കുട്ടനാടിനെ കരകയറ്റുമോ കേരളാ ബജറ്റ്




കേരളത്തിന്റെ തീരപ്രദേശം സംസ്ഥാനത്തിന്റെ സാമൂഹിക ജീവിതത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 590 കി.മീറ്റർ നീളമുള്ള കടൽ തീരം ഉപ്പു സത്യഗ്രഹത്തിനും തിരുവിതാംകൂർ പട്ടാളത്തിന്റെ അടിച്ചമർത്തലിനെതിരായ ചെറുത്തു നിൽപ്പുകൾക്കും സാക്ഷിയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം ആളുകൾ (2500 നടുത്ത് ) തിങ്ങിപാർക്കുന്ന തീരപ്രദേശങ്ങളിൽ മത്സ്യ ബന്ധന ത്തിനേർപ്പെട്ടു ജീവിക്കുന്നവർ 10 ലക്ഷത്തിലധികം വരും. കേരള ഖജനാവിലേക്ക് കാൽ ലക്ഷം കോടിയിലധികം വിദേശ നാണയം നേടി തരുന്ന മത്സ്യ ബന്ധന രംഗം നിരവധി പ്രതിസന്ധികളിൽ അകപ്പെട്ടതായി മനസ്സിലാക്കാം. മത്സ്യത്തിന്റെ തോതു കുറയുന്നു. മത്സ്യ ബന്ധന ചെലവുകൾ വർദ്ധിച്ചു.അറബിക്കടലിനു പരിചിതമല്ലാത്ത  ന്യൂന മർദ്ധവും അനുബന്ധ പ്രകൃതി ക്ഷോഭങ്ങളും സംസ്ഥാനത്തിന്റെ. 70% തീരങ്ങളെയും  കടലെടുത്തു വരുന്നു. 

 
സുനാമി മുതൽ കടലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം ഓഖിക്കു ശേഷം രൂക്ഷമായി. കടൽവെള്ളം നിരന്തരമായ ഉയരുന്നത് കായലിലെ ഉപ്പുരസം വർദ്ധിപ്പിച്ചു. നദികളിലൂടെ (കരമന നദിയിൽ 6 കി.മീറ്റർ ഉള്ളിലേക്ക് ) ഉപ്പു രസം കയറുന്നത് നദിയുടെ ആവാസ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കി. 


തീരദേശങ്ങളിലെ ഖനനങ്ങൾ, ആലപ്പാട് ഉൾപ്പെടുന്ന ഗ്രാമങ്ങളെ കടലിൽ മുക്കിക്കളയുന്നു. മൺട്രോതുരുത്ത് പോലെ പ്രത്യേകതകൾ ഉള്ള പ്രദേശങ്ങൾ വാസ യോഗ്യമല്ലാതെയായി. കുട്ടനാട് ലോകത്തിലെ അത്ഭുത നാടായി പരിഗണിക്കുവാൻ നിരവധി കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം കാർഷിക രംഗത്ത് വില്ലനായി പ്രവർത്തിക്കുന്നു. 2018ലെ വെള്ളപ്പൊക്കം, കുട്ടനാടും ആലപ്പുഴ ജില്ലയും എത്തി ച്ചേർന്ന പ്രതിസന്ധികൾ എത്ര ഭീകരമായി തീർന്നു എന്നു മനസ്സിലാക്കുവാനുള്ള  അവസരമായിരുന്നു. തീരങ്ങളിലുയരുന്ന വൻ പദ്ധതികൾ വരുത്തി വെക്കുന്ന  പാരിസ്ഥിതിക ആഘാതത്തെ മറക്കുവാൻ സർക്കാർ കാട്ടുന്ന വ്യഗ്രത തുടരുകയാണ്. 


സംസ്ഥാന ബജറ്റിലെ 25 ഇന പരിപാടികളിൽ നിന്നും, കുട്ടനാട്, ആലപ്പുഴ തുടങ്ങി പുലിമുട്ട് നിർമ്മാണം, താറാവ് വളർത്തൽ, 50 മീറ്റർ മാറി വീടു നിർമ്മാണം, തെങ്ങുകൃഷി, മൂല്യവർദ്ധിത കാർഷിയ ഉൽപ്പന്ന നിർമ്മാണം, മത്സ്യ ബന്ധന തുറമുഖം മുതലായ നിരവധി പദ്ധതികളെ പറ്റി മനസ്സിലാക്കുവാൻ കഴിയും. ഇത്തരം പ്രഖ്യാപനങ്ങൾ എത്രമാത്രം തീരപ്രദേശങ്ങളുടെയും അവിടെ ജീവിക്കുന്നവരുടെയും സംരക്ഷ ഒരുക്കുവാൻ സഹായിക്കും എന്നു പരിശോധിക്കേണ്ടതുണ്ട്.


സംസ്ഥാന തീരങ്ങളിൽ വെച്ച് എറ്റവും അധികം കടലാക്രമണങ്ങൾ ആവർത്തിക്കുന്ന തെക്കൻ തീരങ്ങളിൽ, അതിനുള്ള കാരണങ്ങളെ പറ്റി മൗനം അവലംബിക്കുന്ന സർക്കാർ, വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണങ്ങൾ  കടൽ തട്ടിലുണ്ടാക്കിയ ആഘാതങ്ങളെ തിരസ്ക്കരിച്ചു. ലക്ഷ ദ്വീപുകൾക്ക് തെക്കു മാറിസ്ഥിതി ചെയ്യുന്ന കടൽ പാരക്കുണ്ടായി കൊണ്ടിരിക്കുന്ന ക്ഷതങ്ങൾ കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയാണ്.


ഓഖി നാശത്തെ നേരിടുവാൻ കഴിഞ്ഞ ബജറ്റിൽ 2000 കോടിക്കൊപ്പം സർക്കാർ മാറ്റിവെച്ചു.  ഇപ്പോൾ 1000 കോടി രൂപ കൂടി മത്സ്യ ബന്ധന ഗ്രാമങ്ങൾക്കു നൽകുന്നു. കടൽ ഭിത്തിക്കു പകരം കണ്ടൽ കാടുകൾ  വെച്ചുപിടിപ്പിക്കുവാൻ 150 കോടി രൂപ ബജറ്റിൽ പറഞ്ഞിരുന്നു. എന്നാൽ എത്ര ദൂരം കണ്ടൽകാടുകൾ ഉണ്ടാക്കി എടുക്കുവാൻ വിജയിച്ചു എന്ന് സാമ്പത്തിക വിശകലനത്തിൽ പരാമർശിക്കുന്നില്ല. 10 ലക്ഷം വീതം കുടുംബങ്ങൾക്കു നൽകി കണ്ടൽകാട് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. കടൽ ക്ഷോഭം രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ, പാറ പൊട്ടിച്ചടുക്കി കടൽകയറ്റം നിയന്ത്രിക്കാം എന്ന കാലഹരണപ്പെട്ട സമീപനം ഈ ബജറ്റിൽ ആവർത്തിക്കുന്നുണ്ട്.


840 ച.കി.മീ. വിസ്തൃതിയുള്ള കുട്ടനാട്, കടൽനിരപ്പിനു മീറ്റർ താഴെ സ്ഥിതി ചെയ്യുന്നതും 4 നദികൾ (അച്ചൻകോവിലാർ, പമ്പ, മീനച്ചിലാർ, മണിമലയാർ) വന്നു ചേരുന്നതുമായ വേമ്പനാടു കായലിന്റെ തുരുത്തുകളാണ്. കുട്ടനാടിന്റെ ഫല ഭൂയിഷ്ഠതക്കുള്ള ഒരു കാരണം അവിടുത്തെ പുഞ്ച നിലങ്ങളുടെ പ്രത്യേകതയാണ്. പരന്നു കിടക്കുന്ന  പാടങ്ങൾ, അവയെ ചുറ്റി തോടുകൾ, തോടുകളും മറ്റു തണ്ണീർ തടങ്ങളും ഡെൽറ്റ പ്രദേശത്തെയും കായലിനേയും ബന്ധിപ്പിച്ചു. കുട്ടനാടിലെ വലിയ റോഡുകളും നിർമ്മാണങ്ങളും വെള്ളത്തിന്റെ ഒഴുക്കുകളെ തടഞ്ഞു. തലങ്ങും വിലങ്ങും ഉണ്ടാക്കിയ നിർമ്മാണങ്ങൾ കുട്ടനാടിന്റെ ജലശ്രോതസ്സുകളെ അറകളാക്കി തിരിച്ചു. കനാലുകളുടെ ഒഴുക്കു നിലക്കുവാൻ കാരണമായി. തോട്ടങ്ങളിലെ  കീടനാശിനിയും മറ്റും മനുഷ്യർക്കും ജലജീവികൾക്കും പുതിയ രോഗങ്ങൾ  നൽകി. കുട്ടനാടിനെ രക്ഷിക്കുവാൻ ലക്ഷ്യം വെച്ച് നിലവിൽ വന്ന സ്വാമി നാഥൻ കമ്മീഷൻ പദ്ധതി 1870  + കോടി രൂപയുടെതായിരുന്നു. എന്നാൽ അത് കേവലം പരിസ്ഥിതി വിരുദ്ധ നിർമ്മാണങ്ങൾ മാത്രമായി ചുരുങ്ങി. 


പുതിയ ബജറ്റിൽ 1000 കോടി വകവെച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ദുരന്തം ബാധിച്ച ഗ്രാമങ്ങൾക്കായി മാറ്റി വെച്ച 250 കോടി രൂപയിൽ ഒരു പങ്കും കുട്ടനാടിനു  ലഭിക്കും. പക്ഷേ കുട്ടനാടിന്റെ പ്രതിസന്ധികളെ സമയബന്ധിതമായി പരിഹരിക്കുവാൻ സർക്കാർ പദ്ധതികൾ വിജയിക്കുമോ ?


കുട്ടനാടിന്റെ പഴയ കാല ജല ജൈവ പരിസരത്തെ തിരിച്ചുപിടിക്കണമെങ്കിൽ...


1. നദികൾക്ക് സ്വാഭാവികമായി ഒഴുകുവാൻ അവസരം, ബണ്ടുകളെ പറ്റി പഠനം. 


2. ജലയാനങ്ങൾക്കു നിയന്ത്രണം പരിസ്ഥിതി സൗഹൃദവും മലിന രഹിതവുമായ ടൂറിസം. Carbon NeutraITourism


3. കുട്ടനാടിനും ആലപ്പുഴക്കുമായി പ്രത്യേക നിർമ്മാണ ചട്ടങ്ങൾ


4.കൃഷിയെ തിരിച്ചുപിടിക്കൽ, ജൈവ കൃഷി രീതികൾ,  4. ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കൽ. തെങ്ങുകൃഷി പ്രാേത്സാഹിപ്പിക്കൽ ,നീര, കയർ  നിർമ്മാണ പദ്ധതി ലോക മാർക്കറ്റിനെ മുന്നിൽ കണ്ട്


5.തീരദേശ ഖനനം പഠനങ്ങൾക്കു ശേഷം മാത്രം. അതിന്റെ പ്രധാന ഗുണ ഭോക്താക്കൾ തീരദേശവാസികളായിരിക്കുവാൻ ശ്രദ്ധ


6.വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുവാൻ കഴിയുന്ന നിർമ്മാണരീതി.(നെതർലന്റ് ലെ പാെങ്ങിക്കിടക്കുന്ന വീടുകളെയും തായ്‌ലാന്റിലെ തൂണുകൾക്കു മുകളിലെ നിർമ്മാണവും മാതൃക) 


7. കടൽ തീരങ്ങളിൽ മൺതിട്ടകൾ രൂപപ്പെടുത്തൽ (Sand dunes ) . 
ജപ്പാൻ മാതൃകയിൽ കാടുകൾ വെച്ചു പിടിപ്പിക്കൽ.


8. വെള്ളപ്പൊക്കം ,മറ്റു പ്രകൃതി ദുരന്തങ്ങളെ നേരിടുവാൻ ഗ്രാമതരത്തിൽ പരിശീലനം ലഭിച്ച ജനകീയ സേന. പകർച്ചവ്യാധികളെ തടയുവാൻ പ്രത്യേക ശ്രദ്ധ


9. ജലഗതാഗതത്തെ ആധുനികവൽക്കരിക്കൽ, പ്രോത്സാഹിപ്പിക്കൽ, സൗരോർജ്ജ വാഹനങ്ങളിലേക്കുള്ള മാറ്റം


കുട്ടനാടിനെയും കേരള തീരത്തെയും പഴയ പ്രതാപത്തിലേക്കു തിരിച്ചു കൊണ്ടു വരുവാൻ കഴിയണമെങ്കിൽ ഉള്ളടക്കം നഷ്ടപ്പെട്ട തീരദേശ സംരക്ഷണ നിയമത്തെ ശക്തമാക്കുവാൻ നമുക്കു കഴിയണം. തീരദേശ നിയമത്തെ അട്ടിമറിക്കുന്നതിൽ പ്രത്യേകം താൽപര്യം കാട്ടിയ ഇടതുപക്ഷ സർക്കാർ ബജറ്റിന്റെ തീരദേശ സംബന്ധിയായ പ്രഖ്യാപനങ്ങൾ ആശാവഹമല്ല എന്നു മനസ്സിലാക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment