പ്രളയം സംബന്ധിച്ച പാരിസ്ഥിതികാഘാത റിപ്പോർട്ടിന്റെ ഗൗരവം എന്നാണ് സർക്കാർ മനസിലാക്കുക




പതിനാലാം നിയമസഭക്കു മുന്നിൽ പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതി ആഗസ്റ്റ് വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്, (പതിനാറാം) കേരളം ആവർത്തിച്ചു നേരിടുന്ന പരിസ്ഥിതി ആഘതത്തിന്റെ ഗൗരവം മനസ്സിലാക്കി വിവരിക്കുന്നു. ഓഖിയെ പറ്റി പറഞ്ഞു തുടങ്ങിയ വിവരണത്തിൽ 2018 ലെ പ്രളയം, ദുരന്തമായി മാറിയതിനു പിന്നിലെ കാരണങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ചു. അധിക മഴ 483 ആളുകളുടെ ജീവിതം കവർന്നതും 14 പേരെ കാണാതായതും വൻ തോതിൽ കൃഷി നശിച്ചതും മണ്ണിടിച്ചിലും ഉരുൾപൊട്ടലും അനാരോഗ്യകരമായ മനുഷ്യരുടെ ഇടപെടൽ മൂലം ഉണ്ടായി എന്ന് ശ്രീ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള 9 എംഎൽഎമാരുടെ സമിതി വിദഗ്ദരുടെ സഹായത്തോടെ വിശദമാക്കി.


കേരള ചരിത്രത്തിലെ വൻ പ്രളയമായി രേഖപ്പെടുത്തിയ 1924 ലെ മഴയെയും അനുബന്ധ പ്രവർത്തനത്തെയും പഠന വിധേയമാക്കാത്തതിലെ വീഴ്ച്ച മുതൽ സംസ്ഥാനത്തെ പ്രകൃതി പ്രതിഭാസത്തെ കണ്ടില്ല എന്നു നടിച്ച സർക്കാർ സംവിധാനത്തോട് നീരസം പ്രകടിപ്പിക്കുന്നുണ്ട് റിപ്പോർട്ട്.

 


2010 മുതൽ സംസ്ഥാന ദുരന്ത നിവാരണ സമിതി  പ്രവർത്തിക്കുന്നു എങ്കിലും പ്രകൃതി ദുരന്തത്തെ നേരിടുന്നതിൽ അവർക്കുള്ള ശുഷ്കാന്തി കുറവായിരുന്നു. ആ പോരായ്മ ഇന്നും നികത്തപ്പെട്ടിട്ടില്ല.


1924 ലെ ജൂൺ, ജൂലൈ മാസത്തിൽ പെയ്ത മഴ 2018ൽ 54 ദിവസം കൊണ്ടു സംഭവിച്ചു.2018 ആഗസ്റ്റ് 14, 15, 16 ൽ തന്നെ വാർഷിക മഴയുടെ മൂന്നിലൊന്ന് ലഭിച്ചു. 1924ൽ വെള്ളം കയറിയ ഇടങ്ങളിൽ പിൽകാലത്ത് യഥേഷ്ടം നിർമ്മാണങ്ങൾ അനുവദിച്ചു. അന്നത്തെ വെള്ളപ്പൊക്കത്തിൽ നിന്നും പാഠങ്ങൾ പഠിക്കുവാൻ കേരളം വിമുഖത കാട്ടി.


പശ്ചിമഘട്ടത്തിലെ 458 Km സ്ഥലത്ത്  പരന്നു കിടക്കുന്ന അധികൃത, അനധികൃത ഖനന യൂണിറ്റുകൾ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, ഭൂമി താഴ്ന്നു പോകൽ, ഉറവകൾ രൂപപ്പെടൽ എന്നിവ വർദ്ധിപ്പിച്ചു. കാരശ്ശേരി, കൂടറഞ്ഞി എന്നിവിടങ്ങളിൽ ഇവ പ്രകടമായി അനുഭവപ്പെട്ടു. ഉറവകൾ 5. H.P ശക്തിയുള്ള പമ്പിന്റെ രീതിയിൽ  പ്രവർത്തിച്ചതായി സമിതി കണ്ടു മനസ്സിലാക്കി. ബാണാസുരമല നിരകളിലും (2096 മീറ്റർ) കമ്പമല, മക്കിമല എന്നിവിടങ്ങളിലും (1000 മീറ്റർ)ആഗസ്റ്റ് 8 നും 15 നും ഇടക്ക് 50 cm വരെ മഴ ലഭിച്ച ദിവസങ്ങൾ ഉണ്ടായിരുന്നു. രണ്ടു വർഷത്തോളം ലഭിക്കേണ്ട 5000 mm മഴ 80 ദിവസത്തിനകം ലഭിച്ചപ്പോൾ മണ്ണിന്റെ ഘടനയിലും മാറ്റമുണ്ടായി. 20 അടി വരെ മാത്രമേ ഘനനം പാടുള്ളു എന്ന നിയമത്തെ കാറ്റിൽ പറത്തി .ഏലക്കാടുകളിൽ 120 വരെ ആഴത്തിൽ കുഴികൾ എടുത്തതായി കാണാം . മഴക്കു ശേഷം നദിയിലെ ജല വിതാനത്തിൽ കുറവുണ്ടായത് പഠന വിധേയമാക്കേണ്ടതാണ്.

 


ടൂറിസം രംഗത്തെ നിലവിലുള്ള സമീപനത്തെ പൊളിച്ചെഴുതി, പരമാവധി കെട്ടിട നിർമ്മാണങ്ങളെ കുറച്ചു കൊണ്ട് വരണം. 33% ത്തിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതുണ്ട്. ഇടുക്കിയുടെ 7% പ്രദേശങ്ങളിലെ നിർമ്മാണം പാടുള്ളു എന്ന നിർദ്ദേശം ബന്ധപ്പെട്ടവർ പാടെ മറന്നു പോയി.


മാറിയ കാലാവസ്ഥയെ പരിഗണിച്ച് നിയമസഭാ സമിതി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ താഴെ

 
1. നവ കേരള നിർമ്മാണം പ്രകൃതി. സൗഹൃദമാകണം.നിർമ്മാണത്തിനായി സോഷ്യൽ ആഡിറ്റിംഗ് .
2. ജലസംരക്ഷണം സജ്ജീവമാക്കൽ.
3. ഗൃഹ നിർമ്മാണത്തിന് ശക്തമായ മാർഗ്ഗരേഖ.
4. ജൈവവേലി നിർമ്മാണം 
5. പരിസ്ഥിതി സൗഹൃദ എഞ്ചിനീയറിംഗ് 
6. വീടുകളുടെ വലിപ്പം, എണ്ണം നിയന്ത്രിക്കുന്ന പാർപ്പിട നയം 
7. ഭൂപ്രകൃതി പരിഗണിച്ചുള്ള വ്യത്യസ്ഥ നിർമ്മാണ രീതികൾ
8. വീടുകൾക്കും വാണിജ്യ സമുച്ചയത്തിനും വ്യത്യസ്ഥ ഇടങ്ങൾ 
9. പൊതു സ്ഥാപന നിർമ്മാണം മാതൃകാ മാർഗ്ഗങ്ങളിലൂടെ 
10. പരിസ്ഥിതി സൗഹൃദ ടൂറിസം.
11. ഖനനങ്ങൾക്കു നിയന്ത്രണം.
12. പ്രളയം ഭൂമിയിലുണ്ടാക്കിയ മാറ്റങ്ങൾ ശാസ്ത്രീയമായി പഠിച്ച് നടപടികൾ.
13. കാലാവസ്ഥയ്ക്ക് അനുയോജ്യമായ റോഡുകൾ നിർമ്മിക്കൽ 
14. നദികളുടെ സംരക്ഷണത്തിന് അതോറിട്ടി.
15. കുളങ്ങളെ ഡിജിറ്റൽ മാപ്പിംഗിലൂടെ സംരക്ഷിക്കൽ.
16.തണ്ണീർ തടങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ നടപടികൾ
17. മലമ്പുഴ ഡാമിനടുത്തുള്ള ഇമേജ് എന്ന (ആശുപത്രി )മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കൽ
18. വെള്ളപ്പൊക്ക നിർണ്ണയ കേന്ദ്രങ്ങൾ സ്ഥാപിക്കൽ.
19. അണകെട്ടുകളെ പറ്റി സുരക്ഷാ പഠനം 
20. പശ്ചിമഘട്ടത്തിലെ 13000 ഉരുൾപൊട്ടൽ, 17000 മണ്ണിടിച്ചിൽ സാധ്യത കേന്ദ്രങ്ങളെ പ്രത്യേകം പരിഗണിച്ച് മാത്രം ഖനനവും നിർമ്മാണവും. 
21. ഭൂഗർഭത്തിലെ  മാറ്റത്തെ പറ്റി പഠനം, ശേഷം വേണ്ട നടപടികൾ.
22. കുട്ടനാടിന്റെ വെള്ളപൊക്കം, വെള്ളകെട്ട് പരിഹരിക്കുവാൻ പദ്ധതികൾ 
23. ചെറുതോണിക്കായുള്ള പുനർനിർമ്മാണം  വേഗത്തിൽ നടപ്പിലാക്കൽ, നദികളിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ .  അത്തരത്തിലുള്ള 40 നിർദ്ദേശങ്ങൾ സമിതി സർക്കാരിനു മുന്നിൽ അവതരിപ്പിച്ചു.

 


2014 ജൂണിൽ പാറ ഖനനവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി പഠനത്തിൽ ശ്രീ.മുല്ലക്കര രത്നാകരൻ അംഗമായിരുന്നു. അന്ന് പ്രസ്തുത സമിതി പാറ ഖനന രംഗത്തെ മാഫിയ ബന്ധങ്ങളെയും ചൂഷണത്തെ പറ്റിയും വിവരിച്ചു. രണ്ടു ഡസൻ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. ഒന്നുപോലും അംഗീകരിച്ചു നടപ്പിലാക്കുവാൻ സർക്കാർ മടിച്ചു. 5 വർഷങ്ങൾക്കു മുൻപ് നിർദ്ദേശങ്ങൾ നടപ്പിലാക്കിയിരുന്നു എങ്കിൽ ഇന്നത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല. 


ശ്രീ. പി വി അൻവർ ഉൾപ്പെടെ 9 പേരുടെ സമിതി നിർദ്ദേശങ്ങൾ വൈകിയ വേളയിലെങ്കിലും അംഗീകരിക്കുവാൻ സർക്കാർ തയ്യാറുകുമോ? ഇല്ല എങ്കിൽ പ്രകൃതിയുടെ കാവൽ ജോലി ജനങ്ങൾ ഏറ്റെടുക്കണം. പിന്നെന്താണു നമ്മുടെ മുന്നിലെ മാർഗ്ഗം?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment