കന്നിമലയെ തിരികെപ്പിടിക്കാൻ ഒരു ഗ്രാമം തയ്യാറെടുക്കുന്നു 




ഞങ്ങൾക്ക് പിറന്ന നാട്ടിൽ സ്യൈര്യമായി ജീവിക്കണം അന്ന് മൗനമായിരുന്നവർ ഇന്നു പറയുന്നു.


പത്തനംതിട്ട: കടമ്പനാട് ഏറത്ത് ഏഴംകുളം ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലവും ഏറ്റവും ഉയർന്ന പ്രദേശവുമാണ് മണ്ണടിയുടെ അതിരുകാക്കുന്ന കന്നിമല. 2011 ൽ കൂറ്റൻ യന്ത്രസാമഗ്രികൾ മലകയറി വന്നപ്പോൾ വരാനിരിക്കുന്ന  പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ച് അവർ അറിഞ്ഞിരുന്നില്ല. അന്ന് പ്രദേശവാസികളിൽ വലിയൊരുഭാഗം മൗനികളായിരുന്നു. മാത്രമല്ല ക്വാറി ഉടമ പ്രതിഷേധം ഉയർത്തുന്നവരെ തന്റെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കികൊണ്ടിരുന്നു.


മലമുകളിൽ ഒരേസമയം 100ൽപ്പരം ഉഗ്ര ബോംബുകൾ പായും കണക്കെ പാറകൾ പൊട്ടിക്കൊണ്ടിരുന്നു. ഒപ്പം താഴ് വരയിലെ വീടുകളുടെ അസ്ഥിവാരം ഇളകിക്കൊണ്ടും. റെഡ് കാറ്റഗറിയിൽപ്പെടുന്ന ചെറുകിട വ്യവസായത്തിനുള്ള ലൈസൻസാണ് കന്നിമലയുടെ നെറുകയിൽ വൻകിട വ്യവസായത്തിന് കടമ്പനാട്ഗ്രാമപഞ്ചായത്ത്  2011ൽ രഹസ്യമായി  ഒരുക്കിയത്. കൂടുതൽ ലാഭം ഉണ്ടാക്കുന്നതിന് കൂടുതൽ ശക്തമായ രീതിയിൽ സ്ഫോടനങ്ങൾ ഉണ്ടാക്കുക എന്നതാണ് ക്വാറി പ്രവർത്തന സമവാക്യം. അതിനുവേണ്ടി മലമുകളിൽ ജലാറ്റിനു പുറമേ അമോണിയം നൈട്രേറ്റും ആർ.ഡി.എക്സും മാറിമാറി ഉപയോഗിച്ച് സ്ഫോടന ശക്തി വർദ്ധിപ്പിച്ചു കന്നിമലയുടെ അടിത്തറയിളക്കി .


അപൂർവ്വ ഇനം പക്ഷിമൃഗാദികൾ കൊണ്ടും ജൈവസമ്പത്ത് കൊണ്ടും രമണീയമായിരുന്ന കന്നിമല പിന്നീട് പ്രകൃതിദുരന്തപ്രദേശമായിമാറി. വേനൽ എത്തും മുമ്പേ കിണറുകൾവറ്റിവരണ്ടു. കൂറ്റൻയന്ത്രസാമഗ്രികളിൽ നിന്നുള്ള കാതടപ്പിക്കുന്ന ശബ്ദം പ്രദേശവാസികളിൽ മാനസിക വിഭ്രാന്തിഉളവാക്കി.പ്രത്യക്ഷ ദുരന്തങ്ങളും അപ്രതീക്ഷിത അത്യാഹിതങ്ങൾക്കും നടുവിലായിരുന്നു കന്നിമലയിലെ ജനങ്ങൾ ഉണരുന്നതും ഉറങ്ങുന്നതും. വായു, വെള്ളം, ആരോഗ്യം, കൃഷി, പാർപ്പിടം, തുടങ്ങിയ സകല സ്വത്തുക്കളയും ക്വാറി പ്രവർത്തനം വരിഞ്ഞുമുറുക്കി. സഹിക്കവയ്യാതെ സമീപവാസികളായ സ്ത്രീകളും കുട്ടികളും അടക്കം പ്രതിഷേധമായി മലകയറി ക്വാറി പ്രവർത്തനം തടഞ്ഞു.അന്ന് മൗനം പാലിച്ചതിന്റെ ഭീകരത ഇന്ന് ഇവിടെ ജനങ്ങൾ തിരിച്ചറിഞ്ഞു. 


പരിസ്ഥിതി ദുർബലപ്പെട്ടതോടെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്ന കന്നിമല നിവാസികളായ അമ്മമാരും കുട്ടികളുമടങ്ങുന്ന നൂറ്കണക്കിന് കുടുംബങ്ങൾ വീണ്ടും ക്വാറി പ്രവർത്തനത്തിന് നീക്കം നടക്കുന്നതറിഞ്ഞ് രാഷ്ട്രീയ മത ചിന്തകൾക്കപ്പുറം    അതിജീവനസമരത്തിന് തയ്യാറായി കഴിഞ്ഞു. പാറമടകൾ ഉണ്ടാകുന്നനതിന് ഒരു രാഷ്ട്രീയ ഘടനയുണ്ട് രാഷ്ട്രീയ പാർട്ടികളുടെ ശക്തി പ്രദേശങ്ങളിൽ അതാത് പാർട്ടിയുടെ പിൻബലത്തിലാണ് പാറമട വ്യവസായം പൊടിപൊടിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ ബാബുജോൺ പറഞ്ഞു. 


മഴമേഘങ്ങളെ തടഞ്ഞു നിർത്തി മഴ പെയ്യിക്കുകുകയും മഴവെള്ളം സംഭരിച്ചു വയ്ക്കുകയും ചെയ്യുന്ന പ്രകൃതിദത്ത സജീകരണം കൂടിയാണ് മലനിരകൾ.  കന്നിമലയിലെ 42 ഏക്കർ 79 സെന്റ് ഭൂമി 1969-72 കാലഘട്ടങ്ങളിൽ കശുമാവ് കൃഷിക്കായി പട്ടയം നൽകിയതാണ്. ഇത് മറച്ച് വച്ച് 2011 മുതൽ 13 വരെ റവന്യൂ വകുപ്പ് ക്വാറിയ്ക്ക് നിരാക്ഷേപ പത്രം നൽകി വന്നത്. പട്ടയഭൂമിയിൽ വ്യവസായം പാടില്ല എന്ന സർക്കാർ ഉത്തരവ് ക്വാറിയ്ക്കുവേണ്ടി ഉദ്യോഗസ്ഥർ മാറ്റിയെഴുതി.കാർഷിക മേഖല മാറ്റികൊണ്ട് ഖനനം പാടില്ല എന്ന ഖനന വകുപ്പ് ഉത്തരവും ക്വാറി മാഫിയയ്ക്കുവേണ്ടി ഉദ്യോഗസ്ഥർ അടിയറവച്ചു.


കന്നിമലയിൽ. വീണ്ടും ക്വാറി ഉടമകൾ ജനങ്ങളെ വെല്ലുവിളിച്ച് മലയിടിച്ചു കൊണ്ടു പോകുവാൻ വേണ്ട ആദ്യപടിയായ സർവ്വേ സ്കെച്ചിനായി വ്യാജരേഖകളുമായി ക്വാറി മാഫിയ അടൂർ തഹസിൽദാരെ സമീപിച്ചിരിക്കുകയാണ്.ഒരു ഗ്രാമത്തെ മുഴുവൻ വിഴുങ്ങി പണം സമ്പാദിക്കുവാനുള്ള ക്വാറി മാഫിയ നടത്തുന്ന ഗൂഢനീക്കത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ഗ്രാമം. നാല് വർഷക്കാലമായി ജനകീയ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ടിരുന്ന ക്വാറിയും സമീപ ഭൂമികളിലും ക്വാറി തുടങ്ങുന്നതിന് വേണ്ടി റവന്യൂ, ജിയോളജി ഓഫീസുകൾ കേന്ദ്രീകരിച്ച് ഉന്നത രാഷ്ട്രീയ സ്വാധീനത്തിൽ പ്രവർത്തനം ആരംഭിച്ചു.        


ആയൂർകേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് ക്രഷർ കമ്പനിയ്ക്ക് ഏനാത്ത് സ്വദേശിയുടെ 16 ഏക്കർ ഭൂമി 12 വർഷത്തേക്ക് പാട്ടത്തിന് നൽകി കഴിഞ്ഞിരിക്കുകയാണ്. 80 ഡിഗ്രി ചരിവുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള കന്നിമലയിൽ പാറമട പ്രവർത്തതനത്തിന് അനുമതി നൽകരുതെെന്നാനാവശ്യപ്പെട്ട് ജില്ലാകളക്ടറെ കാണാൻ ഒരുങ്ങുകയാണ് കന്നിമലയിലെ അമ്മമാരും കുഞ്ഞുങ്ങളും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment