കലഞ്ഞൂർ പാറമടകൾ ചവിട്ടിമെതിച്ച ശവപറമ്പ്




സംസ്ഥാനത്തെ വികസന സ്വപ്നങ്ങൾക്കായി ഇരകളാക്കപെട്ട ഒരു പിടി ഗ്രാമങ്ങൾ കേരളത്തിലുണ്ട്. മഴക്കാലത്തിന്റെ തുടക്കത്തിൽ  ഉരുൾപൊട്ടി നിരവധിയാളുകൾ  മരണപ്പെട്ട കോഴിക്കോട്ടെ മലഞ്ചരിവുകൾ (കട്ടിപ്പാറ) മുതൽ വയനാട്ടിലെ ഗ്രാമങ്ങളും (അമ്പലവയലും മറ്റും) ഇടുക്കിയിലെ വെള്ളതൂവൽ, മാങ്കുളം  പ്രദേശവും പ്രകൃതിനശീകരണത്തിന്റെ ഇരകളാണ്. 

 

പത്തനംതിട്ട ജില്ലയുടെ തെക്കു കിഴക്കൻ അതിർത്തി ഗ്രാമമായ കലഞ്ഞൂർ പ്രകൃതി സമ്പന്നമാണ്. ഇന്നലെ വരെ  നാട്ടുകാർക്ക് ജലക്ഷാമം വൈദേശിക വാർത്ത മാത്രമായിരുന്നു. എന്നാൽ ഇന്നു വരൾച്ചയുടെ പിടിയിലമർന്ന ഗ്രാമം പതുക്കെ പതുക്കെ പ്രകൃതിദുരന്തത്തെയും  ക്ഷണിച്ചുവരുത്തുന്നു. നാടിന്റെ ശിരസ്സായി ഉയർന്നു നിൽക്കുന്ന മലനിരകളെ ഓരോന്നോരോന്നായി ക്വാറി മുതലാളിമാർ കാർന്നു തിന്നുകയാണ്. തുരന്ന മലകൾ, മലകളിലെ ഭീകര വെള്ളകെട്ടുകൾ, പറന്നിറങ്ങുന്ന ടോറസ്സ് ശകടങ്ങൾ, പാെടിപടലം പരന്ന അന്തരീക്ഷം, ഞെട്ടിപ്പിക്കുന്ന സ്ഫോടനങ്ങൾ ഇവയൊക്കെ നാട് ഏറ്റുവാങ്ങുന്നതാർക്കുവേണ്ടിയാണ് ?

 

കലഞ്ഞൂർ എന്ന ഗ്രാമത്തെ ഖനന മാഫിയകൾ വീർപ്പുമുട്ടിക്കുമ്പോൾ അവരെ രഹസ്യമായി സഹായിക്കുന്ന പഞ്ചായത്തു സമിതികളും നിയമ നിർമ്മാണ സഭയും നാടിനെ മറന്നു പോയിരിക്കുന്നു. കലഞ്ഞൂർ നിവാസികളുടെ ജീവിക്കുവാനുള്ള അവകാശത്തിൽ കൂടുതൽ പ്രതിസന്ധികൾ ക്ഷണിച്ചു വരുത്തുമ്പോൾ അതിനെതിരെ  അണിനിരക്കേണ്ടതുണ്ട്.  ദശലക്ഷം വർഷങ്ങൾ പ്രായമുള്ള ഇഞ്ചപ്പാറ മലയും രാക്ഷസൻ പാറയും അദാനി മുതലാളിയുടെ ചരക്കാകുവാൻ അനുവദിക്കരുത്. 

 


പശ്ചിമഘട്ട താഴ് വരയുടെ ഭാഗവും  കോന്നി - അച്ചൻകോവിൽ വനത്തിന് തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന 43000 ലധികം ജനസംഖ്യയുള്ള കലഞ്ഞൂർ പഞ്ചായത്ത് ചരിത്രത്തിൽ  സ്ഥാനം നേടിയതിൽ  കഥകളി ആചാര്യൻ നാണു പണിക്കർ (സമൂഹത്തു മഠം) നിത്യ ചൈതന്യയതി (മുറിഞ്ഞകൽ) മുതലായവരുടെ സാനിധ്യം പ്രധാന പങ്കുവഹിച്ചു.. ശൂരനാട് സമരത്തിൽ പങ്കെടുത്ത ജന നേതാക്കൾ ഒളിവിൽ കഴിഞ്ഞ പ്രദേശമായിരുന്ന ഇവിടം പ്രാചീന കാലത്തെ ബുദ്ധ  സന്യാസി ജനപഥവുമായിരുന്നു . (കൂടൽ മാണിക്യം (മധുര) -കൂടൽ എന്ന പേരുകളുടെ സാമിപ്യം) വനാതിർത്തിയിലെ ( പാടം) പാറക്കുളത്തെ  പ്രാചീന ക്ഷേത്രം,  മലനട,കൊടപ്പാറ മുതലുള്ള  ഡസനിലധികം  കുന്നുകളും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും (കീഴൂടുകളും) കാമ്പിത്താനും ശിവക്ഷേത്രവും ചാച്ച നെഹ്റു നേരിട്ടെത്തി  തുടക്കം കുറിച്ച അതിരുങ്കൽ വിദ്യാലയവും ഒക്കെ നാടിന്റെ ഓർമ്മകളെ സജ്ജീവമാക്കുന്നു.

 

1970 വരെ വന നിബിഢമായിരുന്ന കലഞ്ഞൂർ പഞ്ചായത്തിൽ സർക്കാർ നടത്തിയ വനം വെട്ടി വെളിപ്പിക്കൽ, വെട്ടി വെളിപ്പിച്ച കുന്നുകളിലെ  Kerala Plantation Corporation ആദ്യം കരിമ്പും പിന്നീട്  റബ്ബർ തോട്ടങ്ങളും കൃഷി ചെയ്ത് പ്രദേശത്തെ കാലാവസ്ഥയിലും തൊഴിൽ  മുതലായ വിഷയങ്ങളിലും മാറ്റങ്ങളുണ്ടാക്കി.

 

മലകൾ, (അടിവാരങ്ങൾ )നെൽവയൽ ,അതിന്റെ ഓരത്തുകൂടി ഒഴുകുന്ന നീർച്ചാലുകൾ, കുളങ്ങൾ, ചിറ(കൊട്ടന്തറ) കിഴക്കൻ മലകളിൽ നിന്ന് ഒഴുകുന്ന രണ്ടു തോടുകൾ (കൂടൽ വഴിയും വാഴപ്പാറ വഴി ) ഗ്രാമത്തെ ജലസമ്പന്നമാക്കി. പഞ്ചായത്തിന്റെ ഭൂമിശാസ്ത്ര ഘടനയിൽ ഉണ്ടായ മാറ്റത്തിന് നിർണ്ണായക പങ്കുവഹിച്ച  കല്ലട ജലസേചന പദ്ധതി ലക്ഷ്യം കാണാതെ പോയി എന്നു സർക്കാർ തന്നെ സമ്മതിച്ചു. കല്ലട പദ്ധതിക്കായി നടപ്പിലാക്കിയ വലുതും ചെറുതുമായ കനാലുകൾ പഞ്ചായത്തിന്റെ സ്വാഭാവിക നീരുറവകളെ തടസ്സപ്പെടുത്തി. ഒരു കാലത്ത് പഞ്ചായത്തിലെ പല നടപ്പാതകളും വെള്ളം ഒഴുകി പോകുന്ന നീർച്ചാലുകൾ കൂടിയായിരുന്നു. 

 

1975 മുതൽ പഞ്ചായത്തിൽ നടന്ന കനാൽ നിർമ്മാണത്തിനു ശേഷം നെൽകൃഷി പടിപടിയായി അവസാനിച്ചു.(കനാൽ നിർമ്മാണം നെൽകൃഷി ലക്ഷ്യം വെച്ചായിരുന്നു ). വെറ്റില, മുതിര, പച്ചക്കറി, കിഴങ്ങു  മുതലായ കൃഷികൾ ഇല്ലാതെയായി. റബ്ബർ കൃഷി വ്യാപകമായി തീർന്നു. ഇന്നതിന്റെ നട്ടെല്ലൊടിഞ്ഞു.


1990 മുതൽ ഗൾഫ് സാന്നിധ്യവും കോൺട്രാക്റ്റർ സംസ്കാരവും നാടിന്റെ വിവിധ രംഗങ്ങളിൽ സ്വാധീനം ചെലുത്തി. അതിന്റെ ഭാഗമായി  ചെറുകിട പാറ ഖനനം വൻ വ്യവസായി മാറി തീർന്നു.1962 മുതൽ  പഞ്ചായത്തിൽ തുടർച്ചയായി നിലനിൽക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഭരണവും പാർട്ടിയും ചില സമരങ്ങൾ നടത്തിയിട്ടുണ്ട് എന്നതൊഴിച്ചു നിർത്തിയാൽ പ്രദേശത്തുണ്ടായ അനാരോഗ്യകരമായ സാമൂഹിക പാരിസ്ഥിതിക മാറ്റങ്ങളെ കണ്ടില്ല എന്നു നടിച്ചു. (കോൺഗ്രസ് നിലപാടുകളും സമാനമായിരുന്നു.) കലഞ്ഞൂർ ഏനാദിമംഗലം കുടിവെള്ള പദ്ധതിയിലൂടെ ഒരു തുള്ളി വെള്ളം പോലും ഒഴുകാതെ നാട്ടുകാരനായ വൻകിട കോൺട്രാക്ടർ പണം വസൂലാക്കിയതിൽ നാളിതുവരെയായി നാട്ടുകാർക്ക് പ്രതിഷേധിക്കുവാൻ  കഴിഞ്ഞിട്ടില്ല. 


കലഞ്ഞൂർ ഇന്ന്  അറിയപ്പെടുന്നത്  പാറമടകൾ കൊണ്ടു ചവിട്ടിമെതിച്ച ശവപറമ്പ് എന്ന ലേബലിലാണ്.

 

പാറമടകൾ / ക്രഷർ യൂണിറ്റുകൾ  നിയമാനുസൃതമായിട്ടാണോ പ്രവർത്തിക്കുന്നത് ? പാറമടകളിലൂടെ  പഞ്ചായത്തിന് എന്തു വരുമാനം ലഭിക്കുന്നു ? പഞ്ചായത്തിലെ ജനങ്ങളുടെ നിർമ്മാണ ആവശ്യങ്ങളെ പരിഗണിച്ചാണോ അവ പ്രവർത്തിക്കുന്നത് ? പാറമടകൾ തൊഴിൽ രാഹിത്യം പരിഹരിക്കുന്നുവോ ? 
ക്വാറി വ്യവസായം നടത്തുന്ന വ്യക്തികളും രാഷ്ട്രീയക്കാരും തമ്മിൽ എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുവാൻ ജനങ്ങൾക്കു ബാധ്യതയുണ്ട് .

 

ഭൂ രഹിതർക്കായി കൃഷി ചെയ്യുവാനും വീടു വെച്ചു താമസിക്കുവാനും മാത്രം അനുവദിച്ച 2.47 Acre  (ആരബൻ) ഭൂമിയിലാണ് പ്രധാന   ഖനനം നടക്കുന്നത്.

 

1992 മുതൽ സജീവമായ വൻകിട ക്വാറി ഖനനത്തിനെതിരെ മുറിഞ്ഞകൽ /അതിരുങ്കൽ ഭാഗത്തു തുടങ്ങിയ സമരത്തിൽ  നാട്ടുകാരനായിരുന്ന നിത്യ ചൈതന്യയതി പങ്കാളിയായി. രാഷ്ട്രീയ നേതൃങ്ങൾ ഒഴിഞ്ഞു നിന്ന സമരത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ നാട്ടുകാരനായ മുതലാളി റോഡ് വൃത്തിയാക്കി നൽകി പദ്ധതി ആരംഭിച്ചു. പിന്നീടുള്ള കലഞ്ഞൂർ മലനിരകളുടെ ഗതി (വിധി) പാെട്ടി തെറിയുടേതു മാത്രമായി.  


പാറമടകളുടെയും ക്രഷർ യൂണിറ്റുകളുടെ കടന്നാക്രമണത്താൽ വിഷണ്ണരായ ജനങ്ങൾ ആരംഭിച്ച രണ്ടാം ഘട്ട സമരം കേരളത്തിൽ വലിയ വാർത്തകൾ സൃഷ്ടിച്ചു. 110 ദിവസം പഞ്ചായത്തിനു മുന്നിലും രാജ്ഭവൻ , സെക്രട്ടറിയേറ്റിനു മുന്നിലും നടന്ന സമരങ്ങൾ പൂർണ്ണമായും ലക്ഷ്യം കണ്ടില്ല എങ്കിലും ആ സമരം കേരളത്തിലെ ക്വാറിവിരുദ്ധ സമരത്തിന് ആവേശം നൽകിയിരുന്നു. മറ്റൊരു സമര ഘട്ടം ഇവിടെ തുടങ്ങുമ്പോൾ അതു ലക്ഷ്യത്തിലെത്താതെ അവസാനിക്കില്ല എന്നുറപ്പിക്കാം .

 

പ്രവർത്തിക്കുന്ന ക്വാറികൾ /ക്രഷർ യൂണിറ്റുകൾ നടത്തുന്ന നിയമ ലംഘനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. നിയമങ്ങൾ ഇങ്ങനെ  പറയുന്നു.

 

ക്വാറികൾ പ്രവർത്തിക്കേണ്ടത് രാവിലെ 6 മുതൽ വൈകിട്ട്  6 മണി വരെ. കുഴിക്കാവുന്ന  ആഴം പരമാവധി 20 അടിമാത്രമായിരിക്കണം.  കുഴികൾ ഖനനം കഴിഞ്ഞാൽ മൂടുക. ചുറ്റും വേലി കെട്ടി തിരിക്കൽ.
വെട്ടിമാറ്റേണ്ടി വരുന്ന മരങ്ങളുടെ 10 മടങ്ങ് വെച്ചുപിടിപ്പിക്കൽ .പൊടിയും ശബ്ദവും നിയന്ത്രിക്കുവാൻ സംവിധാനം (സ്പ്രിംഗലർ പ്രവർത്തനം ശബ്ദം 55 ഡസിബൽ മുകളിൽ ഉണ്ടാകരുത് ) 8 മീറ്റർ വീതിയിൽ കുറവുള്ള റോഡിലൂടെ 10 ടൺ മുകളിലുള്ള ലോറി ഓടിക്കാതിരിക്കൽ. ക്രഷർ യൂണിറ്റുകൾ 150 മീറ്റർ വീടുകളിൽ നിന്നും അകലം പാലിക്കുക. അതൃത്തിയിൽ 40 cm കനത്തിൽ ഭിത്തി. ദൂരം 250 മീറ്റർ ആണെങ്കിൽ 23 സെ.മീ  ഭിത്തി തീർക്കൽ.

 

നമ്മുടെ നാട്ടിലെ ക്വാറികൾ/ക്രഷർ യൂണിറ്റുകൾ സർക്കാർ പറയുന്ന നിയമങ്ങളെ നിരന്തരം കാറ്റിൽ പറത്തുന്നു.  സർക്കാർ പഞ്ചായത്തു സംവിധാനങ്ങൾ നോക്കി കുത്തിയായി തുടരുന്നു.

 

പശ്ചിമഘട്ടത്തിലെ നിയമപരവും വിരുദ്ധവുമായ പാറമടകൾ നടത്തുന്ന നിയമ ലംഘന പ്രവർത്തനങ്ങൾ നാടിന് വൻ ദുരന്തങ്ങൾ വരുത്തിവെച്ചു.  മഴക്കാലത്ത് ഉണ്ടായ 400 ലധികം മണ്ണിടിച്ചിൽ / ഉരുൾപൊട്ടലുകൾ വയനാടിനെയും ഇടുക്കിയേയും  വെച്ചൂച്ചിറ, പെരുനാട്, സീതത്തോട്, തണ്ണിതോട് മേഖലകളിൽ ഭീതി പരത്തി വരുന്നു.

 

പ്രകൃതി രമണീയവും മലനിരകൾ കൊണ്ട് സമ്പന്നവുമായ കലഞ്ഞൂർ പഞ്ചായത്തിൽ നടക്കുന്ന  ഖനനം നാടിനെ എത്തിക്കുന്ന അവസ്ഥ  ഗൗരവതരമായി പരിഗണിക്കാതെ കലഞ്ഞൂർ നിവാസികളുടെ വിശ്വാസപരവും മറ്റു വൈകാരിക ബന്ധമുള്ള രാക്ഷസൻ പാറയും ഇഞ്ചപ്പാറയും മറ്റും കൂടി അദാനി നടത്തുന്ന തട്ടിപ്പു പദ്ധതിക്കായി പൊട്ടിച്ചു കടത്തുവാൻ ഒരു കാരണത്താലും അനുവദിക്കുവാൻ കഴിയില്ല.

 

നിലവിൽ പ്രവർത്തിക്കുന്ന ക്വാറികളും ക്രഷർ യൂണിറ്റുകൾ നിമയപരമായി മാത്രം സമൂഹ നിയന്ത്രണത്തോടെ പ്രവർത്തിക്കുക, പുതുതായ ക്വാറികൾ തുടങ്ങാതിരിക്കുക. ഇടതുപക്ഷ പ്രകടനപത്രികയിൽ പറഞ്ഞതുപോലെ ഖനനം പൊതുമേഖലയിൽ മാത്രം നടത്തി തൊഴിലാളി താൽപര്യവും ഒപ്പം പ്രകൃതിസംതുലനവും ഉറപ്പു വരുത്തുക. കലഞ്ഞൂർ പഞ്ചായത്തിലെ പ്രകൃതി വിഭവ കൊള്ള അവസാനിപ്പിക്കുക. കലഞ്ഞൂരിന്റെ സുസ്തിര വികസനത്തിനായി പോരാടാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment