കീഴാറ്റൂര്‍ സമരം വിജയിക്കട്ടെ, അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കപ്പെടണം




കീഴാറ്റൂര്‍  സമരം  വിജയിക്കട്ടെ...


തരിശിടാത്ത  വയലിലൂടെ 10 മീറ്റര്‍ ഉയരത്തില്‍ 6 വരി പാതകടന്നു പോകുമ്പോള്‍ അത് കീഴാറ്റൂര്‍ ഗ്രാമത്തില്‍ അവശേഷിക്കുന്ന പച്ചപ്പിന്‍റെയും അന്ത്യം കുറിക്കും എന്ന് എന്തുകൊണ്ട് നേതാക്കൾ മനസ്സിലാക്കുന്നില്ല ? ഊഹ വിപണിയ്ക്കാരെ  നാണിപ്പിക്കും  വിധത്തിൽ തോടും നെല്‍പാടങ്ങളും ചതുപ്പുകളും കാടും അതിലെ ജീവികളും  വികസനത്തിന് മുന്നില്‍ വഴിമാറണം എന്ന് പറയുവാന്‍ ആര്‍ക്കണവകാശം? 


നെല്‍പാടങ്ങള്‍ നാടിന്‍റെ ജലവിതാനത്തെ നിയന്ത്രിക്കുന്നു. പുഴകള്‍ ഒഴുകുന്നതും വളരുന്നതും പാടങ്ങളുടെ സഹായത്താല്‍. ഒരു ഹെക്ടർ പാടത്ത് 3 മീറ്റര്‍ മഴയിലൂടെ 30 ലക്ഷം മുതൽ 300 ലക്ഷം ലിറ്റര്‍ വെള്ളം വരെ ഭൂമിക്കടിയില്‍ ഒഴുകി എത്തുന്നു . ചതുപ്പ് നിലങ്ങളില്‍ 200 ലധികം ജീവികള്‍ കഴിഞ്ഞു പോകുന്നുണ്ട്. ചതുപ്പ് നിലങ്ങളുടെ പ്രതി വര്‍ഷ സാമൂഹിക സേവനം ഹെക്റ്ററിന് 20 ലക്ഷം മുതൽ 103 ലക്ഷം രൂപ വരുമെന്ന് പറയുമ്പോള്‍ കേരളത്തിലെ ചതുപ്പ് നിലങ്ങളെ പരിഗണിക്കാത്ത/ അറിയാത്ത/അംഗീകരിക്കാത്ത  നേതാക്കള്‍ക്ക് നമ്മെ ഭരിക്കുവാന്‍ എന്തവകാശമാണ് ഉള്ളത് ? 


പാടവും പുഴയും കാടും ഉണ്ടാക്കുവാന്‍ കഴിവില്ലാത്ത നമുക്ക് , ആര്‍ക്കും സ്വന്തമല്ലാത്ത, കലാതീതമായ പ്രകൃതി വിഭവങ്ങളെ തകര്‍ക്കുന്ന നിലപാടുകളെടുക്കുവാന്‍ എന്താണവകാശം?   


ഒരു  കോടി പതിനഞ്ചു ലക്ഷം വാഹനമുള്ള നമ്മുടെ നാട്ടില്‍  2..2ലക്ഷം കിലോമീറ്റര്‍ റോഡ്‌ ഉണ്ട്. (55 വാഹനങ്ങള്‍ക്ക്  ഒരു KM ) 
റോഡുകള്‍ക്ക് വീതി കുറവാണ്.  വീതി വേണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരുണ്ടാകില്ല. നാടിന്‍റെ യാത്രാ പ്രശ്നം പരിഹരിക്കുവാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് മുന്നില്‍ പല വഴികള്‍ തുറക്കും. 
അവിടെ അവരുടെ വികസനത്തിന്‍റെ രാഷ്ട്രീയം  വെളിവാകപെടുന്നു.


യാത്ര പ്രശനം പരിഹരിക്കുവാന്‍ പൊതു വാഹനമോ  സ്വകാര്യ വാഹനമോ? റോഡ്‌,തീവണ്ടി, ജലം, വായൂ മാര്‍ഗ്ഗങ്ങളില്‍  എതായിരിക്കണം തെരഞ്ഞെടുക്കുക ? അതിന്‍റെ അടിസ്ഥാനം എന്തായിരിക്കണം ? റോഡുകള്‍ പണിയുമ്പോള്‍ എന്തായിരിക്കണം  സമീപനം? റോഡുകള്‍ PPP എന്ന (അമേരിക്കതന്നെ തള്ളിപറഞ്ഞ റീഗനോമിക്സ്സ് മാതൃക)പണം മുടക്കി യാത്രാരീതിയെ നമ്മള്‍ അംഗീകരിക്കണമോ ? 


4 വരി റോഡിന്‍റെ വീതി(3.5*4‍) 14 മീറ്റര്‍ മതി എന്നിരിക്കെ 30 മീറ്റർ റോഡുനിർമ്മാണത്തെ ജനങ്ങൾ സ്വാഗതം ചെയ്യുന്നു.,വടക്ക് കിഴക്കന്‍ സംസ്ഥനങ്ങളില്‍ റോഡു വീതി 20 മീറ്റര്‍ എന്ന് NH authority അംഗീകരിച്ചു എന്നിരിക്കെ കേരളത്തില്‍ 45 മീറ്റര്‍ വേണം എന്ന വാദത്തെ ശിരസാ വഹിക്കുവാന്‍ എന്തിനു നമ്മൾ തയ്യാറാകണം ?


കൊച്ചി മെട്രോ എന്ന സ്വപ്ന പദ്ധതി ലാഭത്തിലോടിക്കുക അസാധ്യമാണെന്നും  ഒരു കിലോമീറ്ററിന് 210 കോടി ചെലവുള്ള പദ്ധതി ബാധ്യതയാകും എന്നിരിക്കെ , ഒട്ടും വ്യത്യസ്തമല്ലാത്ത മോണോ റെയില്‍ പദ്ധതിയല്ല നഗരങ്ങളുടെ ഗതാഗത പ്രശ്നത്തിനുള്ള മറുപടി എന്ന് പറയുവാന്‍ കഴിവില്ലാത്ത  പാര്‍ട്ടിക്കാർ  കേരളത്തെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു.  

    
കമ്യുണിസ്റ്റ്കളുടെ രാഷ്ടീയമാണ് ലോകത്തോട് ആസൂത്രണത്തെപറ്റി പറഞ്ഞു വന്നത്. അതിന്‍റെ ഭാഗമായി കേരളവും ആസൂത്രണത്തെ പറ്റി വാചാലമായി. നാടിന്‍റെ ആസൂത്രണത്തില്‍ സ്കൂളും റോഡും ആശുപത്രിയും വീടും റേഷന്‍ കടയും ഒക്കെ ഉണ്ടാകണം എന്ന്‍ ആഗ്രഹിച്ചു. അങ്ങനെ വരുമാനം കുറവെങ്കിലും കേരളം വികസിത രാജ്യങ്ങള്‍ക്കൊപ്പം ജീവിത സൂചികയുടെ കാര്യത്തില്‍ 80 കളില്‍ തന്നെ ഇടംപിടിച്ചു. വടക്കേ മലബാറിലെ കമ്യുണിസ്റ്റ് നേതാക്കള്‍ കുഞ്ഞമ്പുവും കൂട്ടുകാരും നീലേശ്വരം കാടുകള്‍ സ്വകാര്യ വല്‍ക്കരിക്കുന്നതിനെതിരെ 1930 കളില്‍ സമരം നയിച്ചവരാണ്.


കാലം ഏറെ മാറി. പ്രകൃതിയെ പരിഗണിക്കാത്ത വികസനത്തെ തള്ളിപറയുവാന്‍ സമൂഹം കൂടുതല്‍ താല്‍പര്യം കാട്ടി എങ്കിലും ഭരണ സംവിധാനം മറുചേരിയിൽ ? കേരളം എന്ന മനോഹര പ്രദേശത്തിന്‍റെ കാടും മേടും പാടവും പുഴയും തീരവും ചുരുങ്ങി ചുരുങ്ങി വരുന്നു. 


നമുക്കു റോഡുകൾ  വേണം. അവ 4 വരി എങ്കിലുമാകണം. സംസ്ഥാനത്തെ 200 നടുത്തു വരുന്ന (ഇടത്തരം cum വൻ) നഗരങ്ങളുടെ കുരുക്കുകളിൽ നിന്ന് NHകളെ മോചിപ്പിക്കണം .തീവണ്ടി ഗതാഗതം മെച്ചപ്പെടണം (വേഗതയിലും സുരക്ഷയിലും )  സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കണം . ഗതാഗതം  ചിലവു കുറഞ്ഞതും ഒപ്പം കാർബൺ രഹിതവുമായിരിക്കണം .ബൈപ്പാസുകൾ എന്ന സങ്കല്പങ്ങൾക്കൊപ്പം /പകരം/ galvanised stell കൊണ്ടു നിർമ്മിച്ചതും 1  to 4 Km നീളമുള്ള  Elevated Over Bridges നഗരങ്ങളിൽ സ്ഥാപിക്കണം .


കീഴാറ്റൂർ സമരം കേരള നാടിന്റെ അവശേഷിക്കുന്ന വയലുകൾ സംരക്ഷിക്കുവാനും അതുവഴി സംസ്ഥാനം തുടരുന്ന തെറ്റായ വികസന സ്വപ്നങ്ങളെ ശരിയായ പാതയിലെത്തിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സമരത്തിന് Green Reporter ന്റെ അഭിവാദ്യങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment