പ്രളയം ഭൂഗർഭ ജലത്തിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത് എങ്ങിനെ ?  




കാലാവസ്ഥയിലെ മാറ്റങ്ങൾ മണ്ണിനും ജല ശ്രാേതസ്സുകൾക്കും കടലിന്റെ സ്വഭാവത്തിനും പ്രതികരണങ്ങൾ  ഉണ്ടാക്കും. സാധാരണയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം മണ്ണിന്റെ ഫലഭൂഷ്ടി വർദ്ധിപ്പിക്കുന്നു. നദികളെ വൃത്തിയാക്കുകയും കടലിൽ കൂടുതൽ ധാതുലവണങ്ങൾ എത്തി മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുവാൻ അതു സഹായിക്കും..എന്നാൽ വൻ പ്രളയങ്ങൾ കാടിന്റെ ആവാസ വ്യവസ്ഥ മുതൽ കടലിന്റെ ഘടനയിലും മാറ്റങ്ങൾ വരുത്താറുണ്ട്.. അവ പ്രദേശത്തിന്റെ ജൈവ ഘടനയെ തന്നെ സ്വാധീനിക്കും. 


ഒൻപാതം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലും മലയാളക്കരയിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ പറ്റി ചില കവിതകളിൽ നിന്നു മനസ്സിലാക്കാം. പുറക്കാട് തുറമുഖം ക്ഷയിച്ചതും കൊല്ലം പ്രധാന വാണിജ്യ കേന്ദ്രമായതും ഒൻപതാം നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തോടെയാണ്. പൂന്താനത്തിന്റെ കവിതയിലൂടെ മലബാറിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ പ്രതിസന്ധികൾ ഊഹിക്കാവുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടിലെ മഹാ(ത്തായ) പ്രളയം കേരളത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയും രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ കായൽ (വേമ്പനാട്ടു കായൽ) രൂപപ്പെടുവാൻ അവസരമൊരുക്കുകയും ചെയ്തു. കടൽ മാറി  വൈപ്പിൻ ദ്വീപസമൂഹവും കൊച്ചി നഗരവും ഉണ്ടായ വെള്ളപ്പൊക്ക കാലത്തെ ക്രിസ്ത്യൻ മിഷനറിമാരുടെ മാതൃകാപരമായ രക്ഷാപ്രവർത്തനത്തെ പറ്റി ചില രേഖകളിൽ വായിക്കാം.


1924 ലെ വെള്ളപ്പൊക്കം ഇന്നത്തെ വെള്ളപ്പൊക്കത്തെ ഓർമ്മിപ്പിക്കുമാറ് നിരവധി അപകടങ്ങൾ വരുത്തിവെച്ചു. ആയിരത്തിലധികം ആളുകൾ മരിച്ച പ്രളയം ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് മൂന്നാർ മലനിരകളിലായിരുന്നു. പെരിയാറിന്റെ ഗതിയിൽ തന്നെ  മാറ്റിയ  വെള്ളപ്പൊക്കത്തെ പറ്റി നമ്മൾ  2018ൽ സംസാരിക്കുവാൻ കൂടുതൽ നിർബന്ധിതമാണ്. 


നൈട്രജൻ ,ഓക്സിജൻ മുതലായവയുടെ  അളവുകൾ ചെടികളുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളിൽ പെടുന്നു. മണ്ണിലുള്ള എൻസൈമുകൾ ജൈവികമായ പ്രവർത്തനത്തെ വർദ്ധിപ്പിക്കും.മണ്ണിന്റെ സ്വഭാവം തീരുമാനിക്കുന്നതിൽ സൂക്ഷമ ജീവികൾക്ക് പ്രധാന പങ്കുണ്ട്. നൈട്രജന്റെ അളവ് വർദ്ധിക്കുന്നതിൽ അവ ശ്രദ്ധിക്കുന്നു. വൻ വെള്ളപ്പൊക്കം ഇത്തരം ഘടകങ്ങളുടെ തോതിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.


വൻതോതിലുള്ള മണ്ണിന്റെ ഒഴുക്ക് മലകളുടെ ജൈവിക ഭൗതിക ഘടനകളിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുകയും തിരിച്ചുപിടിക്കുവാൻ കഴിയാത്ത തരത്തിൽ ആവാസ വ്യവസ്ഥകളെ തകർക്കുകയും ചെയ്യും. ഒഴുകി ഇറങ്ങുന്ന വൻതോതിലുള്ള മണ്ണ്  കൃഷിയിടങ്ങളുടെ സൂക്ഷ്മ സുഷിരങ്ങളെ അടക്കുവാൻ അവസരമൊരുക്കുന്നു. ഇത് സൂക്ഷ്മജീവികൾക്കും ഒപ്പം വായു സഞ്ചാരത്തിനും തടസ്സങ്ങൾ വരുത്തും. മണ്ണിന്റെ ഫലഭൂയിഷ്ടത മാറി മറിയും. (Basal respiration (BR) and substrate-induced respiration (SIR) ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ പ്രധാനമാണ്.


അരുവികൾ (primary  stream) തോടുകൾ ( secondary stream ) പുഴകൾ ചേർന്ന് ഒഴുകുന്ന നദികൾ രൂപപ്പെടുവാൻ ആവശ്യമായ വൃഷ്ടി പ്രദേശങ്ങളുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം നദികളെ ബാധിക്കും. ഗംഗയുടെ വൃഷ്ടി പ്രദേശത്തിന്റെ വ്യാപ്തി 10.ലക്ഷം ച.കി.മീറ്ററാണ്. പെരിയാറിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഉൽഭവ പ്രദേശം 10000 ച.കി.മീറ്ററോളം വ്യാപിച്ചു കിടക്കുന്നു. 


നദികളുടെ സ്ഥിരം  ഒഴുക്ക്  സമീപത്തെ ഭൂമിയെ വെള്ളത്തിനാൽ പൂരിതമാകും. നദിയുടെ അടിത്തട്ടിലുള്ള Acqafier (പാറയുമായും മണ്ണുമായി ഇഴുകി ചേർന്ന വെള്ളമൊഴുക്ക്) ന്റെ സാനിധ്യമാണ് ഭൂഗർഭ ജലവിതാനത്തെ നിയന്ത്രിക്കുന്നത് . ലോകത്തെ പ്രധാന Acqufierകളിൽ ഒന്നായ ഗംഗസമതലത്തിലെ ഭൂഗർഭ ജലവിതാനം ആരവല്ലി മലനിരകൾ മുതൽ ഗംഗാ സമതലത്തെ വരെ നനവുള്ളതാക്കി നിലനിർത്തി വരുന്നു. കേരളത്തിലെ ഭൂഗർഭ വിതാനം നിയന്ത്രിക്കുന്നതിൽ . വർക്കല , വൈക്കം ,മലബാർ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന Acquiferകൾ പ്രധാനമാണ് . രാജ്യത്തെ Acquifer കളുടെ  വ്യാപ്തി കുറയുന്നത് ജലക്ഷാമം വർദ്ധിക്കുവാൻ ഇടയുണ്ടാക്കുന്നു. 


കേരളത്തിലെ പ്രധാന നദികളിൽ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും ഒഴുക്കും നദിയുടെ അടിത്തട്ടിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തിയതായി മനസ്സിലാക്കാം.. നദിക്കു താഴെ ഭൂഗർഭത്തിൽ സ്ഥിതി ചെയ്യുന്ന Acquifer ന്റെ ഘടനയെ തന്നെ ബാധിച്ച പ്രളയം നദികൾ പെട്ടെന്നു വരളുവാൻ കാരണമായിട്ടുണ്ട്. കുളങ്ങളിലും കിണറുകളിലും ജലവിതാനം മാറിയ സാഹചര്യവും ഗൗരവതരമാണ്.


2018 ലെ വെള്ളപ്പൊക്കം ഭൂ ഉപരിതലത്തിൽ മാത്രമല്ല ഭൂഗർഭ ജലത്തിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാക്കി എന്ന വസ്തുതയെ വേണ്ടത്ര ഗൗരവതരമായി സർക്കാരും പൊതു സമൂഹവും  കാണുന്നുണ്ടോ എന്ന ചോദ്യം വളരെ  പ്രസക്തമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment