ഹരിത വാതക നിയന്ത്രണം കർഷകരിലൂടെ സാധ്യമാണ് !




കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കാര്‍ഷിക മേഖല നല്‍കുന്ന സംഭാവനകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ചും, കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രകൃതിയാധാര പരിഹാരങ്ങള്‍ (nature based solutions) പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ചും പഠന ശില്‍പശാല നടത്തി.

 

ഫെയര്‍ ട്രേഡ് അലയന്‍സ്, കേരള, കേരള ജൈവ കര്‍ഷക സമിതി, ട്രാന്‍സിഷന്‍ സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഏപ്രില്‍ 19 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണിവരെ പാലക്കാട് ജില്ലയിലെ ഷോര്‍ണൂരിലുള്ള ഫാര്‍മേര്‍സ് ഷെയറില്‍ വെച്ച് 'ക്ലൈമറ്റ് ജസ്റ്റിസ്, കാര്‍ബണ്‍ റിമൂവല്‍, കോംപെന്‍സേഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍' എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടത്തിയത്. കര്‍ഷകര്‍, ഫാം ആക്ടിവിസ്റ്റുകള്‍, പരിസ്ഥിതി-കാലാവസ്ഥാ പ്രവര്‍ത്തകര്‍ തുടങ്ങി 28ഓളം പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

 

കാലാവസ്ഥാ വിദഗ്ദ്ധനും യുഎന്‍ഇപിയില്‍ റിസ്‌ക് അനലിസ്റ്റ് വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റുമായിരുന്ന സാഗര്‍ ധാര, മാനേജ്‌മെന്റ് വിദഗ്ദ്ധനും അന്താരാഷ്ട്ര ബിസിനസ് സ്‌കൂളുകളില്‍ പ്രൊഫസറുമായ സുധി ശേഷാദ്രി എന്നിവര്‍ ശില്‍പശാല നിയന്ത്രിച്ചു.

 

കാര്‍ബണ്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടികളില്‍ അടക്കം കാര്‍ഷിക മേഖലകളുടെ പ്രാധാന്യത്തെ ഉള്‍ക്കൊള്ളാത്തതിന്റെ കാരണങ്ങളെ സംബന്ധിച്ചും, നിലവില്‍ ഔദ്യോഗിക തലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ക്ലീന്‍ ഡെവലപ്പ്‌മെന്റ് മെക്കാനിസ (CDM)ത്തിന്റെ പോരായ്മകളെ സംബന്ധിച്ചും സാഗര്‍ധാര വിശദീകരിച്ചു. ഊര്‍ജ്ജ-പദാര്‍ത്ഥ വിനിയോഗത്തിന്റെ (energy-material consumption)കാര്യത്തില്‍ ലോകം പരിവര്‍ത്തന(transitions)ത്തിന്റെ പാതയിലേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകത, കാര്‍ബണ്‍ നീക്കം ചെയ്യുന്നതില്‍ വനം, കാര്‍ഷിക മേഖല തുടങ്ങിയ പ്രകൃത്യാധാര പരിഹാരങ്ങളുടെ സാധ്യത എന്നിവ സംബന്ധിച്ചും സാഗര്‍ വിശദീകരിച്ചു. അടിസ്ഥാന ജീവനോപാധികളുടെ ഉല്പാദനവുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാകാത്ത കാര്‍ബണ്‍ പുറന്തള്ളലുകള്‍ (unavoidable emissions) നിലനിര്‍ത്തിക്കൊണ്ടും ആഢംബര കാര്‍ബണ്‍ പുറന്തള്ളലുകള്‍ക്ക് (luxury emissions) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഭാരിച്ച നികുതി ചുമത്തിയും അന്തരീക്ഷ കാര്‍ബണിന്റെ അളവുകളില്‍ ഗണ്യമായ കുറവ് വരുത്താവുന്നതാണ്. നിലവിലുള്ള നയരൂപീകരണങ്ങളില്‍ വ്യാവസായിക-കാര്‍ഷിക മേഖലകള്‍ തമ്മില്‍ അസന്തുലിതമായ വിഭവ കൈമാറ്റ (unequal resource exchange)മാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആഢംഭര - അനാവശ്യ കാര്‍ബണ്‍ പുറന്തള്ളുകള്‍ നിയന്ത്രിച്ചും കടുത്ത നികുതി ഭാരം ഏല്‍പ്പിച്ചും കുറച്ചുകൊണ്ടുവരുന്നതോടൊപ്പം കാര്‍ഷിക മേഖല പോലുള്ള അവശ്യ ഉത്പാദനമേഖലകളുടെ പാരിസ്ഥിതിക-കാലാവസ്ഥാ സേവനങ്ങള്‍ക്ക് (ecological-climate services) നഷ്ടപരിഹാരം നല്‍കിക്കൊണ്ടും കാലാവസ്ഥാ നീതിയിലേക്ക് മുന്നേറാവുന്നതാണ് എന്നും സാഗര്‍ വ്യക്തമാക്കി.

 

വനം, കാര്‍ഷിക മേഖല എന്നിവ കാര്‍ബണ്‍ സെക്വഷ്‌ട്രേഷനില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കുമ്പോഴും അവ പരിഗണിക്കപ്പെടാതെ പോകുന്നത് നിലവിലെ ഹരിത ഗൃഹ വാതക കണക്കെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെ (ഏഒഏ മരരീൗിശേിഴ ജൃീീേരീഹ) പൊരുത്തക്കേടുകള്‍ മൂലമാണെന്ന് പ്രൊഫ. സുധി ശേഷാദ്രി വിശദീകരിച്ചു. ഉത്പാദന-ഉപഭോഗ പ്രക്രിയകളിലെ  കാര്‍ബണ്‍ പ്രവാഹം അളവുരീതികള്‍ ലളിതമാക്കുന്നതിലൂടെയും പുനഃക്രമീകരിക്കുന്നതിലൂടെയും ഈയൊരു പോരായ്മ പരിഹരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പ്രൊഫ. ശേഷാദ്രി തയ്യാറാക്കിയ സാര്‍വ്വത്രിക ഹരിത ഗൃഹവാതക കണക്കെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ മാതൃക ശില്‍പശാലയില്‍ വിശദീകരിച്ചു. ഈ കണക്കെടുപ്പ് മാതൃകയനുസരിച്ച് കാര്‍ഷിക മേഖല നല്‍കുന്ന കാലാവസ്ഥാ സേവനങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തെ സാമ്പത്തിക അളവുകോലിലേക്ക് മാറ്റുകയാണെങ്കില്‍ 15,000-50,000 രൂപ വരെ പ്രതിവര്‍ഷം, പ്രതി ഹെക്ടര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്. നിലവില്‍ പ്രതിവര്‍ഷം 2.26ലക്ഷം കോടി രൂപയ്ക്ക് തുല്യമായ കാര്‍ബണ്‍ തത്തുല്യ മാലിന്യം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നുണ്ടെന്നും കാര്‍ബണ്‍ റിമൂവല്‍ സേവനങ്ങള്‍ക്ക് ലഭ്യമാകുന്ന ഫണ്ട് കാര്‍ഷിക മേഖലയ്ക്ക് അനുവദിക്കുകയാണെങ്കില്‍ അത് തളര്‍ന്നുകിടക്കുന്ന കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നും ശേഷാദ്രി വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷക സംഘടനകളുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സാഗര്‍ധാര ചൂണ്ടിക്കാട്ടി.

 

ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടന്ന ചര്‍ച്ചയില്‍ ശില്‍പശാലയില്‍ പങ്കെടുത്ത ഏതാണ്ട് മുഴുവന്‍ പേരും സജീവമായി ഇടപെട്ടു.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്ന കേരളത്തില്‍, വളരെയേറെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന പുരയിട കൃഷി (homestead farming)യുടെ പ്രാധാന്യത്തെയും  കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ അവയുടെ പങ്കിനെയും തിരിച്ചറിയേണ്ടതിനെക്കുറിച്ച് ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ടോമി മാത്യു വിശദീകരിച്ചു.

ഈ മേഖലയില്‍ നടക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൊതുധാരണയും ശില്‍പശാലയില്‍ വെച്ച് രൂപപ്പെടുത്തി.

അതനുസരിച്ച് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഈ വിഷയത്തില്‍ കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്ക് ഉപയോഗപ്രദമാകുന്ന ഒരു പ്രാഥമിക ലഘുലേഖ, തുടര്‍ന്ന് കാര്‍ബണ്‍ റിമൂവല്‍ കംപ്യൂട്ടേഷന്‍ മാനുവല്‍ എന്നിവ തയ്യാറാക്കാനും അത് മലയാളത്തില്‍ പ്രസിദ്ധീകരിക്കാനും തീരുമാനമായി.

 

യഥാര്‍ത്ഥ വിളഭൂമി, വിള മാതൃക (Crop land/crop patter) എന്നിവ സംബന്ധിച്ച് താലൂക്ക് തലത്തില്‍ ഒരു സാംപ്ള്‍ സര്‍വ്വേ നടത്താനും തീരുമാനിച്ചു. ഇതേ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളിലും സര്‍വ്വേ നടത്തുന്നതിനായി പഞ്ചാബിലെ സംഗ്രൂരില്‍ വെച്ച് കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനമുണ്ടായതായി സാഗര്‍ അറിയിച്ചു. കാര്‍ഷിക ശാസ്ത്രജ്ഞര്‍, നയ-നിയമ വിദഗ്ദ്ധര്‍ എന്നിവരടങ്ങുന്ന ഒരു പാനല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ദേശീയതലത്തില്‍ തയ്യാറാക്കപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

 

ശില്‍പശാലയില്‍ ടോമി മാത്യു, കെ.കെ.ചന്ദ്രന്‍ മാസ്റ്റര്‍, ഷിബുരാജ് ഏ.കെ., ഡോ. സ്മിത പി കുമാര്‍, ഫാത്തിമ നസ്രീന്‍, ഡിവിന്‍ വര്‍ഗ്ഗീസ്, ഭദ്രന്‍ ഭാസ്‌കരന്‍, ഡോ.അജിതന്‍ രാധാകൃഷ്ണന്‍, ഇബ്രാഹിം മാറഞ്ചേരി, ഹരീഷ് കൊടിയത്ത്, ശ്യാം കൃഷ്ണന്‍, ജിനു ജോണ്‍,, ഹസ്സന്‍ കുറുവമ്പലം, അഹമ്മദ് മകരപ്പറമ്പ്, സജി ജോസ്, സണ്ണി ജോസഫ്, സനല്‍ കുമാര്‍ വി.ആര്‍, ടോണി ജോസഫ്, ഷൈജു ജോര്‍ജ്ജ്, പി.ടി.ജോണ്‍, ഷാല്‍സ് ജോസ്, അശോകന്‍ പി.എ, അഗ്രോസ് പുല്ലന്‍, ശര്‍മിത് ഇ, കെ.സഹദേവന്‍  എന്നിവര്‍  പങ്കെടുത്തു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment