ഗ്യാപ് റോഡിൻ്റെ പേരിലെ പാറക്കടത്ത് 1000 കോടിയോളം രൂപയുടെത് ?




റോഡു വികസനത്തെ പറ്റിയുള്ള തെറ്റായ ധാരണയുടെ നേർ ചിത്രമാണ് ഗ്യാപ് റോഡ് നിർമ്മാണം എന്ന് ഇനി എങ്കിലും കേരളത്തിൻ്റെ നായകന്മാർ സമ്മതിക്കുമോ? മറ്റു വികസന രംഗത്തും കേരളം കൈകൊള്ളുന്നത് അനാരോഗ്യകരമായ മാതൃകകളെയാണ്. രാജ്യത്തിൻ്റെ ഏറെ പരിസ്ഥിതി പ്രധാനമായ ഇടുക്കി ജില്ല അത്ഭുത ഭൂപ്രകൃതിയുടെയും അസാധാരണമായ കാലാവസ്ഥയുടെയും കലവറയാണ്. 


ആനമുടിയും നീലക്കുറിഞ്ഞിയും വരയാടും ചന്ദന കാടും തെയില തോട്ടവും കാറ്റാടികളും മതികെട്ടാനും പൂജ്യം ഡിഗ്രി തണുപ്പും ജില്ലയെ സംഭവ ബഹുലമാക്കി. ഏലക്കാടുകളുടെ സാന്നിധ്യം വന കൃഷിയുടെ ഭാഗമാണ്. സഞ്ചാരികളുടെ പ്രിയപ്പെട്ട പുൽമേടും നൂൽ മഴയും കോട മഞ്ഞും മൂലധനമായി പ്രവർത്തിക്കുന്ന നാട്ടിൽ പ്രകൃതിയെ സമ്പൂർണ്ണമായും സംരക്ഷിക്കുവാൻ ഭരണകർത്താക്കൾ ബാധ്യസ്ഥമായിരുന്നു. 

 


ടൂറിസത്തിൻ്റെ പറുദീസയായി കേരളത്തെ മാറ്റുന്നതിലൂടെ അര ലക്ഷം കോടിയുടെ വരുമാനവും 10 ലക്ഷം തൊഴിൽ അവസരവുമൊരുക്കുമെന്നു പ്രതീക്ഷിക്കുന്ന സർക്കാർ, പ്രകൃതിയെ തകർത്തെറിയുന്നതിൽ ഒരു മടിയും കാട്ടുന്നില്ല. അതിനുള്ള നിരവധി സംഭവങ്ങളിൽ ഒന്നാണ് എറണാകുളം- ധനുഷ് കോടി റോഡു നിർമ്മാണത്തിലെ അനാരോഗ്യ പ്രവണതകൾ.


മലനിരകളിലൂടെ പരമാവധി വീതി കുറഞ്ഞ റോഡുകൾ നിർമ്മിക്കുക മലയിടിച്ചിൽ കുറക്കുവാൻ സഹായകരമാണ്. ഹിമാലയൻ റോഡുകൾ ഉണ്ടാ ക്കുമ്പോൾ അത് ശ്രദ്ധിക്കാറുണ്ട്.എന്നാൽ മൂന്നാർ ഭാഗത്ത് റോഡു വീതി കൂട്ടലിൻ്റെ മറവിൽ നടന്നത് വൻതോതിലുള്ള മല തുരക്കലായിരുന്നു . ദേവികുളം - പൂപ്പാറ റോഡിലെ ഗ്യാപ് ഭാഗത്ത്, അതിശക്തമായ മലയെ പരമാവധി പൊട്ടിച്ച് പാറ കടത്തുവാൻ ശ്രമം നടക്കുമ്പോൾ പ്രദേശത്തിൻ്റെ താഴ്വാരത്ത് ജീവിക്കുന്ന മുൻ മന്ത്രി ശ്രീ.M.M മണിയും ദേവികുളം MLA യും പ്രതികരിച്ചില്ല. 


ഹെക്റർ കണക്കിന് ഏല ഭൂമിയിലെക്ക് മല ഇടിച്ചിറങ്ങി. മലയിടിച്ചിലും ഉരുൾ പൊട്ടലും ആവർത്തിക്കുന്നു. 200 മീറ്റർ റോഡ് ഒലിച്ചുപോയി.1000 കോടി രൂപയുടെ പാറ ഇത്തരത്തിൽ കടത്തി എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. വൻ തോതിൽ പാറ പൊട്ടിച്ചു കടത്തിയതിന് നിസ്സാര പണം അടക്കുവാനാണ് ബന്ധപ്പെട്ടവർ പിന്നീട് ആവശ്യപ്പെട്ടത്.  തുക 30 കോടിയാക്കി ഉയർത്തിയെങ്കിലും ഒരു പ്രദേശത്തെ മുഴുവൻ തകർത്തു കൊണ്ടുള്ള മൂന്നാർ ബോഡി മെട്ട് റോഡു നിർമ്മാണത്തിലെ തിരിച്ചടികൾ കേരളത്തിൻ്റെ തെറ്റായ വികസനത്തിനു ലഭിച്ച തിരിച്ചടിയാണ്. തകർത്തെറിഞ്ഞ മലകളുടെ ശവപ്പറമ്പായി ഇടുക്കി ജില്ലയെ മാറ്റുന്നതി ലൂടെ ഏതുതരം ടൂറിസമാണ് വളരുന്നത് എന്ന് ബന്ധപെട്ടവർ വിശദീകരിക്കുമോ?

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment