന വാദം വയനാ ടിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. വയനാടിൻ്റെ സമഗ്ര വികസനത്തിന് 7500 കോടി രൂപയുടെ കേരള സർക്കാർ പ്രഖ്യാപനം ലക്ഷ്യത്തിലെത്തണമെങ്കിൽ നഷ്ടപ്പെട്ട വയലുകൾ തിരിച്ചു പിടിക്കണം.കാടുകൾ പരമാവധി സംരക്ഷിക്കണം. അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റണം. ഖനനം അവസാനിപ്പിക്കണം. ആദിവാസികളുടെ ഭൂമി അവർക്കു നൽകണം. കാർഷിക രംഗത്തെ ഏകവിള കൃഷി യെ പോളിച്ചെഴുതണം. ഇതിനൊപ്പം വനങ്ങളുടെ ബഫർ സോണുകൾ സുരക്ഷിതമാക്കണം. കാടുകൾ സംരക്ഷിക്കുന്നതിലൂടെ കാർഷിക രംഗത്തെ തിരിച്ചടിയും വെള്ളപ്പൊക്കം വരുത്തി വെക്കുന്ന ദുരിതങ്ങളും കുറച്ചു കൊണ്ടുവരുവാൻ കഴിയും. പരിസ്ഥിതി നശിക്കുന്നതിലൂടെ മനുഷ്യർക്കു പോലും അധിവസിക്കുവാൻ കഴിയാത്ത നാടായി വയനാടു മാറാതിരിക്കുവാൻ നമുക്കു ചുമതലയുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment