തെറ്റായ വികസനത്തിൽ തകർന്നടിയുന്ന ഹിമാലയം




അധികമായ അസ്ഥിരത പ്രകടപ്പിക്കുന്ന ഹിമാലയൻ മലനിരകളിലെ വർദ്ധിച്ചു വരുന്ന ദുരന്തങ്ങൾക്ക് തെറ്റായ വികസന സമീപനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഭൗമ പാളികളുടെ ഉരസൽ മൂലം വളർന്നു കൊണ്ടിരിക്കുന്ന ഹിമാലയ മഞ്ഞു മലകളും മറ്റും ഇടിഞ്ഞുണ്ടാകുന്ന സംഭവങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതി രൂക്ഷമായി. ഗോമുഖിൻ്റെ ഒരു ഭാഗം തകർന്ന സംഭവം (2013 ൽ വിള്ളൽ തുടങ്ങി 2016ൽ നിലം പൊത്തി) ചൈനീസ്/ഇന്ത്യൻ അതിർത്തിയിൽ ഉണ്ടായ മാറ്റത്തിൻ്റെ അടയാളമായിരുന്നു. തകർന്ന ഭാഗം പുനസ്ഥാപിക്കപ്പെട്ടില്ല. ഭഗീരധി നദി (ഗംഗയുടെ തുടക്കം) ഉത്ഭവിക്കുന്ന മഞ്ഞു മലകൾ 22 മീറ്റർ വെച്ച് പ്രതിവർഷം നഷ്ടപ്പെടുന്നു. തണുപ്പ് കാലത്ത് മഞ്ഞ് വീണു മലകൾ പഴയ നിലയിലെക്ക് മടങ്ങി എത്തുന്നില്ല. 


ഹിമാലയത്തിലെ മരങ്ങൾ വ്യാപകമായി വെട്ടിമാറ്റുന്നതും ഡാം, റോഡു നിർമ്മാണങ്ങളും പ്രദേശത്ത് മലയിടിച്ചിലുകൾക്ക് പ്രധാന കാരണമാണ്. ചൈനയുടെ റോഡു നിർമ്മാണങ്ങളും വൻകിട ഡാമുകളും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കട്ടി കുറഞ്ഞ മലകളുടെ അടിവാരങ്ങളിൽ വൻ തോതിൽ വെള്ളകെട്ടുകൾ ഉണ്ടാകുന്നത് ഭൂമി കുലുക്കത്തിന് അവസരമൊരുക്കാറുണ്ട്. അരുണാചൽ, മേഘാലയ, അസാം, ഡാർജലിംഗ്, ഉത്തരകാണ്ഡ്, ഹിമാചൽ, കാശ്മീർ മേഖലകളിലെ ചെറും വലുതുമായ ഡാമുകളും അവയുടെ നിർമ്മാണവും റോഡു പണികളും തകൃതിയായി തുടരുന്നു. എല്ലാം വികസനത്തിൻ്റെ പട്ടികയിൽ പെടുത്തി സർക്കാർ വിശദീകരിക്കുകയാണ്.


പഴയ കാലത്ത്  ഹിമാലയൻ ഗ്രാമങ്ങളിലെ അരുവികളെ പല രീതിയിൽ ജനങ്ങൾ ഊർജ്ജ ആവശ്യത്തിനായി നിത്യ ജീവിതത്തിൽ ഉപയോഗിച്ചിരുന്നു. അതിൽ ജല പങ്കായത്തിന് (Gharat) നല്ല സ്ഥാനം ലഭിച്ചു. വെള്ളത്തെ ചാലുകളിൽ ഒഴുക്കി, അവയിൽ ചക്രങ്ങൾ സ്ഥാപിച്ച് മെഷീനുകൾ കറക്കുന്ന ഗാരറ്റുകൾ ധാന്യങ്ങൾ പൊടിക്കുവാനുള്ള എളുപ്പ വഴിയാണ്. കാർഷിക രംഗത്തും നിർമ്മാണങ്ങൾക്കും അതു വഴി തൊഴിൽ മേഖലക്കും ഒഴുകുന്ന വെള്ളത്തെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്തരം പ്രകൃതി ദായക ഊർജ്ജ ശ്രോതസ്സുകളെ ഹിമാലയൻ ഗ്രാമങ്ങൾ നില നിർത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. പകരം ഡാമുകൾ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്ന ശീലം വർധിച്ചു. ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികളിൽ പഴയ കാല ജല ചക്രങ്ങളെ ആധുനികവൽക്കരിച്ച് ഉപയോഗിക്കുവാനുള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.


വൻകിട ഡാമുകളുടെ നിർമ്മാണങ്ങൾ.:

 


2013ലെ കേദാർനാഥ് ദുരന്തം, 2014ലെ നേപ്പാൾ ഭൂമി കുലുക്കം തുടങ്ങിയ ക്ഷോഭങ്ങളെ പരിഗണിക്കാതെ 600 വൻകിട ഡാം നിർമ്മാണങ്ങൾ ഹിമാലയൻ ഗ്രാമങ്ങളിൽ തുടരുകയാണ്. തെഹരി ഡാമിനെതിരായ സമരത്തെ അംഗീകരിക്കുവാൻ കോടതിയും തയ്യാറായില്ല. അരുണാചൽ പ്രദേശിലെ 3097 MW ജല വൈദ്യുതി നിലയ നിർമ്മാണം പ്രദേശത്തിൻ്റെ നിലനിൽപ്പിന് ഭീഷണിയാണ്. ദേശീയ വന ഉപദേശക സമിതി നിർമ്മാണത്തിന് അനുകൂല നിലപാട് കൈകൊണ്ടത് (2020 ഏപ്രിൽ) ന്യായീകരിക്കുവാൻ കഴിയുന്നതല്ല. സംസ്ഥാനത്തെ 160 ഡാം പദ്ധതികളും മല നിരകളുടെ സുരക്ഷക്ക് സഹായകരമല്ല.നിശ്ചിത സമയത്തു പണി തീരാത്തത്‌ ചെലവുകൾ ഇരട്ടിയിലധികമാക്കുന്നു. 


നിർമ്മാണങ്ങളിൽ പാലിക്കേണ്ട മുൻ കരുത ലുകൾ എടുക്കുന്നില്ല. പദ്ധതികൾ എല്ലാം ജിൻ്റാൽ, ലാർസൻ & ട്യൂബ്രാേ പോലെ യുള്ളവരുടെ ഉടമസ്ഥതയിലാണ് (PPP, 100 % സ്വകാര്യ പദ്ധതികളും). ഗ്രാമങ്ങൾക്ക് (സംസ്ഥാനത്തിന്) 12% മാത്രം വൈദ്യുതി നൽകി, ബാക്കി ഊർജ്ജം മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുന്നതിനാൽ വടക്കു കിഴക്കൻ സംസ്ഥാനത്തിൻ്റെ വികസന കാര്യങ്ങളിൽ ആനുപാതിക പുരോഗതി ഉണ്ടാകുന്നില്ല. അവരുടെ പ്രകൃതി ദുരന്തങ്ങൾ വർധിക്കുകയും ചെയ്യുന്നു.


ലാർസൻ & ട്യൂബ്രാേ ഉപയോഗിച്ചു തുടങ്ങിയ Tunnel Boring machine (TBM) സ്ഫോടനം ഒഴിവാക്കി തുരങ്കങ്ങൾ നിർമ്മിക്കുവാൻ സഹായകരമായിരുന്നു. എന്നാൽ അത്തരം രീതികൾ പതുക്കെ ഒഴിവാക്കി അനിയന്ത്രിക സ്ഫോടന  രീതികൾ ഹിമാലയൻ താഴ്വരയിൽ പ്രശ്നങ്ങൾ രൂക്ഷമാക്കി. ഈ വിഷയത്തെ പറ്റി പഠിച്ച ജനകീയ ശാസ്ത്ര സമിതി (സുപ്രീം കോടതി നിർദ്ദേശം)2000 മീറ്ററിലധികം ഉയരമുള്ള (Para- glacial Zone), Main Central Thrust ന് വടക്കുള്ള പ്രദേശങ്ങളിലെ നിർമ്മാണങ്ങൾക്ക് പ്രത്യേകം ശ്രദ്ധ വേണമെന്നു പറഞ്ഞിരുന്നു. കോടതി 24 പദ്ധതി കൾ നിർത്തിവെപ്പിച്ചു. പണി തുടർന്ന തപോവൻ പദ്ധതി പ്രദേശത്തെ പുതിയ ദുരന്തം വിഷയത്തിൻ്റെ രൂക്ഷത വ്യക്തമാക്കുകയാണ്.


ചാർദാം റോഡ്

 


12000 കോടിയുടെ ഡറാഡൂൺ-ഗംഗോത്രി-കേദാർനാഥ് -ബദിരീനാഥ് റോഡു നിർമ്മാണത്തിന് 900 km ദൂരമുണ്ട്.12 മീറ്റർ വീതിയിലുള്ള പാത, 53 ചെറു കിട പദ്ധതികളിലൂടെ നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. 2000 മീറ്റർ ഉയരത്തിലെ റോഡുകൾ 5.5 മീറ്ററിലധികം വീതിയിൽ  നിർമ്മിക്കരുത് (പരമാവധി 7 മീറ്റർ)എന്നിരിക്കെ, 12 മീറ്ററിൽ 900 km നിർമ്മാണം ഹിമാലയ മലനിരകളെ വൻ പ്രതിസന്ധിയിലെക്കാണ് വീണ്ടും എത്തിക്കുന്നത്.


ഋഷി ഗംഗയിലെ വൻ ദുരന്ത ദിവസത്തിനു മുൻപുള്ള സമയം പുഴയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ഉപരിതലത്തിൽ എത്തിയത് നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. അളകനന്ദ നദിയിൽ കൂട്ടമായി തീരത്തെത്തി ഉയർന്ന മത്സ്യങ്ങളെ പിടിച്ചെടുക്കാൻ ഗ്രാമീണർ തയ്യാറായി. മണിക്കൂറിനകം കിലോ മീറ്ററിനു മുകളിൽ മഞ്ഞു മലകൾ തകർന്നു. മത്സ്യങ്ങളുടെ പ്രത്യേകഅവയവത്തിന്  (Lateral Line Organ) ഇത്തരം വ്യതിയാനങ്ങളെ തിരിച്ചറിയുവാൻ കഴിവുണ്ട്. (സ്ഫോടനങ്ങൾ ജല ജീവികളിൽ ഉണ്ടാകുന്ന വ്യതിയാനം ഇവിടെ പ്രകടമാണ്).


മേഘാലയയിലെ കൽക്കരി ഖനനം മുതൽ (Rat hoIing) സിയാറ്റിൻ മലനിരകളിലെ പട്ടാള സാനിധ്യവും പാങ്കോഗ് തടാകത്തിലെ നിർമ്മാണങ്ങളും ഡാമുകളും അനിയന്ത്രിത തീർത്ഥാടനവും ടൂറിസവും ഹിമാലയത്തിനെ അസ്ഥിരപ്പെടുത്തുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment