സർവ്വത്ര ഖനനം; ഖനനത്തിനെതിരെ പറയുമ്പോഴും ഒരു വർഷത്തിനിടെ അനുമതി നൽകിയത് നൂറിലധികം ക്വാറികൾക്ക്




മലയാള മനോരമ കേരളത്തിലെ ഖനനത്തിന്റെ പിന്നിലെ കാണാചരടുകളെ പറ്റി കഴിഞ്ഞ ദിവസം വിശദമാക്കി. കേരളത്തിന്റെ പരിസ്ഥിതിയെ തകർത്തു മുന്നേറുന്ന ഖനനത്തെ പറ്റിമറ്റു മാധ്യമങ്ങളും  വാർത്തകൾ പുറത്തുവിടുകയാണ്. അതിന്റെ ഭാഗമായ അഴിമതി, അഴിമതി നടത്തിപ്പിനായി ത്രിതല പഞ്ചായത്തു മുതൽ മന്ത്രി സഭയിൽ നിന്നു വരെ കിട്ടുന്ന സഹായ ഹസ്തങ്ങൾ, ഉദ്യോഗസ്ഥരുടെ വൻ ഗൂഢ ശ്രമങ്ങൾ, ഖജനാവിനുണ്ടാകുന്ന നഷ്ടം ഇവയൊക്കെ പറ്റി വിശദമായ റിപ്പാേർട്ടുകൾ പരസ്യമാകുകയാണ്. ഇത്തരം ഇടപെടലുകൾ രാഷ്ട്രീയ മുന്നേറ്റമാകേണ്ടതുണ്ട് എന്ന കാര്യത്തിൽ സംശയമുണ്ടാകേണ്ടതില്ല.


മലയാള മനോരമ വിശദമാക്കുന്നു, അനധികൃത ഖനനം നടന്നാല്‍ യഥാര്‍ത്ഥ വില ഈടാക്കണം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. (2017 ആഗസ്റ്റ്‌ 2ൽ ഉത്തരവിറക്കി) കേന്ദ്രം ജനുവരി 5നും ജിയോളജി വകുപ്പ് 3 മാസം വൈകിപ്പിച്ചുമാണ് (23/32018 മൈനിംഗ് ആന്‍ഡ്‌ ജിയോളജി ഡയറക്ടര്‍ (3703-A) ) നിര്‍ദ്ദേശം കൊടുത്തത്.ഇറക്കിയ ഉത്തരവ് ഒരു ജില്ലയിലും നടപ്പിലായില്ല.


അനധികൃത ഖനനത്തിനുള്ള റോയല്‍റ്റിയും സീനിയറെജിനും മൂന്നു മടങ്ങ്‌ മാത്രം ഈടാക്കുന്നു. പൊതുസ്ഥലത്തെ ഖനനത്തിന് ഹെക്ടർ ഒന്നിന് 50 രൂപ  നല്‍കിയാല്‍ മതി. സ്വകാര്യ ഭൂമിയിൽ നിന്നും 24 രൂപയും ഈടാക്കും.


സ്വകാര്യ ഭൂമിയില്‍ അനധികൃത ഖനനം നടത്തിയാല്‍ (റോയല്‍ട്ടി) ടണ്ണിന് 72 രൂപയാണ് ശിക്ഷ. സര്‍ക്കാര്‍ ഭൂമിയെങ്കില്‍ ഇതിനോടൊപ്പം 150 രൂപ സീനിയറെജു നല്‍കണം ടണ്ണിന് 222രൂപ നല്‍കണം ഇത്തരത്തിൽ ഇളവു കിട്ടാൻ 2017 ജൂണ്‍ 22 ൽ കേരള സർക്കാർ ഉണ്ടാക്കിയ KMMC ചട്ട ഭേദഗതി അവസരം ഒരുക്കി.


2018 ല്‍ പുതുതായി 119 ഖനന അനുമതികള്‍ നല്‍കി.
കവളപ്പാറ 10 km നുള്ളില്‍ 66 ക്വാറികൾ.


2018ല്‍ കേന്ദ്ര സര്‍ക്കാര്‍ 4000 ച.km പരിസ്ഥിതി ലോല പ്രദേശത്തെ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 2018 മെയ്‌ലെ അപേക്ഷ മാനിച്ചാണ് കേന്ദ്രം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിൽ വെട്ടിത്തിരുത്തല്‍ നടത്തിയത്. അതിന്‍റെ മറവില്‍ പുതിയ 119 ക്വാറികള്‍ അനുവദിച്ചു.


പ്രളയത്തിനു ശേഷം 1964 ലെഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തി ഖനന അനുമതി നല്‍കുവാന്‍ സര്‍ക്കാര്‍ രംഗത്ത് വന്നു.


ക്വാറികളെ പറ്റിയുള്ള കണക്കുകള്‍ വ്യത്യസ്തം .


2006ൽ ജിയോളജി വകുപ്പ് പ്രസിദ്ധീകരിച്ച 9 ജില്ലകളിലെ കരിങ്കൽ ക്വാറികളുടെ എണ്ണം 5707.


2016ൽ ജിയോളജി വകുപ്പിന്റെ തന്നെ ഈ 9 ജില്ലകളിലെ സർവേ റിപ്പോർട്ടിൽ ക്വാറികളുടെ എണ്ണം 1084 മാത്രം. 
 

2016ലെ  കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽ സംസ്ഥാനത്ത് 20821 (കരിങ്കല്ല്, ചെങ്കല്‍ ഖനനം) ഇവയിൽ 30 ശതമാനവും കരിങ്കൽ ക്വാറികളാണെന്നു പറയുന്നു (എണ്ണം 6246).


ഇടതുപക്ഷ മുന്നണി ഖനന മേഖലക്കു നൽകിയ വാഗ്ദാനങ്ങൾ .
കേരളത്തിന്റെ ഖനിജങ്ങൾ പൊതു ഉടമസ്ഥതയിലാക്കും.
ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണം കൊണ്ടുവരും. 


എന്നാല്‍ അംഗീകൃത ക്വാറികളുടെ എണ്ണം ഇരട്ടിയാക്കി. അനധികൃത ക്വാറികളുടെ എണ്ണം പതിന്മടങ്ങായി പരിസ്ഥിതി പഠനം നടത്താതെയും സ്ഥലം പരിശോധിക്കാ തെയും വൻകിട ക്വാറികൾക്ക് അനുമതി നൽകി. റിസർവോയറുകൾ, നദികൾ, കനാലുകൾ, ആരാധനാലയങ്ങൾ, ശ്മശാനം, വില്ലേജ് റോഡ്, വീട് എന്നിവയിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറച്ചു.


നാഷനൽ പാർക്ക്, വൈൽഡ് ലൈഫ് സാങ്ച്വറി എന്നിവയുടെ അതിർത്തിയിൽ നിന്നുള്ള ദൂരപരിധി ഒരു കിലോമീറ്ററാക്കി


മറ്റുള്ള സ്ഥലങ്ങളിൽ വനാതിർത്തിയിൽനിന്നു ക്വാറികളിലേക്കുള്ള ദൂരപരിധി ഒഴിവാക്കി. 2018 മാർച്ച് 9, നവംബര്‍ തീയതികളിൽ വ്യവസായ മന്ത്രി ജിയോളജിസ്റ്റുകളുടെ യോഗം വിളിച്ച് ഖനനാനുമതിക്കുള്ള അപേക്ഷകളിലുള്ള പണികള്‍ പെട്ടെന്ന് നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി.


സേഫ്റ്റി ഫണ്ട് എന്ന പേരിൽ റോയൽറ്റിയായി സർക്കാർ ഈടാക്കുന്ന തുക ഉപയോഗിച്ച് ക്വാറികൾ സുരക്ഷിതമാക്കാന്‍ നിർദേശം നൽകാറുണ്ട് എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പിനു പറയാനുള്ളത്  കലക്ടറുടെ പേരിലാണ് അക്കൗണ്ട്. പക്ഷേ, ഈ തുക പലരും ഉപയോഗിക്കാറില്ല.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികളിൽനിന്നു തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും തൂത്തുക്കുടി തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്കും പാറ പോകുന്നു.അലങ്കാര വിതാന ശിലയാണ് (ഗ്രാനൈറ്റ് ) കൂടുതലും. ദുബായ്, തയ്‌വാൻ, ദക്ഷിണ കൊറിയ, മാലദ്വീപ്, ചൈന എന്നീ രാജ്യങ്ങളിലേക്കാണു കയറ്റുമതികൾ.


ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം 1400 ലോഡ് കരിങ്കല്ലാണു കേരളത്തിനു പുറത്തേക്കു പോയത്; എംസാൻഡ് 25,000 ലോഡും.


മുകളിൽ കൊടുത്ത വാർത്തയെ സാധൂകരിക്കുന്ന വിശദീകരണം തന്നെയാണ്  പ്രതിപക്ഷ നേതാവിൽ നിന്നും കേട്ടത്.


കഴിഞ്ഞ സാമ്പത്തിക വർഷം 92.6 കോടി രൂപ പാറ ഖനനത്തിലൂടെ പൊതു ഖജനാവിലേക്ക് എത്തി എന്ന് ആസൂത്രണ ബോർഡ് പറയുമ്പോൾ, ഈ രംഗത്ത്  പ്രതിമാസം ഉദ്യോഗസ്ഥ തലത്തിൽ നടക്കുന്ന അഴിമതി 200 കോടി വരുന്നു. അത്രയും തന്നെ രാഷ്ട്രീയ ലോകത്തും എത്തിച്ചേരുന്നുണ്ട്. ഈ അഴിമതിയുടെ തോതു മാത്രം വെച്ചു പരിശോധിച്ചാൽ പ്രസ്തുത രംഗത്ത് നടക്കുന്ന കൊള്ള അര ലക്ഷം കോടി കടക്കും. മൂക്കുന്നി മലയിൽ നിന്നു മാത്രം ഖനന മുതലാളിമാർ  കടത്തിയ തുക 300 കോടി വരുമെന്ന് വിജിലൻസ്സ് അന്വേഷണ റിപ്പോർട്ട്‌ കണ്ടെത്തി എന്ന വാർത്ത ശരിയാണെങ്കിൽ കഴിഞ്ഞ നാളുകളിൽ കേരളത്തിന് ഖനനത്തിലൂടെ ഉണ്ടായ നഷ്ടം 5 ലക്ഷം കോടി എങ്കിലും വരും.


ഗാഡ്ഗിൽ കമ്മീഷനെതിരെ വാളോങ്ങിയ മലയാള മനോരമയും മറ്റു പത്രങ്ങളും ചാനലുകളും ഐക്യജനാധിപത്യ മുന്നണിയും ഖനനത്തിനെതിരെ സംസാരിക്കുമ്പോൾ നിങ്ങളുടെ WGEEP റിപ്പോർട്ടിനോടുള്ള സമീപനത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടോ എന്നു വ്യക്തമാക്കണം. ഒപ്പം ഐക്യ ജനാധിപത്യ മുന്നണി ഭരിക്കുന്ന പഞ്ചായത്തു സമിതിയെ കൊണ്ട് അനധികൃത ഖനനം നിർത്തിവെപ്പിക്കുവാനും അധികൃത ഖനനത്തിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുവാനും തീരുമാനമെടുപ്പിക്കുമോ എന്ന് അറിയുവാൻ കേരളം ആഗ്രഹിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment