നമ്മൾക്കും ഹരിത ബജറ്റ് സാധ്യമാണ്, പക്ഷേ?




ജനുവരി 31 നു പുറത്തു വരുന്ന  സംസ്ഥാന ബജറ്റും ഫെബ്രുവരി ഒന്നിന്  അവതരിപ്പിക്കുന്ന ദേശീയ ബജറ്റും റവന്യൂ വരുമാനത്തെ പറ്റിയും മൂലധന വരവു ചെലവുകളെ പറ്റിയും മറ്റുമുള്ള വിശദമായ കണക്കുകളാൽ ധന്യമായിരിക്കും. ക്ഷേമ പദ്ധതികൾ, വില നിയന്ത്രണം, വിദ്യാഭ്യാസം, ആരോഗ്യം  എന്നിവയെ പറ്റി സംസാരിക്കുന്ന ബജറ്റിൽ ഖനനവും മറ്റു പ്രകൃതി വിഭവങ്ങളും റവന്യൂ ഇതര വരുമാനമാനത്തിന്റെ പട്ടികയിൽ പെടുത്തി അവതരിപ്പിക്കുക സാധാരണ രീതിയാണ്. പ്രതിപക്ഷ കക്ഷികൾ ബജറ്റിനെതിരെ പരമാവധി വിമർശനങ്ങൾ ഉയർത്തി പോരാട്ടങ്ങൾ സംഘടിപ്പിക്കുവാൻ മടിക്കാറില്ല.


ഭൂമിയുടെ നിലനിൽപ്പിനെ വേണ്ടവിധേന പരിഗണിക്കാത്ത  നമ്മുടെ  ബജറ്റുകൾ, കാലാവസ്ഥാ വ്യതിയാനങ്ങളുടെ സാഹചര്യങ്ങളിലും പഴയകാല സാമ്പത്തിക ലോക ക്രമത്തെ കൈ വെടിയുന്നില്ല. Enviornmental Economics എന്ന മനുഷ്യ കേന്ദ്രീകൃത (പരിസ്ഥിതി വിഭവങ്ങളുടെ കേവലമായ  സാമ്പത്തിക സാധ്യത ) വികസന ബജറ്റ്, പ്രകൃതി വിഭവങ്ങൾ എങ്ങനെ മൂല്യവത്തായ ഉൽപ്പന്നങ്ങളാക്കി മാറ്റി  ജനങ്ങളുടെ ഇടയിലെത്തിക്കാം എന്ന ഏക മുഖ വിഷയത്തെ മാത്രം പരിഗണിക്കുന്നു . Ecological Economics നെ (മനുഷ്യ കേന്ദ്രീകൃതമല്ലാതെ, പ്രകൃതിയുടെ മൂല്യത്തെ പ്രത്യേകം പരിഗണിക്കുക ) പറ്റി നിശബ്ദമാകുന്ന ആധുനിക കാലത്തെ സാമ്പത്തിക ക്രമങ്ങൾ, പൊറുക്കുവാൻ കഴിയാത്ത  തെറ്റുകൾ ആവർത്തിക്കുകയാണ് 


നമ്മുടെ  വ്യവസ്ഥാപിത സാമ്പത്തിക രംഗത്ത് വിഭവം -ഉപകരണം -ചരക്ക് എന്ന ഉൽപ്പാദനവും ലാഭ സംവിധാനം (മുതലാളിത്തം) അതിന്റെ വിതരണത്തിന്റെ പരിമിതിയും (സോഷ്യലിസ്റ്റുകൾ ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ ) ചർച്ചകൾക്കു വിധേയമാക്കാറുണ്ട്. പ്രകൃതി ശോഷണം, കാർബൺ ബഹിർ ഗമനം, ഭൗമ താപനം  മുതലായ വിഷയങ്ങളെ പരിഗണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എങ്കിലും നമ്മൾ പഴയ കാല പരീക്ഷണങ്ങൾ തുടരുകയാണ്.


പ്രകൃതി ദുരന്തങ്ങളിലൂടെ ലോകത്ത് പ്രതിവർഷം ഉണ്ടാകുന്ന ഒരു ലക്ഷം കോടി ഡോളറിൽ കുറയാത്ത നഷ്ടവും കോടിക്കണക്കിനുള്ള ജനങ്ങളടെ അഭയാർത്ഥി പ്രവാഹവും പകർച്ചവ്യാധികളും ആയിരക്കണക്കിനു മരണവും മറ്റും ലോകത്തിനുണ്ടാകുന്ന നഷ്ടത്തെ പറ്റി കേരള സർക്കാരും ജനങ്ങളും  2018 നു ശേഷമെങ്കിലും ഗൗരവതരമായി പരിഗണിക്കും എന്നു കരുതാം. കേരളത്തിന് ഉണ്ടായ 500 നടുത്ത മരണങ്ങളും 40000 കോടിയുടെ സാമ്പത്തിക  നഷ്ടവും നമ്മെ വ്യാകുലപ്പെടുത്തേണ്ടതാണ്. മനുഷ്യ ശക്തികൾക്ക് നിർമ്മിക്കുവാനോ പുനസ്ഥാപിക്കുവാനോ  കഴിയാത്ത പ്രകൃതി ദത്ത മഴക്കാടുകൾ, അരുവികൾ, പാടവും കുളവും ചതിപ്പും വില കൊടുത്താൽ ഉണ്ടാകുന്നതല്ല.


പ്രകൃതി ദുരിതങ്ങൾക്ക് ഇടം നൽകുന്ന കാർബൺ ബഹിർഗമനത്തെ നിയന്ത്രിക്കുവാൻ 1981 മുതൽ പറഞ്ഞു വരുന്ന കാർബൺ നികുതി നെതർലാൻഡ്, സ്വീഡൻ, ജർമ്മനി  മുതലായ രാജ്യങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട് അത്തരം ശ്രമങ്ങൾ ലക്ഷ്യത്തിലെത്തുന്നതായി മനസ്സിലാക്കാം.  കഴിഞ്ഞ നാളുകളിൽ  ഏറ്റവും അധികം പാരിസ്ഥിതിക തിരിച്ചടികൾ ഏറ്റുവാങ്ങി വരുന്ന കേരളത്തിന്റെ ബജറ്റിന് കാർബൺ ബഹിർഗമനത്തെ മുൻനിർത്തി നികുതി നിർദ്ദേശിക്കുവാൻ കഴിവുണ്ടാകണം.അതു വഴി പ്രകൃതി വിഭവങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവരിൽ നിന്നും കൂടുതൽ പിഴ ചുമത്തുവാൻ  നിയമങ്ങൾ ഉണ്ടാകേണ്ടതുണ്ട്.


ഇന്ത്യൻ ശരാശരി വീടുകളുടെ വലിപ്പം 600 ച. അടിക്കു താഴെയാണെന്നിരിക്കെ കേരളത്തിൽ വ്യാപകമായി തീർന്ന  വൻ വീടുകൾക്കു മുകളിൽ കാർബൺ നികുതി ഏർപ്പെടുത്തി പ്രകൃതി വിഭവങ്ങളുടെ ദുർവ്യയം നിയന്ത്രിക്കുവാൻ ബജറ്റ് താത്പര്യം കാട്ടുമോ ?


ഫോസിൽ ഇന്ധനം കൂടുതലായി ഉപയോഗിക്കുന്ന വാഹനങ്ങളെ ബജറ്റ് നിയന്ത്രിക്കുമോ ? പൊതുവാഹന വ്യൂഹത്തെ അകമഴിഞ്ഞു പിൻതുണ ക്കുവാൻ ധനമന്ത്രി പദ്ധതികൾ  അവതരിപ്പിക്കുമോ ? വൈദ്യുതി ഊർജ്ജത്തിനായി സൗരോർജ്ജത്തെ ആശ്രയിക്കുവാൻ കഴിയുന്ന പദ്ധതികൾ, കാർബൺ രഹിത വാഹനം മുതലായ സമീപനങ്ങളെ സമയബന്ധിതമായി ലക്ഷ്യത്തിലെത്തിക്കൽ . 


ജംഗ് ഭക്ഷണത്തിനു മുകളിൽ ഏർപ്പെടുത്തിയ പ്രത്യേക നികുതി മാതൃകയിൽ ബുഫേ പോലെയുള്ള ആർഭാട ഭക്ഷണ രീതിക്കു മുകളിൽ പുതിയ തരം ചുങ്കം ചാർത്തി ഭക്ഷണത്തിൽ നിന്നുള്ള കാർബൺ ബഹിർഗമനത്തെ പരിമിതപ്പെ|ടുത്തുവാൻ സംസ്ഥാന ബജറ്റ് ശ്രമിക്കുമോ ? 


ഖനനം പൊതു ഉടമസ്ഥതയിൽ വിദഗ്ധ പഠനത്തിന്റെ പിൻബലത്തിലും നിയമങ്ങൾ അനുസരിച്ചും മാത്രം നടപ്പിലാക്കുക. പ്രകൃതി വിഭവങ്ങൾ കണ്ടെത്തുമ്പോൾ അതിനെ മിത വ്യയത്തിലൂടെ മാത്രം കൈകാര്യം ചെയ്യുവാൻ സർക്കാർ ഇപ്പോൾ എങ്കിലും ഇഛാ ശക്തി കാട്ടുമോ ?


ഓരോ വിഭവങ്ങളിൽ നിന്നും ഹരിത വാതകത്തിന്റെ ബഹിർഗമനം കണക്കു കൂട്ടി ,അവയെ കുറച്ചു കൊണ്ടുവരുന്ന തരത്തിൽ സാമ്പത്തിക സമീപനങ്ങൾ പുനർ ക്രമീകരിക്കുമോ ? പ്രകൃതി ദുരന്തങ്ങൾ വഴി ഉണ്ടാകുന്ന വൻ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കുവാൻ കഴിയാതെ സുസ്ഥിര വികസനം കേരളത്തിന് അസാധ്യമാണ് എന്നു നമ്മൾ എപ്പോഴും ഓർക്കേണ്ടതുണ്ട്.

 
2030 കൊണ്ട് പാരീസ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ  കേരളത്തെ കാർബൺ ബഹിർഗമന രഹിത സംസ്ഥാനമാക്കുവാൻ  കഴിയണമെങ്കിൽ വൈകാതെ സംസ്ഥാന ബജറ്റ്, ഹരിത ബജറ്റിന്റെ ചിട്ടവട്ടങ്ങളിലേക്ക് എത്തിച്ചേരണം.(Carbon Neutral Kerala, CAN Kerala)


സംസ്ഥാനത്തിന്  തണൽ പരത്തുന്ന പശ്ചിമഘട്ടത്തെ  വെട്ടി വെളിപ്പിച്ചു. നദികൾ വരണ്ടുണങ്ങി, നെൽപ്പാടങ്ങൾ ഓർമ്മയായി, കായലുകളുടെ അതൃത്തികൾ ചുരുങ്ങിക്കഴിഞ്ഞു. കടൽ പ്ലാസ്റ്റിക്ക് മറ്റു മാലിന്യങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി തീർന്നു. പ്രകൃതിദുരന്തങ്ങൾ കേരളത്തെ ആവർത്തിച്ചു വേട്ടയാടുന്നു. അത്തരം സാഹചര്യത്തിൽ കാർബൺ നികുതി നിർദ്ദേശങ്ങൾ ഉയർത്തി പിടിക്കുന്ന ബജറ്റിലേക്ക് എത്തിച്ചേരുവാൻ  ഈ വൈകിയ വേളയിലെങ്കിലും കേരള സർക്കാർ തയ്യാറാകുമോ?


(ബജറ്റ് അവതരണത്തിന് മുന്നേയുള്ള വിലയിരുത്തൽ. വിശദമായ വിലയിരുത്തൽ പൂർണമായ ബജറ്റ് അവതരണത്തിനു ശേഷം )

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment