ഈ ഭൂമിക്ക് ബദലില്ല; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്ലോബൽ ക്ലൈമറ്റ് സ്‌ട്രൈക്ക്




കാലാവസ്ഥാ തിരിച്ചടികളെ മുൻനിർത്തി Global Climate Strike എന്ന പേരിൽ 150 രാജ്യങ്ങളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ  സെപ്റ്റംബർ 20, 27 തീയതികളിൽ സമരം നടക്കുകയാണ്. സെപ്തംബർ  ഇരുപത്തി മൂന്നാം തീയതി ഐക്യ രാഷ്ട്രസഭയുടെ നേത്യത്വത്തിൽ നടക്കുന്ന ക്ലൈമറ്റ് ആക്ഷൻ സബ്മിറ്റ്ന്റെ മുന്നോടിയായി 15 വയസ്സിനും 29 വയസ്സിനും ഇടയ്ക്കു വരുന്ന പുതിയ തല മുറക്കാരുടെ സമ്മേളനവും ഈ മാസം21 ന്  ആരംഭിച്ചു.


2015ൽ ഐക്യ രാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനത്തെ പറ്റി നടന്ന നവംബർ 30 സമ്മേളനത്തി നൊപ്പം തന്നെ വിദ്യാർത്ഥികൾ Climate Strike എന്ന പേരിൽ സമരം സംഘടിപ്പിച്ചു. 100% Clean Energy, ഫോസിൽ ഇന്ധനം പരമാവധി ഭൂമിക്കടിയിൽ തന്നെ സൂക്ഷിക്കൽ, കാലാവസ്ഥാ അഭയാർത്ഥികളെ സഹായിക്കൽ (Climate Refugee) എന്നീ മൂന്നു മുദ്രാവാക്യങ്ങളായിരുന്നു സമരത്തിൽ ഉയർന്നത്. അതിനു ശേഷം സമാന മുദ്രാവാക്യവുമായി (2018 ആഗസ്റ്റിൽ) സ്വീഡിഷ് പാർലമെന്റിനു മുന്നിൽ റിഷ് സ്റ്റാഗ്) വിദ്യാർത്ഥിനി ഗ്രീറ്റാ തുംബർഗ്ഗ് പ്രക്ഷോഭം തുടങ്ങിയപ്പോൾ അത് കൂടുതൽ ഇടങ്ങളിലേക്ക് പടർന്നു കയറി.


കാടും ചതിപ്പു നിലങ്ങളും കുളങ്ങളും കായൽപ്പരപ്പും കടൽ തീരവും നശിപ്പിച്ചു കൊണ്ടുള്ള മനുഷ്യരുടെ ഇടപെടലുകൾക്കൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടാക്കുന്ന വർദ്ധന കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടി. പ്രകൃതി വിഭവങ്ങളെ അനിതര സാധാരണമായി ചൂഷണം ചെയ്യുവാൻ  ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ മനുഷ്യ വർഗ്ഗത്തെയും മറ്റു ജീവി വർഗ്ഗത്തെയും ദുരിതത്തിലെത്തിക്കുന്നു. 


സാമ്പത്തിക വളർച്ചയെ മുൻ നിർത്തി പദ്ധതികൾ ആവിഷ്ക്കരിക്കുന്ന സർക്കാർ സംവിധാനങ്ങൾ, പ്രകൃതി ദുരന്തത്തിലൂടെ വരുത്തി വെക്കുന്ന മരണം മുതൽ തൊഴിൽ നഷ്ടം വരെയുള്ള സംഭവങ്ങൾ  പരിഗണിച്ചാൽ പരിസ്ഥിതിയുടെ  പ്രാധാന്യം വളരെയധികം വ്യക്തമാക്കപ്പെടേണ്ടതാണ്. പ്രതിവർഷം 1 ബില്യൻ ഡോളറാണ് ഇന്ത്യക്ക്  പ്രകൃതി ദുരന്തങ്ങളിലൂടെ കൈവിട്ടു പോകുന്നത് .രാജ്യത്ത് 2500 നടുത്ത് മരണങ്ങൾ സംഭവിക്കുന്നു. ജമ്മു കാശ്മീർ, പഞ്ചാബ് ,ഉത്തരകാണ്ഡ് മുതൽ കേരളവും തമിഴ്നാടും ആവർത്തിച്ച് തിരിച്ചടി നേരിടുമ്പോൾ പ്രദേശത്തിന്റെ സാമ്പത്തിക രംഗവും (കൃഷി, തൊഴിൽ, ടൂറിസം മുതലായ ) മാന്ദ്യത്തിലാകും. പ്രകൃതി ദുരന്തങ്ങളിലൂടെ സംഭവിക്കുന്ന സാമ്പത്തിക നഷ്ടം ഫലത്തിൽ 6 മുതൽ 10 മടങ്ങു വരെയായി  പ്രതിഫലിക്കും. മഴക്കാലത്തെ തൊഴിൽ നഷ്ടവും കെട്ടിടങ്ങൾ, റോഡുകൾ  മുതലായവയുടെ കേടുപാടുകളും സർക്കാർ സേവനങ്ങൾ സ്തംഭിക്കുന്നതും കൃഷി നശിക്കുന്നതും വിളയിലെ തിരിച്ചടിയും രോഗങ്ങളും മുതൽ ബാങ്കുകൾ, വിമാന താവളങ്ങൾ അടച്ചിടുന്നതിലൂടെ സംഭവിക്കുന്ന സാമൂഹിക അവസ്ഥകൾ മുതലായവ വിവരണാതീതമാണ്. നാൽക്കാലികളുടെ നാശം മറ്റാെ ട്ടേറെ ദുരിതങ്ങൾ ഉണ്ടാക്കും.വെള്ളപ്പാെക്കവും ഉരുൾപൊട്ടലും സൃഷ്ടിക്കുന്ന മരണങ്ങളെ ഒരു കണക്കിലും പെടുത്തി വിവരിക്കുവാൻ കഴിയില്ല.ഹെയ്ത്തി എന്ന കരീബിയൻ ദ്വീപിൽ ആവർത്തിച്ച് ഉണ്ടാകുന്ന ഭൂമി കുലുക്കം, മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ എന്നിവ രാജ്യത്തെ സാമ്പത്തികമായി തിരിച്ചടി ഉണ്ടാക്കി. വനഭൂമിയുടെ വിസ്തൃതി 40 % ൽ നിന്നും 4% ആയി അവിടെ കുറഞ്ഞിരുന്നു.അവരുടെ GDP വരുമാനം 11.5 Billion ൽ നിന്നും പടിപടിയായി 7.8 Billion ലേക്ക് താഴ്ന്നു.


2018 ലെ കേരളത്തിലെ വെള്ളപ്പൊക്കം 31000 കോടി രൂപ യുടെ നഷ്ടം ഉണ്ടാക്കിയതായി സർക്കാർ ലോകബാങ്ക്  രേഖയുടെ അടിസ്ഥാനത്തിൽ  വിശദമാക്കി . സംസ്ഥാനത്ത് 2019 ൽ ആവർത്തിച്ചുണ്ടായ മൺസൂൺ ദുരന്തം 7500 കോടി രൂപയുടെ ബാധ്യതക്കും  150 ആളുകളുടെ മരണത്തിനും ഇടയുണ്ടാക്കി എന്നറിയുമ്പോൾ ഇത്തരം മാനവിക,സാമ്പത്തിക നഷ്ടം നേരിടുവാൻ ഒരു വികസന പദ്ധതിക്കും കഴിയില്ല എന്നു മലയാളികളായ നമ്മൾ തിരിച്ചറിയണം.


വരും തലമുറയ്ക്ക് ജീവിക്കുവാനുള്ള  അവകാശം തന്നെ നിഷേധിക്കുന്ന തരത്തിലാണ് ഇന്നത്തെ അധികാരികൾ ഇടപെടുന്നത്  എന്ന് പറഞ്ഞു കൊണ്ട് 15 വയസ്സുള്ള ഗീറ്റാ തുംബർഗ്ഗ്, അവളുടെ  പാർലമെന്റിനു മുന്നിൽ 2018 ഓഗസ്റ്റിലെ മൂന്ന് ആഴ്ച സത്യാഗ്രഹ സമരം നടത്തിയിരുന്നു. തകർന്നു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ ഞങ്ങൾ എന്തിനാണ് പഠിക്കുന്നത് ? ഞങ്ങളുടെ ഭാവി പൂർണ്ണമായും ഇരുളടഞ്ഞു കൊണ്ടിരിക്കെ പഠനം തുടർന്നിട്ടെന്തു  കാര്യം എന്നു ചോദിച്ചു കൊണ്ട്  പെൺകുട്ടി ആരംഭിച്ച പ്രതീകാത്മക സമരം ലോകത്തിലെ മറ്റു വിദ്യാർഥികൾ ഏറ്റെടുക്കുകയും Friday For Future എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും സ്കൂളുകളിൽ ബഹിഷ്ക്കരണ സമരം ആരംഭിക്കുകയും ചെയ്തു.150 രാജ്യങ്ങളിൽ Friday For Future  സമരങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്നു.


സെപ്റ്റംബർ 20, സെപ്റ്റംബർ 27 തീയതികളിലെ രണ്ടു വെള്ളിയാഴ്ചകളിൽ ഒരു കോടി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലൈമറ്റ് സ്ട്രൈക്ക് ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധികൾ പാരീസ് കോൺഫറൻസിനെ മുൻ നിർത്തി സമയബന്ധിതമായി നടപ്പിലാക്കണം എന്ന് പറയുമ്പോൾ തന്നെ ഗ്രാമങ്ങളിൽ  വ്യക്തിപരമായും സമൂഹമെന്ന നിലയിലും നിത്യ ജീവിതത്തിൽ കൈക്കൊള്ളേണ്ട ബദലുകളെ പറ്റിയുള്ള അന്വേഷണവും ഒപ്പം വികസന വിഷയങ്ങളിൽ സർക്കാർ സംവിധാനങ്ങൾ എടുക്കുന്ന തെറ്റായ നിലപാടുകൾക്കെതിരെയുള്ള കാലാവസ്ഥാ സംരക്ഷണത്തിനായി പുതു തലമുറ യുടെ നേതൃത്തിൽ സമരം എന്ന രീതിയിലാണ് സെപ്റ്റംബർ 21, 27 തീയതിയിലെ രണ്ടു വെള്ളിയാഴ്ച്ചകളിലെ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലും  പ്രചരണങ്ങളും പരിപാടികളും നടന്നു വരുന്നു.


2030 കൊണ്ട് കേരളം ബൂട്ടാനെ ഓർമ്മിപ്പിക്കും വിധം കാർബൺ രഹിതമായി മാറുവാൻ സർക്കാർ സംവിധാനവും സംഘടനകളും വ്യക്തികളും എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കുവാൻ Friday For Future സമരപരിപാടികൾ സഹായിക്കും എന്നു പ്രതീക്ഷിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment